പ്രഥമ പി.എച്ച്. അബ്ദുള്ള മാസ്റ്റർ സ്മാരക മാനവ സേവാ പുരസ്കാരം ഇർഫാന ഇക്ബാലിന്; കാൽ ലക്ഷം രൂപയും പ്രശസ്തിപത്രവും സമ്മാനിക്കും
ഖത്തർ മാപ്പിള കലാ അക്കാദമി ഏർപ്പെടുത്തിയ പ്രഥമ പി.എച്ച്. അബ്ദുള്ള മാസ്റ്റർ സ്മാരക മാനവ സേവാ പുരസ്കാരത്തിന് കാസർഗോഡ് ജില്ലാ പഞ്ചായത്ത് അംഗവും വനിതാ ലീഗ് നേതാവുമായ ഇർഫാന ഇക്ബാൽ അർഹയായി. കേരള മാപ്പിള കലാ അക്കാദമിയുടെ സ്ഥാപകനും അന്തരിച്ച പ്രസിഡന്റുമായിരുന്ന പി.എച്ച്. അബ്ദുള്ള മാസ്റ്ററുടെ സ്മരണാർത്ഥം അക്കാദമിയുടെ ഖത്തർ ചാപ്റ്ററാണ് ഈ അവാർഡ് ഏർപ്പെടുത്തിയത്. ഒരു ആയുസ്സ് മുഴുവൻ മാനവ മൈത്രിക്കായി സമർപ്പിച്ച അബ്ദുള്ള മാഷിന്റെ ഒന്നാം ചരമവാർഷിക വേളയിൽ, കേരളീയ സമൂഹത്തിന് മാതൃകയായ മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് ഇർഫാനയെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തതെന്ന് ഖത്തർ ചാപ്റ്റർ ഭാരവാഹികളായ അൻവർ ബാബു വടകര, ജാഫർ ജാതിയേരി, ഹംസ കരിയാട് എന്നിവർ അറിയിച്ചു. കാസർഗോഡ് വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം സമ്മാനിക്കും. മാപ്പിള കലാ അക്കാദമി കാസർഗോഡ് ജില്ലാ കമ്മിറ്റിയുമായി സഹകരിച്ച് നടത്തുന്ന ഈ പരിപാടിയിൽ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും.




