ചന്തേര MDMA കേസ്: അന്തർസംസ്ഥാന ലഹരി ശൃംഖലയിലെ പ്രധാനി ഇൻഡോറിൽ പിടിയിൽ; അറസ്റ്റിലായവരുടെ എണ്ണം എട്ടായി
കാസർകോട്: ചന്തേര എം.ഡി.എം.എ. കേസിൽ അന്തർസംസ്ഥാന ലഹരി മാഫിയയുടെ വേരറുക്കാൻ നിർണായക നീക്കവുമായി കേരള പോലീസ്. കേരളത്തിലേക്കും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കും വൻതോതിൽ ലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണി ഉത്തർപ്രദേശ് സ്വദേശി വിഷ്ണു കുമാർ (26) മധ്യപ്രദേശിലെ ഇൻഡോറിൽ നിന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി ഉയർന്നു.
ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് 139.29 ഗ്രാം എം.ഡി.എം.എ. പിടികൂടിയ സംഭവത്തിൽ ജില്ലാ പോലീസ് മേധാവി നിധിൻ രാജ് ഐ.പി.എസിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലും കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. അനിൽ കുമാർ എം.വി.യുടെ നേതൃത്വത്തിലും രൂപീകരിച്ച 17 അംഗ പ്രത്യേക അന്വേഷണ സംഘമാണ് അതിവിദഗ്ദ്ധമായി പ്രതിയെ വലയിലാക്കിയത്. നേരത്തെ പിടിയിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിൽ നിന്നാണ് ലഹരിക്കടത്തിന്റെ അണിയറ രഹസ്യങ്ങൾ ഓരോന്നായി ചുരുളഴിഞ്ഞത്.

അന്തർസംസ്ഥാന മയക്കുമരുന്ന് ശൃംഖലയുമായി അടുത്ത ബന്ധമുള്ള അമ്പലത്തറ ബേളൂർ പാറപ്പള്ളി സ്വദേശി മുഹമ്മദ് സാബീർ (33) ഈ മാസം 19-ന് അമ്പലത്തറയിൽ വെച്ച് അന്വേഷണ സംഘത്തിന്റെ പിടിയിലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കേരളത്തിന് പുറത്തുനിന്നുള്ള മുഖ്യ ഇടനിലക്കാരിയായ ഗുജറാത്ത് അഹമ്മദാബാദ് സ്വദേശിനി റിയ ഖാൻ എന്ന സാത്തി ഷേഖ് (31) പിടിയിലാകുന്നത്. സാത്തി ഷേഖ് പിടിയിലായ വിവരമറിഞ്ഞ് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് നാടുവിട്ട കൂട്ടാളി വിഷ്ണു കുമാറിനെ അതീവ രഹസ്യമായി പിന്തുടർന്നാണ് പോലീസ് കുടുക്കിയത്. ഇൻഡോർ ബെടമ പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് ഹോസ്ദുർഗ് സബ് ഇൻസ്‌പെക്ടർ നീതു തച്ചഞ്ചേരിയുടെ നേതൃത്വത്തിലുള്ള സംഘം അതിസാഹസികമായാണ് ഇയാളെ പിടികൂടിയത്.
നേരത്തെ, കേരളത്തിലെ എം.ഡി.എം.എ. വിതരണത്തിലെ മുഖ്യ സൂത്രധാരനായ ഘാന സ്വദേശി വിക്ടർ ദസാബയെയും അന്വേഷണ സംഘം കൊല്ലത്തുനിന്ന് പിടികൂടിയിരുന്നു. വിഷ്ണു കുമാറിന്റെ അറസ്റ്റോടെ വൻകിട റാക്കറ്റിന്റെ വേരുകൾ കൂടുതൽ വ്യക്തമായിരിക്കുകയാണ്. ഇൻഡോറിൽ വെച്ച് പ്രതിയെ പിടികൂടിയ സംഘത്തിൽ ഹോസ്ദുർഗ് എസ്.ഐ. നീതു തച്ചഞ്ചേരിക്കൊപ്പം ഗ്രേഡ് സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സനീഷ് കുമാർ എ, അനിൽ കെ.ടി, ജ്യോതിഷ്, സിവിൽ പോലീസ് ഓഫീസർ ജയേഷ് എന്നിവരും ഉണ്ടായിരുന്നു. കേസുമായി ബന്ധമുള്ള കൂടുതൽ പ്രതികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ ജില്ലാ പോലീസ് മേധാവി പ്രത്യേക സംഘത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.



