സെക്കൻഡ് ഹാൻഡ് ഐഫോൺ വാങ്ങാൻ പ്ലാനുണ്ടോ? കാത്തിരിക്കുന്നത് വൻ കുരുക്ക്; നാദാപുരം കവർച്ചാ ഫോണുകൾ വിപണിയിലേക്ക്; ചെറിയൊരു അശ്രദ്ധ നിങ്ങളെ എത്തിക്കുക ജയിലിൽ!
കാസർഗോഡ്: വിലക്കുറവിന്റെ പ്രലോഭനത്തിൽ വീണ് സെക്കൻഡ് ഹാൻഡ് ഐഫോണുകൾ വാങ്ങാൻ ഒരുങ്ങുന്നവർക്ക് പോലീസിന്റെ കർശന മുന്നറിയിപ്പ്. അവിശ്വസനീയമായ വിലക്കുറവിൽ ലഭിക്കുന്ന ഫോണുകൾ വാങ്ങിയാൽ പണം നഷ്ടപ്പെടുന്നതിനൊപ്പം നിങ്ങളെ കാത്തിരിക്കുന്നത് ജയിൽ ശിക്ഷയും കടുത്ത ക്രിമിനൽ നടപടികളുമാകും. കോഴിക്കോട് നാദാപുരത്ത് മൊബൈൽ ഷോറൂം കുത്തിത്തുറന്ന് കവർന്ന മുക്കാൽ കോടിയോളം രൂപ വിലമതിക്കുന്ന 92 ഐഫോണുകൾ കുറഞ്ഞ വിലയ്ക്ക് വിറ്റഴിച്ച് പണമാക്കാൻ കവർച്ചാ സംഘം നീക്കം നടത്തുന്നതായുള്ള വിവരത്തെ തുടർന്നാണിത്.
മോഷ്ടിച്ച മുതൽ കൈവശം വെക്കുന്നത് ഇന്ത്യൻ ശിക്ഷാനിയമപ്രകാരം മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ കുറ്റമാണ്. മോഷ്ടാക്കൾ തുച്ഛമായ തുകയ്ക്ക് ഫോണുകൾ വിൽക്കാൻ ശ്രമിക്കുന്നത് പ്രധാനമായും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, വ്യാജ ഓൺലൈൻ പരസ്യങ്ങൾ, ചെറിയ മൊബൈൽ കടകൾ ഇടനിലക്കാർ എന്നിവർ വഴിയാണ്. ഇത്തരം ഫോണുകൾ വാങ്ങിയാൽ സംഭവിക്കുന്ന ദോഷഫലങ്ങൾ അതീവ ഗുരുതരമാണ്, മോഷണമുതലാണെന്ന് അറിഞ്ഞോ അറിയാതെയോ വാങ്ങിയാലും, ‘മോഷണമുതൽ കൈവശം വെക്കൽ’ (Receiving stolen property) എന്ന വകുപ്പ് ചുമത്തി പോലീസ് നിങ്ങളെ പ്രതിചേർക്കും. നേരിട്ട് കവർച്ചയിൽ പങ്കില്ലെങ്കിലും മോഷ്ടാവിനൊപ്പം വിചാരണ നേരിടേണ്ടി വരും. പോലീസ് അന്വേഷണത്തിൽ ഫോൺ കണ്ടെത്തിയാൽ അത് ഉടൻ തൊണ്ടിമുതലായി കോടതിയിൽ ഹാജരാക്കും. നിങ്ങൾ നൽകിയ പണം തിരികെ ലഭിക്കില്ലെന്ന് മാത്രമല്ല, നിയമപോരാട്ടങ്ങൾക്കായി വൻ തുക കോടതിയിലും വക്കീലിനുമായി ചെലവാക്കേണ്ടിയും വരും. ഐഫോണുകളുടെ ഐഎംഇഐ (IMEI) നമ്പറുകൾ സൈബർ പോലീസിന്റെ കർശന നിരീക്ഷണത്തിലാണ്. ഫോൺ ഓൺ ചെയ്യുന്ന നിമിഷം തന്നെ ടവർ ലൊക്കേഷൻ സൈബർ സെല്ലിന് ലഭിക്കും. കൂടാതെ, ആപ്പിൾ കമ്പനി വഴി ഫോണുകൾ ശാശ്വതമായി ‘ബ്ലോക്ക്’ (iCloud/IMEI Blacklist) ചെയ്യപ്പെടുന്നതോടെ ഇത് വെറുമൊരു കളിപ്പാട്ടമായി മാറും.

നാദാപുരം കവർച്ചാ കേസ്: അന്വേഷണം കാസർകോട്ടേക്ക്
നാദാപുരം മെയിൻ റോഡിലെ ‘ഇ സിറ്റി ആപ്പിൾ പ്രോ സ്റ്റോർ’ എന്ന ഷോറൂമിൽ പുലർച്ചെ മൂന്ന് മണിയോടെ ഷട്ടറും ഗ്ലാസ് ഡോറും തകർത്താണ് കവർച്ച നടന്നത്. തലേദിവസം എത്തിച്ച പുത്തൻ മോഡലുകൾ അടക്കം 75 ലക്ഷം രൂപ വിലവരുന്ന 92 ഐഫോണുകളും മേശയിലുണ്ടായിരുന്ന 60,600 രൂപയും സിസിടിവി ഹാർഡ് ഡിസ്കും സംഘം അപഹരിച്ചു.
നേരത്തെ മോഷ്ടിച്ച ബൈക്കിലെത്തിയ രണ്ടംഗ സംഘം കവർച്ചക്ക് ശേഷം വടക്കൻ കേരളത്തിലേക്ക് കടക്കുകയായിരുന്നു. ഈ ബൈക്ക് കാസർകോട്ടെ ചന്ദ്രഗിരിപ്പുഴയിൽ തള്ളിയ നിലയിൽ കണ്ടെത്തിയതോടെ പ്രതികൾ കാസർകോട് കേന്ദ്രീകരിച്ച് ഒളിവിൽ കഴിയുകയാണെന്ന നിഗമനത്തിലാണ് പോലീസ്.
അംഗീകൃത ബില്ലോടുകൂടിയും ഐഎംഇഐ നമ്പർ ഉറപ്പുവരുത്തിയും വിശ്വസനീയമായ ഷോറൂമുകളിൽ നിന്ന് മാത്രം ഫോണുകൾ വാങ്ങുക. ഓൺലൈനിലൂടെയോ അപരിചിതരിൽ നിന്നോ കൃത്യമായ രേഖകളില്ലാതെ ലഭിക്കുന്ന ഫോണുകൾ ‘ നിങ്ങളുടെ ജീവിതം തന്നെ തകിടം മറിച്ചേക്കാം.



