തിരുവനന്തപുരം: വികസന പ്രവര്‍ത്തനങ്ങള്‍ക്കല്ലാതെ ദൈനംദിന ചെലവുകള്‍ക്കായി സര്‍ക്കാര്‍ കടമെടുക്കരുതെന്ന് പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് സ്ഥിരമായി വിമര്‍ശിച്ചിരുന്ന വി.ഡി. സതീശന്‍, മുഖ്യമന്ത്രിയും ധനമന്ത്രിയുമായതിനു പിന്നാലെ 1800 കോടി രൂപയുടെ വായ്പ എടുത്തുവെന്ന ചര്‍ച്ചയാണ് ഇപ്പോള്‍ രാഷ്ട്രീയ-സോഷ്യല്‍ മീഡിയ വൃത്തങ്ങളില്‍ സജീവമാകുന്നത്.
പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു പിന്നാലെ പുറത്തിറങ്ങിയ ധവളപത്രവും സംസ്ഥാനത്തിന്റെ യഥാര്‍ത്ഥ സാമ്പത്തിക നിലയും ചൂണ്ടിക്കാട്ടിയാണ് സാമ്പത്തിക വിശകലനകാരനും സോഷ്യല്‍ മീഡിയ നിരൂപകനുമായ കിരണ്‍ തോമസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിഷയത്തെ വിശദീകരിക്കുന്നത്. രാഷ്ട്രീയ മുദ്രാവാക്യങ്ങളും ഭരണ യാഥാര്‍ത്ഥ്യങ്ങളും തമ്മിലുള്ള വലിയ വ്യത്യാസമാണ് അദ്ദേഹത്തിന്റെ കുറിപ്പിന്റെ പ്രധാന ആസ്പദം.
പോസ്റ്റിന്റെ വിശദമായ രൂപം
“വികസന പ്രവര്‍ത്തനങ്ങള്‍ക്കല്ലാതെ ദൈനംദിന ചിലവുകള്‍ക്കായി ഗവണ്‍മെന്റ് കടമെടുക്കുന്നത് ശരിയല്ല” — പ്രതിപക്ഷ നേതാവായിരിക്കെ വി.ഡി. സതീശന്‍ തന്റെ പ്രസംഗങ്ങളിലും പോഡ്കാസ്റ്റുകളിലും ആവര്‍ത്തിച്ച് ഉന്നയിച്ച വാദമായിരുന്നു ഇത്. എന്നാല്‍ അധികാരത്തിലെത്തി സംസ്ഥാനത്തിന്റെ യഥാര്‍ത്ഥ ധനകാര്യ അവസ്ഥ നേരിട്ട് കൈകാര്യം ചെയ്യേണ്ട സാഹചര്യം വന്നതോടെ, സര്‍ക്കാരിന്റെ ആദ്യ നടപടികളിലൊന്നായി വായ്പ സ്വീകരിക്കേണ്ടി വന്നത് വലിയ ചര്‍ച്ചകള്‍ക്കും ട്രോളുകള്‍ക്കും വഴിവെച്ചിരിക്കുകയാണ്.
എന്നാല്‍ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കപ്പുറം, കേരളത്തിന്റെ സാമ്പത്തിക ഘടന യാഥാര്‍ത്ഥ്യത്തില്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട പ്രധാന വിഷയം. പുതിയ ധവളപത്രം പുറത്തുവന്നതോടെ സംസ്ഥാനത്തിന്റെ ധനകാര്യ പ്രതിസന്ധി എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമാകുന്നുവെന്നും, നിലവിലെ സാഹചര്യത്തില്‍ കടമെടുപ്പ് പൂര്‍ണമായും ഒഴിവാക്കുക പ്രായോഗികമല്ലെന്നുമാണ് പോസ്റ്റില്‍ വിശദീകരിക്കുന്നത്.
കേരളത്തിന്റെ ‘കടം വാങ്ങല്‍’ ചക്രം എങ്ങനെ പ്രവര്‍ത്തിക്കുന്നു?
2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റനുസരിച്ച് സംസ്ഥാനത്തിന്റെ ആകെ ചെലവ് 1,98,582 കോടി രൂപയാണ്. എന്നാല്‍ ഇതില്‍ 45,039 കോടി രൂപ വായ്പയായി സമാഹരിക്കേണ്ടതുണ്ട്. അതായത് സര്‍ക്കാര്‍ ചെലവിന്റെ വലിയൊരു വിഹിതം കടമെടുപ്പിലൂടെയാണ് നിറവേറ്റുന്നത്.
എന്നാല്‍ ഇതിലും ശ്രദ്ധേയമായ കാര്യം, ഇപ്പോള്‍ എടുക്കുന്ന പുതിയ വായ്പകളില്‍ ഭൂരിഭാഗവും പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കല്ല ചെലവാകുന്നത്. മറിച്ച് മുന്‍പ് എടുത്ത വായ്പകളുടെ പലിശ അടയ്ക്കാനും അസല്‍ തിരിച്ചടയ്ക്കാനുമാണ് ഈ തുക ഉപയോഗിക്കപ്പെടുന്നത്. സാമ്പത്തിക ശാസ്ത്രത്തില്‍ ഇതിനെ “ഡെറ്റ് റോള്‍ഓവര്‍” (Debt Rollover) എന്നാണ് വിളിക്കുന്നത്.
2025-26 ലെ കണക്കുകള്‍ പ്രകാരം:
- പുതിയ വായ്പ: 45,039 കോടി രൂപ
- പലിശ അടവ്: ഏകദേശം 27,000 കോടി രൂപ
- പഴയ കടത്തിന്റെ അസല്‍ തിരിച്ചടവ്: 15,000 മുതല്‍ 17,000 കോടി രൂപ വരെ
- ആകെ ഡെറ്റ് സര്‍വീസിംഗ് ചെലവ്: ഏകദേശം 43,000 കോടി രൂപ
അര്‍ത്ഥം വളരെ വ്യക്തമാണ് — സംസ്ഥാനം ഇപ്പോള്‍ എടുക്കുന്ന പുതിയ കടത്തിന്റെ ഏകദേശം മുഴുവന്‍ തുകയും പഴയ കടങ്ങള്‍ വീട്ടുന്നതിനായി തന്നെ ചെലവഴിക്കേണ്ടി വരുന്നു. അതിനാല്‍ “കടം എടുക്കരുത്” എന്നത് ഒരു രാഷ്ട്രീയ മുദ്രാവാക്യമായി പറയാന്‍ എളുപ്പമാണെങ്കിലും, പ്രായോഗിക ഭരണത്തില്‍ അത് നടപ്പാക്കുന്നത് അത്ര ലളിതമല്ലെന്നാണ് പോസ്റ്റിലെ വാദം.
കടമെടുപ്പ് പൂര്‍ണമായി നിര്‍ത്തിയാല്‍ എന്ത് സംഭവിക്കും?
ഒരു സങ്കല്‍പ്പ കണക്ക് നോക്കിയാല്‍ സ്ഥിതി കൂടുതല്‍ വ്യക്തമാകും. സംസ്ഥാനം 45,039 കോടി രൂപയുടെ വായ്പ എടുക്കുന്നില്ലെന്ന് കരുതിയാല്‍, ആകെ ബജറ്റ് ചെലവ് 1,53,543 കോടി രൂപയായി ചുരുങ്ങും.
ഇതില്‍ നിന്ന് നിര്‍ബന്ധമായും അടയ്ക്കേണ്ട 43,000 കോടി രൂപയുടെ കടബാധ്യതകള്‍ കുറച്ചാല്‍, സര്‍ക്കാരിന് യഥാര്‍ത്ഥ ഭരണച്ചെലവുകള്‍ക്കായി അവശേഷിക്കുന്നത് ഏകദേശം 1,10,543 കോടി രൂപ മാത്രമാണ്.
ഇതില്‍ നിന്നും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മാത്രം ഏകദേശം 71,000 കോടി രൂപയായി ചെലവാകും.
- ശമ്പളം: 42,000 കോടി രൂപ
- പെന്‍ഷന്‍: 29,000 കോടി രൂപ
ഇതിനു ശേഷം സര്‍ക്കാരിന്റെ കയ്യില്‍ ബാക്കി വരുന്നത് ഏകദേശം 39,000 മുതല്‍ 40,000 കോടി രൂപ വരെയാണ്.
പക്ഷേ സംസ്ഥാനത്തിന്റെ യഥാര്‍ത്ഥ ചെലവുകള്‍ അതില്‍ അവസാനിക്കുന്നില്ല
കേരളം പോലുള്ള ക്ഷേമസംസ്ഥാനത്തില്‍ വിവിധ സാമൂഹിക സുരക്ഷാ പദ്ധതികള്‍, സബ്സിഡികള്‍, തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ഗ്രാന്റുകള്‍, ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ ചിലവുകള്‍, ഭരണപരമായ അടിസ്ഥാന ചെലവുകള്‍ എന്നിവയ്ക്ക് വന്‍തുക ആവശ്യമാണ്.
ബജറ്റിലെ മറ്റ് പ്രധാന വകയിരുത്തലുകള്‍ ഇങ്ങനെ:
- സാമൂഹിക ക്ഷേമ പദ്ധതികളും സബ്സിഡികളും: 35,000 കോടി രൂപ
- തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ഗ്രാന്റ്: 14,000 കോടി രൂപ
- മറ്റ് ഭരണപരമായ ചിലവുകള്‍: 27,500 കോടി രൂപ
ആകെ ഏകദേശം 76,500 കോടി രൂപയുടെ ചെലവാണ് ഈ വിഭാഗങ്ങളില്‍ മാത്രം വരുന്നത്. എന്നാല്‍ കടമെടുപ്പ് ഒഴിവാക്കിയാല്‍ സര്‍ക്കാരിന് ഇതിന് ചെലവഴിക്കാന്‍ കഴിയുക വെറും 40,000 കോടി രൂപ മാത്രം. അങ്ങനെ വരുമ്പോള്‍ ഏകദേശം 36,000 കോടി രൂപയുടെ വലിയ സാമ്പത്തിക കുറവാണ് ഉണ്ടാകുന്നത്.
രാഷ്ട്രീയ വാദവും ഭരണ യാഥാര്‍ത്ഥ്യവും
ഈ കണക്കുകള്‍ ചൂണ്ടിക്കാട്ടി കിരണ്‍ തോമസ് പറയുന്നത്, പ്രതിപക്ഷത്തില്‍ ഇരിക്കുമ്പോള്‍ ഉയര്‍ത്തുന്ന രാഷ്ട്രീയ വിമര്‍ശനങ്ങളും അധികാരത്തില്‍ ഇരിക്കുമ്പോള്‍ നേരിടേണ്ടി വരുന്ന സാമ്പത്തിക യാഥാര്‍ത്ഥ്യങ്ങളും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നാണ്.
കേരളം ഇപ്പോള്‍ നേരിടുന്ന പ്രധാന വെല്ലുവിളി കടമെടുപ്പ് മാത്രമല്ല, വര്‍ഷങ്ങളായി കൂട്ടിച്ചേര്‍ന്ന സാമ്പത്തിക ബാധ്യതകളുടെ ചക്രവ്യൂഹമാണ്. അതില്‍ നിന്ന് പുറത്തുവരാന്‍ സംസ്ഥാനത്തിന് വന്‍തോതില്‍ അധിക വരുമാനം കണ്ടെത്തുകയോ, അല്ലെങ്കില്‍ അത്യന്തം കര്‍ശനമായ ചിലവ് ചുരുക്കല്‍ നയം സ്വീകരിക്കുകയോ വേണം. എന്നാല്‍ രണ്ടും രാഷ്ട്രീയപരമായി അതീവ ബുദ്ധിമുട്ടുള്ള കാര്യങ്ങളാണ്.
അതേസമയം, “ഇന്ദിര ഗ്യാരണ്ടി” പോലുള്ള പുതിയ ക്ഷേമപദ്ധതികള്‍ കൂടി നടപ്പാക്കേണ്ട സാഹചര്യം വരുമ്പോള്‍, സര്‍ക്കാരിന് കൂടുതല്‍ സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരും. അതിനാല്‍ നിലവിലെ സാമ്പത്തിക ഘടനയില്‍ ഏത് മുന്നണി അധികാരത്തിലെത്തിയാലും കടമെടുപ്പ് പൂര്‍ണമായി അവസാനിപ്പിക്കുക പ്രായോഗികമായി അസാധ്യമായിരിക്കാമെന്നാണ് പോസ്റ്റിന്റെ അന്തിമ വിലയിരുത്തല്‍.



