പാർട്ടി വിലക്കിന് പുല്ലുവില? പാളയം പ്രദീപിനായി വളഞ്ഞ വഴി തേടി രമ്യ ഹരിദാസ്; മുൻകാല പ്രാബല്യത്തോടെ നിയമിക്കാൻ കത്ത്
തിരുവനന്തപുരം: സ്വന്തം പാർട്ടി അച്ചടക്കലംഘനത്തിന് സസ്പെൻഡ് ചെയ്ത നേതാവിനെ പേഴ്സണൽ സ്റ്റാഫിൽ നിലനിർത്താൻ രമ്യ ഹരിദാസ് എം.എൽ.എ നടത്തിയ നീക്കം കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കുന്നു. പാർട്ടി നടപടി നേരിടുന്ന പാളയം പ്രദീപിനെ മുൻകാല പ്രാബല്യത്തോടെ തന്റെ അഡീഷണൽ പി.എ ആയി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് രമ്യ ഹരിദാസ് നിയമസഭാ സെക്രട്ടറിക്ക് കത്ത് നൽകി. കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ ശക്തമായ എതിർപ്പും കെ.പി.സി.സി തീരുമാനങ്ങളും പാടെ അവഗണിച്ചാണ് എം.എൽ.എയുടെ ഈ നടപടിയെന്നാണ് ഉയരുന്ന പ്രധാന വിമർശനം.

ഔദ്യോഗിക ലെറ്റർപാഡിലാണ് രമ്യ ഹരിദാസ് നിയമസഭയ്ക്ക് കത്ത് സമർപ്പിച്ചത്. 2026 മെയ് 21 മുതൽ മുൻകാല പ്രാബല്യത്തോടെ പ്രദീപിനെ നിയമിക്കണമെന്നാണ് ആവശ്യം. സംഘർഷം നടക്കുന്നതിന് മുൻപുള്ള തീയതി വെച്ച് നൽകിയ കത്ത് വിവാദമായതോടെ, തീയതി തിരുത്തി നൽകാൻ നിയമസഭാ സെക്രട്ടറിയേറ്റ് നിർദ്ദേശിച്ചതായാണ് റിപ്പോർട്ടുകൾ. അന്ന് മുതൽ പ്രദീപ് തന്നോടൊപ്പം പ്രവർത്തിക്കുന്നുണ്ടെന്നാണ് എം.എൽ.എയുടെ വിശദീകരണം.
ആദ്യം സ്പീക്കറുടെ ഓഫീസിനെയാണ് രമ്യ ഹരിദാസ് ഇതിനായി സമീപിച്ചത്. എന്നാൽ നിയമസഭാ സെക്രട്ടറിക്കാണ് ഇത്തരം ശുപാർശകൾ നൽകേണ്ടതെന്ന് സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കിയതോടെ കത്ത് സെക്രട്ടറിയുടെ ഓഫീസിലേക്ക് മാറ്റുകയായിരുന്നു.
ഗ്രൂപ്പ് സമവാക്യങ്ങളും അച്ചടക്ക നിർദ്ദേശങ്ങളും വകവെക്കാതെ സ്വന്തം താത്പര്യങ്ങൾക്ക് മുൻഗണന നൽകുന്ന സമീപനമാണ് എം.എൽ.എയുടേതെന്ന ആരോപണം കോൺഗ്രസ് പ്രാദേശിക തലത്തിൽ ശക്തമായിട്ടുണ്ട്. നേതൃത്വം നടപടിയെടുത്ത ഒരു വ്യക്തിയെ നിയമസഭയുടെ ആനുകൂല്യങ്ങൾ പറ്റി ഒപ്പം നിർത്താൻ ശ്രമിക്കുന്നത് പാർട്ടിക്ക് പൊതുസമൂഹത്തിൽ വലിയ അതൃപ്തി ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ. വിഷയത്തിൽ കെ.പി.സി.സി നേതൃത്വം എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.



