ചുമച്ചാൽ തല പൊളിയും, തുമ്മിയാൽ ചിലപ്പോൾ കഥ കഴിയും; അയൽക്കാരന്റെ ചുമ സഹിക്കാത്ത ‘അരിശം മൂത്ത’ വീരന്റെ പരാക്രമം
കാസർകോട് : സ്വന്തം വീട്ടിലിരുന്ന് സമാധാനത്തോടെ ഒന്ന് ശ്വാസമെടുക്കാനോ തുമ്മാനോ ചുമക്കാനോ പോലും അടുത്ത വീട്ടിലെ കമാൻഡറുടെ പ്രത്യേക അനുമതി വാങ്ങേണ്ടി വരുന്ന വിചിത്രമായ അവസ്ഥയിലാണ് നാട്. കാസർകോട് ഉപ്പള മണിമുണ്ടയിലാണ് കേട്ടാൽ അന്തംവിട്ടുപോകുന്ന ഈ ‘ചുമ കേസ്’ അരങ്ങേറിയത്. പാവം 58-കാരനായ പത്ര ഏജന്റ് ഹസൈനാർക്ക് പനിയും കടുത്ത ചുമയും വന്നതാണ് അദ്ദേഹം ചെയ്ത ഒരേയൊരു അപരാധം. തൊണ്ടയൊന്ന് അനങ്ങിയപ്പോൾ അയൽവാസിയായ ജംഷീർ എന്ന സകലകലാ വല്ലഭന് തോന്നിയത് ആ ചുമ മുഴുവൻ തന്നെ മനഃപൂർവം കളിയാക്കാനും കൊഞ്ഞനം കുത്താനും വേണ്ടി ഉണ്ടാക്കിയതാണെന്നാണ്, സ്വന്തം തൊണ്ടയിലെ കഫം മാറ്റാൻ നോക്കിയ വയോധികനെ നേരെ വന്ന് വളഞ്ഞിട്ട് ആക്രമിക്കാൻ മാത്രം അപകർഷതാബോധവും വിവരക്കേടും ഉള്ളിൽ പേറുന്ന ഒരാളെ മറ്റെന്ത് പേരിട്ടാണ് വിളിക്കേണ്ടത്?
സംശയം മൂത്ത് കലിയിളകിയ ഈ പരാക്രമശാലി നേരെ ഹസൈനാറിന്റെ വീടിന്റെ അടുക്കളയിലേക്ക് ഇരച്ചുകയറുകയായിരുന്നു. എന്തെങ്കിലും സംസാരിച്ചു തീർക്കാനല്ല, അടുക്കളയിൽ തിളച്ചുമറിയാൻ വെച്ച ചായപ്പാത്രം എടുത്ത് ഒറ്റ അടി, തലയ്ക്കടിയേറ്റ് ചോരയൊഴുകുന്ന ഭർത്താവിനെ രക്ഷിക്കാൻ ഹസൈനാറിന്റെ ഭാര്യ ഇടയിൽ കയറിയപ്പോൾ അവരെയും വെറുതെ വിട്ടില്ല. കയ്യിൽ കിട്ടിയ പാത്രവും സ്പൂണുമൊക്കെ മാരകായുധങ്ങളാക്കി മാറ്റുന്ന ഈ ‘അടുക്കള ഗുണ്ട’യുടെ ഭാവം കണ്ട് അന്തംവിട്ട നാട്ടുകാർ ഓടിക്കൂടിയപ്പോഴാകട്ടെ, തോൽവി സമ്മതിക്കാൻ മടിച്ച് കത്തിയുമെടുത്ത് വീശി വീരവാദം മുഴക്കിക്കൊണ്ടാണ് കക്ഷി സ്ഥലംവിട്ടത്. തലയ്ക്ക് ആഴത്തിൽ മുറിവേറ്റ് മൂന്ന് തയ്യലുമായി ആശുപത്രിയിൽ കിടക്കുന്ന പാവം വയോധികൻ ഇപ്പോൾ ആലോചിക്കുന്നുണ്ടാകും, അടുത്ത തവണ ചുമ വരുമ്പോൾ വായ പൊത്തണമോ അതോ ജീവനും കൊണ്ട് ഓടണമോ എന്ന്.

മഞ്ചേശ്വരം പോലീസ് കൃത്യസമയത്ത് എത്തി കേസെടുക്കുകയും ‘അക്രമത്തിന് ഉപയോഗിച്ച മാരകായുധമായ’ ചായപ്പാത്രം കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. അടുത്ത വീട്ടിൽ നിന്നൊരാൾ ചുമച്ചാൽ അത് തന്നെ കളിയാക്കാനാണെന്ന് വ്യാഖ്യാനിച്ച്, കയ്യിൽ കിട്ടിയ പാത്രവുമെടുത്ത് തലമണ്ട അടിച്ചുപൊട്ടിക്കാൻ തുനിയുന്ന ഇത്തരം വക്രബുദ്ധികൾ സമൂഹത്തിന് എത്രമാത്രം വലിയ ബാധ്യതയാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. വിവരമില്ലായ്മയും എടുത്തുചാട്ടവും അക്രമവാസനയും കൂടിക്കുഴഞ്ഞ ഈ സ്വഭാവത്തിന് കാപ്പിയും ചായയുമല്ല, ജയിലിലെ പച്ചവെള്ളവും അഴിയെണ്ണലുമാണ് പറ്റിയ മരുന്ന്. വീരനായകൻ ഇപ്പോൾ ഒളിവിലാണെങ്കിലും, സ്വന്തം വീടിന്റെ നാലുചുമരുകൾക്കുള്ളിലെ വ്യക്തിസ്വാതന്ത്ര്യത്തിലേക്ക് അക്രമവുമായി പാഞ്ഞുകയറുന്ന ഇത്തരം ക്രിമിനലുകൾക്ക് പണി കിട്ടാതെ രക്ഷപ്പെടാൻ കഴിയില്ലെന്ന് നിയമം തെളിയിച്ചേ മതിയാകൂ.



