bncmalayalam.in

എട്ടുവർഷമായി പോലീസിന് വട്ടം ചുറ്റിച്ച ചെക്കിപ്പള്ളത്തെ സുബൈദ കൊലപാതയ്ക്ക് കേസിലെ രണ്ടാം പ്രതിയെ ആന്ധ്രയിൽ നിന്നും കണ്ടെത്തി. പ്രതിക്കായ് തിരഞ്ഞത് ലക്ഷത്തിലധികം ക്രിമിനൽ ഫയലുകൾ.

കാസർകോട് ∙ പള്ളിക്കര പാക്കം സ്വദേശിനി പെരിയ ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദ (60)യെ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന കേസിൽ എട്ട് വർഷമായി പോലീസിനെ വട്ടം കറക്കിയ രണ്ടാം പ്രതിയെ ഒടുവിൽ കണ്ടെത്തി. സുള്ള്യ അജ്ജാവർ സ്വദേശിയായ അബ്ദുൽ അസീസ് (32) ആണ് ആന്ധ്രപ്രദേശിലെ ജയിലിൽ കഴിയുന്നതായി കാസർകോട് പോലീസിന് വിവരം ലഭിച്ചത്. ഇയാളെ കാസർകോട് എത്തിച്ച് വിചാരണ നടപടികൾ പൂർത്തിയാക്കാനുള്ള നീക്കത്തിലാണ് പോലീസ്.

 

kasaragod-murder-case-accused-arrested-after-8-years-in-andhra

2018 ജനുവരി 19നാണ് സുബൈദയെ സ്വന്തം വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വീട്ടിലെത്തിയ പ്രതികൾ മുഖത്ത് തുണിയിട്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അഞ്ചര പവൻ സ്വർണാഭരണങ്ങൾ കവർന്നുവെന്നായിരുന്നു കേസ്. സംഭവത്തിന് പിന്നാലെ തന്നെ പ്രതികളെ പോലീസ് പിടികൂടിയിരുന്നു.

 

പള്ളിക്കര പാക്കം സ്വദേശിനി പെരിയ ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദ

എന്നാൽ 2018 സെപ്റ്റംബർ 14ന് മറ്റൊരു കേസിൽ കോടതിയിൽ ഹാജരാക്കി മടങ്ങുന്നതിനിടെ രണ്ടാം പ്രതിയായ അബ്ദുൽ അസീസ് പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് വർഷങ്ങളോളം വിവിധ സംസ്ഥാനങ്ങളിൽ പോലീസ് അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായിരുന്നില്ല.

ഫിംഗർപ്രിന്റ് പരിശോധനകൾ ഉൾപ്പെടെ നിരവധി ശാസ്ത്രീയ അന്വേഷണങ്ങൾ നടത്തിയിട്ടും പ്രതിയെക്കുറിച്ച് സൂചനകൾ ലഭിച്ചിരുന്നില്ല. പിന്നീട് കാസർകോട് ജില്ലാ പോലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി ഐപിഎസിന്റെ നിർദ്ദേശപ്രകാരം മറ്റ് സംസ്ഥാനങ്ങളിലെ ക്രിമിനൽ ഫയലുകളും ജയിലുകളിലെ രേഖകളും വ്യാപകമായി പരിശോധിച്ചതോടെയാണ് നിർണായക വിവരം ലഭിച്ചത്.

അന്വേഷണത്തിനിടെയാണ് അബ്ദുൽ അസീസ് ആന്ധ്രപ്രദേശിൽ പേര് മാറ്റി ഹൈന്ദവ പേരിൽ കഴിയുകയായിരുന്നുവെന്ന് പോലീസിന് വ്യക്തമായത്. സംശയം തോന്നാതിരിക്കാൻ വ്യാജ തിരിച്ചറിയൽ രേഖകളും മറ്റ് പ്രാദേശിക രേഖകളും ഇയാൾ തയ്യാറാക്കിയിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി. വർഷങ്ങളോളം വ്യത്യസ്ത തിരിച്ചറിയലിൽ ജീവിച്ച ഇയാൾ പിന്നീട് ആന്ധ്രപ്രദേശിലെ തിരുപ്പതിയിൽ നടന്ന ഒരു കൊലപാതക കേസിൽ പ്രതിചേർക്കപ്പെട്ട് ജയിലിലാകുകയായിരുന്നു.

സുള്ള്യ അജ്ജാവർ സ്വദേശിയായ അബ്ദുൽ അസീസ്
അബ്ദുൽ അസീസ്

ഇതോടെയാണ് ഇയാൾ ആന്ധ്ര ജയിലിലാണെന്ന് കാസർകോട് പോലീസിന് സ്ഥിരീകരിക്കാനായത്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി കോടതി നടപടികൾ പുരോഗമിക്കുകയാണ്. എട്ടുവർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കണ്ടെത്താനായതോടെ കേസിൽ നിർണായക മുന്നേറ്റമായെന്നാണ് പോലീസിന്റെ വിലയിരുത്തൽ.

കേസിൽ ഒന്നാം പ്രതിയായ മധൂർ പട്‍ല കുഞ്ചാർ കോട്ടക്കണി അബ്ദുൽഖാദറെ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി നേരത്തെ കുറ്റക്കാരനായി കണ്ടെത്തി ശിക്ഷിച്ചിരുന്നു. മൂന്നാം പ്രതിയായ അർഷാദിനെ കോടതി വെറുതെവിട്ടപ്പോൾ നാലാം പ്രതി അബ്ദുൽ അസീസ് പിന്നീട് മാപ്പുസാക്ഷിയായി മാറിയിരുന്നു.

സുബൈദയുടെ വീടിന് സമീപത്തെ മറ്റൊരു വീട്ടിൽ ജോലി ചെയ്തിരുന്ന അബ്ദുൽഖാദറിനെതിരെ സാഹചര്യ തെളിവുകളും സൈബർ സെൽ ശേഖരിച്ച ഫോൺ കോൾ വിവരങ്ങളും നിർണായകമായിരുന്നു.

കാസർകോട് ജില്ലാ പോലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി ഐപിഎസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ കൃത്യതയും തുടർച്ചയായ നിരീക്ഷണവുമാണ് കേസിൽ വഴിത്തിരിവായത് എന്നാണ് പോലീസ് വൃത്തങ്ങൾ പറയുന്നത്. കഴിഞ്ഞ നാല് മാസങ്ങൾക്കിടെ കാസർകോട് ജില്ലയിൽ നടന്ന കൊലപാതകങ്ങൾ ഉൾപ്പെടെയുള്ള നാല് വലിയ കുറ്റകൃത്യങ്ങളും അതിവേഗം തെളിയിക്കാൻ ജില്ലാ പോലീസിന് സാധിച്ചിരുന്നു. അതിൽ മൂന്ന് കൊലക്കേസുകളിലും 24 മണിക്കൂർ തികയുന്നതിന് മുമ്പ് തന്നെ പ്രതികളെ പിടികൂടിയതും ശ്രദ്ധേയമായി.

 

കാസർകോട് ജില്ലാ പോലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി ഐപിഎസ്
വിജയ് ഭാരത് റെഡ്ഡി ഐപിഎസ്

ഇതോടൊപ്പം ജില്ലയിൽ ശക്തമായ ലഹരിവേട്ടയും തുടരുകയാണ്. നിരന്തര പരിശോധനകളിലൂടെ ലഹരി മാഫിയ സംഘങ്ങളെയും ക്രിമിനൽ സംഘങ്ങളെയും നിയന്ത്രണ വിധേയമാക്കുന്നതിൽ കാസർകോട് പോലീസ് വലിയ വിജയം കൈവരിച്ചുവെന്നാണ് വിലയിരുത്തൽ. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡ് അംഗങ്ങളുടെയും അന്വേഷണ സംഘങ്ങളുടെയും ഏകോപിത പ്രവർത്തനമാണ് ജില്ലയിൽ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാൻ സഹായകമായതെന്നും വിലയിരുത്തപ്പെടുന്നു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *