bncmalayalam.in

പുതിയ വൈദ്യുതി കണക്ഷൻ ഫീസ് കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ തിരിച്ചടി, ആശ്വാസം പോസ്റ്റും ലൈനും ആവശ്യമുള്ളവർക്ക് മാത്രം

607: പുതിയ വൈദ്യുതി കണക്ഷൻ ഫീസ് കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ തിരിച്ചടി, ആശ്വാസം പോസ്റ്റും ലൈനും ആവശ്യമുള്ളവർക്ക് മാത്രം

പുതിയ വൈദ്യുതി കണക്ഷൻ ഫീസ് കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ തിരിച്ചടി, ആശ്വാസം പോസ്റ്റും ലൈനും ആവശ്യമുള്ളവർക്ക് മാത്രം

സംസ്ഥാനത്ത് പുതിയ വൈദ്യുതി കണക്ഷൻ എടുക്കുന്നതിനുള്ള നിരക്കുകൾ റെഗുലേറ്ററി കമ്മിഷൻ കുത്തനെ കൂട്ടി. ചില വിഭാഗങ്ങളിൽ മൂന്നിരട്ടിയോളം വർധനവോടെ ഒക്ടോബർ 12 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. ലൈനിൽനിന്ന് 200 മീറ്ററിനുള്ളിൽ പുതിയ പോസ്റ്റോ അധിക വയറോ ട്രാൻസ്‌ഫോർമറോ ആവശ്യമുള്ളവർക്കും, ഇവയൊന്നും ആവശ്യമില്ലാതെ തൊട്ടടുത്ത് ലൈനുള്ളവർക്കും ഒരേ നിരക്ക് നിശ്ചയിച്ചതാണ് സാധാരണക്കാർക്ക് തിരിച്ചടിയാകുന്നത്.

നേരത്തെ പോസ്റ്റോ അധിക വയറോ വേണ്ടാത്തവർ വളരെ കുറഞ്ഞ തുക മാത്രം നൽകിയാൽ മതിയായിരുന്നു. എന്നാൽ ഇനിമുതൽ വീടിന് തൊട്ടുമുന്നിൽ പോസ്റ്റുണ്ടെങ്കിൽ പോലും പോസ്റ്റും മറ്റ് അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ച് കണക്ഷൻ എടുക്കുന്നയാളുടെ അതേ ഉയർന്ന ഫീസ് തന്നെ നൽകേണ്ടി വരും. ഇതോടെ വീടിനടുത്ത് ലൈനുള്ള ഭൂരിഭാഗം സാധാരണക്കാർക്കും വലിയ സാമ്പത്തിക നഷ്ടമുണ്ടാകും. അതേസമയം, ദൂരസ്ഥലങ്ങളിൽനിന്ന് പോസ്റ്റും മറ്റും സ്ഥാപിച്ച് വൈദ്യുതി എത്തിക്കേണ്ടവർക്ക് വലിയ ചെലവില്ലാതെ പുതിയ കണക്ഷൻ ലഭ്യമാകുമെന്നതാണ് പുതിയ പരിഷ്കാരത്തിലെ ഏക ആശ്വാസം.

വീടുകളിലെ സിംഗിൾ ഫെയ്‌സ് കണക്ഷനുകളിൽ വലിയ വർധനവാണ് വരുത്തിയിട്ടുള്ളത്. രണ്ട് കിലോവാട്ട് വരെയുള്ള കണക്ഷന് ഇനി 2000 രൂപ നൽകണം. നേരത്തെ അഞ്ച് കിലോവാട്ട് വരെ കണക്ഷന് 1740 രൂപയായിരുന്ന സ്ഥാനത്താണിത്. രണ്ട് മുതൽ അഞ്ച് കിലോവാട്ട് വരെയുള്ള വീടുകൾക്ക് ഇത് 1740 രൂപയിൽനിന്ന് ഒറ്റയടിക്ക് 5000 രൂപയായി ഉയർത്തി. ചെറിയ കടകളും വാണിജ്യ സ്ഥാപനങ്ങളും ഉൾപ്പെടുന്ന ഗാർഹികേതര കണക്ഷനുകൾക്ക് ഒരു കിലോവാട്ട് വരെ 2500 രൂപയും, രണ്ട് കിലോവാട്ട് വരെ 3000 രൂപയുമാണ് പുതിയ നിരക്ക്.

ത്രീഫെയ്‌സ് കണക്ഷനുകളുടെ നിരക്കിലും വൻ കുതിച്ചുചാട്ടമാണുണ്ടായത്. വീടുകളിലും സ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന അഞ്ച് മുതൽ ഏഴ് കിലോവാട്ട് വരെയുള്ള ത്രീഫെയ്‌സിന് 8000 രൂപയും, ഏഴ് മുതൽ പത്ത് കിലോവാട്ട് വരെ 10,000 രൂപയും അടയ്ക്കണം. മുൻപ് പത്ത് കിലോവാട്ട് വരെ വെറും 4220 രൂപ മാത്രമായിരുന്നു ഫീസ്. ലോഡ് കൂടുംതോറും ഫീസ് നിരക്കും കുതിച്ചുയരും. പത്ത് മുതൽ മുപ്പത് കിലോവാട്ട് വരെയുള്ളതിന് കിലോവാട്ടിന് 1560 രൂപ തോതിലാണ് നൽകേണ്ടത്. ഇതനുസരിച്ച് 25 കിലോവാട്ടിന് മുൻപ് 14,420 രൂപ നൽകിയിരുന്ന സ്ഥാനത്ത് ഇനി 39,000 രൂപ ചെലവാകും. മുപ്പത് മുതൽ നാൽപ്പത് കിലോവാട്ട് വരെ ഓരോ കിലോവാട്ടിനും 2890 രൂപയും, അൻപത് മുതൽ നൂറ് കിലോവാട്ട് വരെ കിലോവാട്ടിന് 5670 രൂപയുമാണ് നിരക്ക്. അൻപത് കിലോവാട്ട് ലോഡുള്ള കണക്ഷന് മുൻപ് 21,750 രൂപ നൽകിയിരുന്നിടത്ത് ഇനി 2.11 ലക്ഷം രൂപയോളം വരും. എന്നാൽ ഈ വിഭാഗത്തിൽ ട്രാൻസ്‌ഫോർമർ വേണ്ടിവന്നാൽ അധിക തുക നൽകേണ്ടതില്ല. ലോഡ് മാറ്റാതെ സിംഗിൾ ഫെയ്‌സ് കണക്ഷൻ ത്രീ ഫെയ്‌സ് ആക്കി മാറ്റാൻ കിലോവാട്ടിന് 700 രൂപ വീതം നൽകണം.

നിരക്കുകൾ കിലോവാട്ട് അടിസ്ഥാനത്തിൽ ഏകീകരിച്ചതിനാൽ ഉപഭോക്താക്കൾക്ക് അപേക്ഷ സമർപ്പിക്കുന്നതിനൊപ്പം തന്നെ ഫീസ് അടയ്ക്കാനാകും. മുൻപ് കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി എസ്റ്റിമേറ്റ് തയ്യാറാക്കുന്നതുവരെ കാത്തിരിക്കേണ്ടിയിരുന്ന കാലതാമസം ഇതുവഴി ഒഴിവാകും. നിലവിലെ ലൈനിൽനിന്ന് 200 മീറ്ററിനപ്പുറമുള്ള കണക്ഷനുകൾക്ക് ഇപ്പോൾ പഴയ നിരക്ക് തന്നെ തുടരുമെങ്കിലും രണ്ടുമാസത്തിനകം ഇതിലും നിരക്ക് പരിഷ്കരിച്ച് ശുപാർശ നൽകാൻ കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *