ടി. ഉത്തംദാസ് കാസർകോട് ജില്ല സ്പെഷ്യൽ മൊബൈൽ സ്‌ക്വാഡ് ഡിവൈഎസ്പിയായി ചുമതലയേറ്റു; ലഹരിവേട്ടയിൽ കോഴിക്കോടിനെ ഞെട്ടിച്ച ഉദ്യോഗസ്ഥന് പുതിയ ദൗത്യം
കാസർകോട്: കാസർകോട് ജില്ല സ്പെഷ്യൽ മൊബൈൽ സ്‌ക്വാഡ് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് (DySP) ആയി ടി. ഉത്തംദാസ് തിങ്കളാഴ്ച (ഓഗസ്റ്റ് 3) ചുമതലയേറ്റു. ലഹരിവിരുദ്ധ പ്രവർത്തനങ്ങളിലും കുറ്റാന്വേഷണ രംഗത്തും ശ്രദ്ധേയമായ സേവന മികവ് തെളിയിച്ച ഉദ്യോഗസ്ഥനാണ് അദ്ദേഹം. ഏറ്റവും ഒടുവിൽ കോഴിക്കോട് റൂറൽ ജില്ലയിലെ നർക്കോട്ടിക് സെൽ & ജെൻഡർ ജസ്റ്റിസ് വിഭാഗം ഡിവൈഎസ്പിയായാണ് പ്രവർത്തിച്ചിരുന്നത്. 2026 മാർച്ചിലാണ് അദ്ദേഹം ആ ചുമതല ഏറ്റെടുത്തത്.
ഉദ്യോഗജീവിതത്തിൽ കാസർകോട് ജില്ലയുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥനാണ് ടി. ഉത്തംദാസ്. ബേക്കൽ, വിദ്യാനഗർ, കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനുകളിൽ പ്രിൻസിപ്പൽ എസ്.ഐയായും, ബേഡകം, മേൽപ്പറമ്പ് പൊലീസ് സ്റ്റേഷനുകളിൽ ഇൻസ്പെക്ടർ എസ്.എച്ച്.ഒയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തുടർന്ന് കാസർകോട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായും പ്രവർത്തിച്ചു. കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളിലും വിവിധ നിർണായക ചുമതലകൾ വഹിച്ചിട്ടുണ്ട്.

ലഹരിമരുന്ന് വേട്ടയിൽ ശ്രദ്ധേയമായ നിരവധി ഓപ്പറേഷനുകൾക്ക് അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. കോഴിക്കോട് നാർക്കോട്ടിക് ഡിവൈഎസ്പിയായിരിക്കെ മുക്കം മേഖലയെ കേന്ദ്രീകരിച്ച് നടത്തിയ ഡാൻസാഫ് (DANSAF) ഓപ്പറേഷനിൽ 2.8 കിലോഗ്രാമിലധികം എംഡിഎംഎ പിടികൂടിയത് സംസ്ഥാനത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിലൊന്നായി ശ്രദ്ധിക്കപ്പെട്ടു. തൂഫാനിൽ ഏറ്റവും വലിയ ലഹരി വേട്ടകൾ നടന്ന ജില്ലയാണ് കോഴിക്കോട്. ഉറവിടം തുരന്ന് കണ്ടെത്തിയ പല കേസുകളിലും പിന്നിൽ പ്രവർത്തിച്ച ബുദ്ധി കേന്ദ്രം എന്ന നില വലിയ അഭിനന്ദനങ്ങൾ നേടിയിരുന്നു. ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് എത്തിച്ച ലഹരിശൃംഖല തകർത്ത ഈ കേസിൽ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും വൻ ശേഖരം, ഡിജിറ്റൽ ത്രാസുകൾ, പാക്കിംഗ് സാമഗ്രികൾ എന്നിവ പിടിച്ചെടുക്കുകയും ചെയ്തു. ഈ ഓപ്പറേഷനിൽ ടി. ഉത്തംദാസിന്റെ നേതൃത്വത്തിന് സംസ്ഥാനതലത്തിൽ തന്നെ പ്രശംസ ലഭിച്ചു.

ഇതിന് മുമ്പ് കാസർകോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായിരിക്കെ ജില്ലയിൽ ലഹരിവ്യാപാരികൾക്കെതിരെ ശക്തമായ നടപടികൾക്ക് നേതൃത്വം നൽകി. 2025-ൽ 25.9 ഗ്രാം എംഡിഎംഎയുമായി കാസർകോട് ടൗണിലെത്തിയ പ്രതിയെ ഡാൻസാഫ് സംഘത്തോടൊപ്പം പിടികൂടിയ കേസും ശ്രദ്ധേയമായിരുന്നു. മുൻകൂട്ടി നടത്തിയ രഹസ്യനിരീക്ഷണവും കൃത്യമായ വിവരശേഖരണവുമാണ് ആ കേസിന്റെ വിജയത്തിന് വഴിയൊരുക്കിയത്.

കാസർകോട് ടൗൺ എസ്.ഐ ആയിരിക്കെ കഞ്ചാവ് പിടികൂടിയ കേസിലെ അന്വേഷണ മികവിന് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണർ ലഭിച്ചു. വിശിഷ്ട സേവനത്തിന് 2025-ലെ കേരള മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും അദ്ദേഹത്തെ തേടിയെത്തി. കൂടാതെ കോഴിക്കോട് റൂറൽ നർക്കോട്ടിക് സെല്ലിൽ പ്രവർത്തിക്കുമ്പോൾ മുക്കത്ത് നടത്തിയ വൻ എംഡിഎംഎ വേട്ടയ്ക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ പ്രത്യേക അനുമോദനപത്രവും ലഭിച്ചിട്ടുണ്ട്.

കുറ്റാന്വേഷണ രംഗത്തെ അനുഭവസമ്പത്തും ലഹരിവിരുദ്ധ പ്രവർത്തനങ്ങളിലെ മികവും പരിഗണിച്ചാണ് കാസർകോട് ജില്ല സ്പെഷ്യൽ മൊബൈൽ സ്‌ക്വാഡിന്റെ ചുമതല ടി. ഉത്തംദാസിന് നൽകിയിരിക്കുന്നത്. അതിർത്തി ജില്ലയായ കാസർകോട്ടിൽ കർണാടക വഴിയുള്ള മയക്കുമരുന്ന് കടത്ത് തടയുന്നതിനും സംഘടിത കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനും അദ്ദേഹത്തിന്റെ നിയമനം നിർണായകമാകുമെന്ന വിലയിരുത്തലാണ് പൊലീസ് വൃത്തങ്ങളിൽ ഉയരുന്നത്.



