എയിംസ് പ്രൊപ്പോസലിൽ വീണ്ടും കാസർഗോഡിന് അവഗണന; കനൽവഴികളിലേക്ക് ‘എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ’
കാസർഗോഡ്: ആരോഗ്യരംഗത്ത് കേരളത്തിൽ ഏറ്റവും ഒടുവിലത്തെ (പതിനാലാം) സ്ഥാനത്തുനിൽക്കുന്ന, ഇന്നും ചികിൽസയ്ക്കായി അയൽസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന കാസർഗോഡ് ജില്ലയെ പാടെ അവഗണിച്ച് എയിംസ് പ്രൊപ്പോസലിൽ ആലപ്പുഴയെക്കൂടി ഉൾപ്പെടുത്തി കേന്ദ്രസർക്കാരിന് പുതിയ ശുപാർശ നൽകാനുള്ള യു.ഡി.എഫ് സർക്കാരിന്റെ നീക്കം അത്യന്തം വേദനാജനകവും കാസർഗോഡ് ജനതയോടുള്ള കടുംചതിയുമാണെന്ന് എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ.
വി.ഡി. സതീശൻ സർക്കാരും, മുൻപ് ഭരിച്ച എൽ.ഡി.എഫ്, യു.ഡി.എഫ് സർക്കാരുകൾ കാസർഗോഡിനോട് കാണിച്ച അതേ കടുത്ത വിവേചനവും അവഗണനയുമാണ് തുടരുന്നതെങ്കിൽ, നാളിതുവരെ കേരളം കണ്ടിട്ടില്ലാത്ത തരത്തിലുള്ള അതിശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് ജില്ല സാക്ഷ്യം വഹിക്കുമെന്ന് കൂട്ടായ്മ ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.

സമരങ്ങളുടെ നാട്; അവകാശങ്ങളുടെ പോരാട്ടം
എൻഡോസൾഫാൻ ദുരന്തത്തിന്റെ ഇരകളും സാധാരണക്കാരായ ജനങ്ങളും ശ്വാസമെടുക്കാൻ പോലും മറുനാട്ടിലെ ആശുപത്രികളിലേക്ക് ഓടേണ്ടി വരുന്ന ദുരവസ്ഥയ്ക്ക് അറുതി വരുത്താൻ, ‘എയിംസ്’ എന്ന ആവശ്യവുമായി ആദ്യമായി തെരുവിൽ സമരം തുടങ്ങിയത് കാസർഗോഡ് ജില്ലയിലാണ്. എയിംസ് വിഷയം മാത്രം മുൻനിർത്തി രജിസ്റ്റർ ചെയ്ത് വർഷങ്ങളായി പോരാടുന്ന ഏക സംഘടന തങ്ങളുടേത് മാത്രമാണെന്നും ഭാരവാഹികൾ ഓർമ്മിപ്പിച്ചു.
“മുൻ ഇടത് സർക്കാരിന്റെ കാലത്ത് എയിംസിനായുള്ള കാസർഗോഡിന്റെ സമരങ്ങൾക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ച ജില്ലയിലെ എം.പി.യും യു.ഡി.എഫ് സംവിധാനങ്ങളും ഇന്ന് ഭരണത്തിലെത്തിയപ്പോൾ മൗനം പാലിക്കുകയാണ്. ഭൂരിപക്ഷം എം.എൽ.എ മാരുണ്ടായിട്ടും തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് ജില്ലയിലേക്ക് എയിംസ് കൊണ്ടുവരാൻ ശ്രമിക്കുന്നതിന് പകരം, വോട്ട് ചെയ്ത് ജയിപ്പിച്ച ജനങ്ങളുടെ കണ്ണീര് മറന്ന് ഭരണാധികാരികൾ മാറിനിൽക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.”
ജനപ്രതിനിധികൾ നിലപാട് വ്യക്തമാക്കണം
ഈ വഞ്ചനയ്ക്കെതിരെ ജില്ലയിലെ എം.പി.യും എം.എൽ.എ.മാരും തങ്ങളുടെ നിലപാട് ജനങ്ങൾക്ക് മുന്നിൽ വ്യക്തമാക്കാൻ തയ്യാറാകണം. എം.പി.യുടെ നേതൃത്വത്തിൽ അഞ്ച് എം.എൽ.എ മാരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ത്രിതല പഞ്ചായത്ത്-നഗരസഭാ അധ്യക്ഷന്മാരും രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് ജില്ലയുടെ ആരോഗ്യ അതിജീവനത്തിന് വേണ്ടി ഒറ്റക്കെട്ടായി നിൽക്കണം. എയിംസ് പ്രൊപ്പോസലിൽ കാസർഗോഡിന്റെ പേര് ചേർക്കുന്നത് വരെ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല സമരമിരിക്കാൻ ജനപ്രതിനിധികൾ തയ്യാറാകണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടു.
കാസർഗോഡിന്റെ മണ്ണിൽ ഇനിയുമൊരു ജീവൻ പോലും ചികിൽസ കിട്ടാതെ വഴിയിൽ പൊലിയാൻ അനുവദിക്കില്ലെന്നും, ഭാവി പ്രക്ഷോഭ പരിപാടികൾ തീരുമാനിക്കാൻ എക്സിക്യൂട്ടിവ് കമ്മിറ്റി ഉടൻ ചേരുമെന്നും കൂട്ടായ്മ പ്രസിഡന്റ് ഗണേഷ് അരമങ്ങാനം, ജനറൽ സെക്രട്ടറി മുരളീധരൻ പടന്നക്കാട്, കോ-ഓർഡിനേറ്റർ ശ്രീനാഥ് ശശി, ട്രഷറർ സലീം സന്ദേശം ചൗക്കി എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.



