bncmalayalam.in

കുടുങ്ങിയത് ഒരു ഗ്രാം എംഡിഎംഎ, തകർന്നത് സിനിമയെ വെല്ലുന്ന ലഹരി-പ്രണയ നാടകം: കാസർകോട് ‘ഫാമിലി ട്രിപ്പ്’ പൊളിഞ്ഞ കഥ

കുടുങ്ങിയത് ഒരു ഗ്രാം എംഡിഎംഎ, തകർന്നത് സിനിമയെ വെല്ലുന്ന ലഹരി-പ്രണയ നാടകം: കാസർകോട് ‘ഫാമിലി ട്രിപ്പ്’ പൊളിഞ്ഞ കഥ

കുടുങ്ങിയത് ഒരു ഗ്രാം എംഡിഎംഎ, തകർന്നത് സിനിമയെ വെല്ലുന്ന ലഹരി-പ്രണയ നാടകം: കാസർകോട് ‘ഫാമിലി ട്രിപ്പ്’ പൊളിഞ്ഞ കഥ

കാറിന്റെ പിൻസീറ്റിൽ നിഷ്കളങ്കമായി ചിരിക്കുന്ന ഒരു കുഞ്ഞ്, മുൻസീറ്റിൽ സന്തുഷ്ട കുടുംബത്തെപ്പോലെ ഒരു ആണു പെണ്ണും; ഒറ്റനോട്ടത്തിൽ ആർക്കും തോന്നാം ഇതൊരു മനോഹരമായ സായാഹ്ന യാത്രയാണെന്ന്. എന്നാൽ ചെർക്കള മേൽപ്പാലത്തിന് സമീപം വ്യാഴാഴ്ച വൈകുന്നേരം അരങ്ങേറിയത് സിനിമയെ വെല്ലുന്ന ഒരു ചേസിങ്ങും ഒടുവിൽ ലഹരിയുടെ കാണാപ്പുറങ്ങൾ വെളിച്ചത്തുകൊണ്ടുവന്ന അറസ്റ്റുമായിരുന്നു.

‘ഓപ്പറേഷൻ തൂഫാൻ’ പട്രോളിംഗിനിറങ്ങിയ വിദ്യാനഗർ എസ്ഐ വിജയൻ മേലത്തിനെയും സംഘത്തെയും കണ്ടതും മുന്നിൽ പോയ കാർ പെട്ടെന്നാണ് വെട്ടിത്തിരിഞ്ഞത്. വൺവേ തെറ്റിച്ച് അമിതവേഗത്തിൽ പാഞ്ഞ കാറിന് പിന്നാലെ സൈറൺ മുഴക്കി പൊലീസ് ജീപ്പും കുതിച്ചു. ഒടുവിൽ വാഹനം തടഞ്ഞു നിർത്തുമ്പോൾ അതിലുണ്ടായിരുന്നത് ചട്ടഞ്ചാൽ എയ്യള സ്വദേശി മുഹമ്മദ് ഫൈസലും പൊയ്‌നാച്ചിയിൽ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന തസ്ലിം ഫർസാനയുമായിരുന്നു. ‘ഫാമിലി’ വേഷം കെട്ടി പൊലീസിന്റെ കണ്ണുവെട്ടിക്കാൻ നോക്കിയെങ്കിലും ഫൈസലിന്റെ പാന്റ്സിന്റെ കീശയിൽ നിന്ന് കണ്ടെടുത്ത ആ ഒരു ഗ്രാം എംഡിഎംഎ ആ നാടകത്തിന്റെ തിരശ്ശീല വീഴ്ത്തി.

kasaragod-mdma-seizure-arrest-operation-thoofan-cherkala

പക്ഷേ കഥ അവിടെ തീരുന്നില്ല, അവിടെ നിന്നാണ് തുടങ്ങുന്നത്. ഒരു ഗ്രാം ലഹരിമരുന്ന് മാത്രമാണ് പിടിച്ചെടുത്തതെങ്കിലും പ്രദേശത്തെ പ്രധാന ലഹരി വിതരണക്കാരനാണ് ഫൈസലെന്ന് പൊലീസിന് വ്യക്തമായ വിവരമുണ്ട്. ഫൈസലിന്റെ അനിയന്ത്രിതമായ ലഹരി ഉപയോഗവും ഇടപാടുകളും കാരണം ഗതികെട്ട ആദ്യഭാര്യ മക്കളെയുമെടുത്ത് ദുബായിലേക്ക് കടന്നുകളഞ്ഞതാണ്. ഫർസാനയാകട്ടെ, ദാമ്പത്യപ്രശ്നങ്ങൾ കാരണം സ്വന്തം ഭർത്താവുമായി വിവാഹമോചനത്തിന്റെ അവസാന വക്കിലും. ഫൈസലിന്റെ സകലമാന കച്ചവടങ്ങളെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടായിരുന്ന ഫർസാന അബദ്ധത്തിൽ കാറിൽ കയറിയതല്ലെന്ന് പൊലീസ് ഉറപ്പിക്കുന്നു.

ഈ കേസ് ബാക്കിവെക്കുന്നത് വിചിത്രമായ മറ്റൊരു സാമൂഹിക വൈരുദ്ധ്യം കൂടിയാണ്. നാട്ടിൽ വിയർപ്പൊഴുക്കി മാന്യമായി ജോലി ചെയ്യുന്ന സാധാരണക്കാരായ ചെറുപ്പക്കാർക്ക് വിവാഹം കഴിക്കാൻ ഒരു പെൺകുട്ടിയെ കിട്ടാതെ അലയുമ്പോഴാണ്, ലഹരിയുടെ പുകമറയിൽ ജീവിക്കുന്ന ഇത്തരം ആളുകൾക്ക് ഒരേസമയം അരഡസനോളം കാമുകിമാർ വലയം തീർക്കുന്നത്! അതിലുമേറെ കൗതുകം, ഇവരുടെ വഴിവിട്ട അധോലോക ഇടപാടുകളെക്കുറിച്ച് വ്യക്തമായി അറിഞ്ഞിട്ടും ഈ വലയിൽ വീഴാൻ പെൺകുട്ടികൾ തയ്യാറാകുന്നു എന്നതാണ്.

കസ്റ്റഡിയിലെടുത്ത മൂന്ന് ഫോണുകളിലാണ് ഇനി പൊലീസിന്റെ കണ്ണ്. ആ ഫോണുകൾ തുറക്കുന്നതോടെ ഫൈസലിന്റെ മൊത്തവിതരണ ശൃംഖലയുടെ ഉറവിടവും അദ്ദേഹത്തിന്റെ പിന്നാമ്പുറ രഹസ്യങ്ങളും ഒന്നൊന്നായി പുറത്തുവരും. എസ്ഐ കെ.വി ജഗദീശൻ, എഎസ്ഐ പ്രദീപ് കുമാർ, സുജീഷ്, സന്ധ്യ, സുരേഷ് ബാബു എന്നിവരടങ്ങിയ സംഘത്തിന്റെ ജാഗ്രതയിൽ ഒരു ലഹരി നാടകം കൂടി കട്ടപ്പൊകയായി.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *