നാദാപുരത്ത് മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് 75 ലക്ഷത്തിന്റെ ഐഫോൺ കവർച്ച: മോഷ്ടാക്കൾ സഞ്ചരിച്ച ബൈക്ക് ചന്ദ്രഗിരിപ്പുഴയിൽ ഉപേക്ഷിച്ച നിലയിൽ; അന്വേഷണം കാസർകോട്ടേക്ക്
കാസർഗോഡ് : കോഴിക്കോട് നാദാപുരത്ത് മൊബൈൽ ഷോറൂം കുത്തിത്തുറന്ന് മുക്കാൽ കോടിയോളം രൂപ വിലവരുന്ന 92 ഐഫോണുകളും പണവും കവർന്ന കേസിൽ അന്വേഷണം കാസർകോട് ജില്ലയിലേക്ക് വ്യാപിപ്പിച്ചു. മോഷണം നടത്തിയ ശേഷം പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ച ബൈക്ക് കാസർകോട്ടെ ചന്ദ്രഗിരിപ്പുഴയിൽ തള്ളിയ നിലയിൽ അന്വേഷണ സംഘം കണ്ടെത്തി. മോഷ്ടാക്കൾ സഞ്ചരിച്ച വാഹനം കണ്ടെത്തിയതോടെ ഇവർ കാസർകോട് കേന്ദ്രീകരിച്ച് ഒളിവിൽ പോയെന്ന നിഗമനത്തിലാണ് പോലീസ്.

നാദാപുരം മെയിൻ റോഡിൽ അടുത്തിടെ പ്രവർത്തനം ആരംഭിച്ച ‘ഇ സിറ്റി ആപ്പിൾ പ്രോ സ്റ്റോർ’ എന്ന ആപ്പിൾ ഷോറൂമിലാണ് പുലർച്ചെ മൂന്ന് മണിയോടെ വൻ കവർച്ച നടന്നത്. വില്യാപ്പള്ളി സ്വദേശി റിയാസിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം. കടയുടെ ഷട്ടറും ഉള്ളിലെ ഗ്ലാസ് ഡോറും തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. തലേദിവസം എത്തിച്ച 15 ലക്ഷം രൂപയുടെ പുതിയ മോഡലുകൾ ഉൾപ്പെടെ, കടയിലുണ്ടായിരുന്ന 75 ലക്ഷം രൂപ വിലമതിക്കുന്ന 92 ഐഫോണുകളും മേശയിലുണ്ടായിരുന്ന 60,600 രൂപയുമാണ് സംഘം അപഹരിച്ചത്. തെളിവ് നശിപ്പിക്കുന്നതിനായി കടയിലെ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്ന ഹാർഡ് ഡിസ്ക് അടക്കം കവർച്ചാ സംഘം കൈക്കലാക്കിയിരുന്നു.
നേരത്തെ മോഷ്ടിച്ച ബൈക്കിലാണ് രണ്ടംഗ കവർച്ചാ സംഘം നാദാപുരത്തെ കടയിലെത്തിയത്. തുടർന്ന് മൊബൈൽ ഫോണുകളുമായി ഇതേ വാഹനത്തിൽ ഇവർ കടന്നുകളയുകയായിരുന്നു. തലശ്ശേരി ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിലെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചതിൽ നിന്നാണ് പ്രതികൾ വടക്കൻ കേരളത്തിലേക്ക് സഞ്ചരിച്ചതായുള്ള സൂചനകൾ പോലീസിന് ലഭിച്ചത്. രാവിലെ ഏഴ് മുതൽ എട്ട് മണിയോടെ സംഘം കാസർകോട് എത്തിയതായാണ് നിഗമനം. ഇതിനുശേഷമാണ് ബൈക്ക് ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് ഉപേക്ഷിച്ച നിലയിൽ പോലീസ് കണ്ടെത്തിയത്.
പുലർച്ചെ മൂന്ന് മണിയോടെ കട കുത്തിത്തുറന്ന് കവർച്ച നടത്തിയ സംഘം മോഷ്ടിച്ച ബൈക്കിലാണ് കടന്നുകളഞ്ഞതെന്നും, തലശ്ശേരി ഭാഗങ്ങളിൽ നിന്നടക്കം ശേഖരിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം കാസർകോട്ടേക്ക് എത്തിയത് . ശാസ്ത്രീയ തെളിവുകളുടെയും നിരീക്ഷണ ക്യാമറകളുടെയും സഹായത്തോടെ പ്രതികളെ കണ്ടെത്താനുള്ള ഊർജിതമായ നീക്കത്തിലാണ് അന്വേഷണ സംഘം .



