‘ആമീൻ’ പറഞ്ഞാൽ വോട്ട് ഉറപ്പെന്ന് അർത്ഥമില്ല! തിരഞ്ഞെടുപ്പ് ജയത്തിനായുള്ള ‘ദുആ’ ചട്ടലംഘനമല്ലെന്ന് സുപ്രീം കോടതി
തിരഞ്ഞെടുപ്പിൽ ജയിക്കാൻ വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നതും (‘ദുആ’ ചെയ്യുന്നത്) വോട്ടർമാരെ സ്വാധീനിക്കലോ മതത്തിന്റെ പേരിൽ വോട്ട് തേടലോ ആയി കാണാനാവില്ലെന്ന് സുപ്രീം കോടതി. പ്രാർത്ഥനയ്ക്ക് ഒടുവിൽ ജനം ‘ആമീൻ’ പറയുന്നത് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുമെന്നുള്ള ഔദ്യോഗിക പ്രതിജ്ഞയല്ലെന്നും കോടതി വ്യക്തമാക്കി.
മഹാരാഷ്ട്രയിലെ മാലേഗാവ് സെൻട്രൽ മണ്ഡലത്തിൽ നിന്നുള്ള എ.ഐ.എം.ഐ.എം (AIMIM) എം.എൽ.എ മുഫ്തി മുഹമ്മദ് ഇസ്മയിൽ അബ്ദുൽ ഖാലിഖിന്റെ വിജയം ശരിവെച്ച ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെ സമർപ്പിച്ച ഹർജി തള്ളിയാണ് സുപ്രീം കോടതിയുടെ ഈ ശ്രദ്ധേയമായ നിരീക്ഷണം. സമാജ്വാദി പാർട്ടി സ്ഥാനാർത്ഥി ഷാൻ-ഇ-ഹിന്ദ് നിഹാൽ അഹമ്മദാണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ജസ്റ്റിസുമാരായ വിക്രം നാഥ്, അഗസ്റ്റിൻ ജോർജ് മസീഹ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് അപ്പീൽ തള്ളിയത്.

തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലും പ്രാർത്ഥനാ സദസ്സുകളിലും മുഫ്തി ഇസ്മയിൽ സ്വന്തം വിജയത്തിനായി പ്രാർത്ഥിച്ചിരുന്നുവെന്നും, ഇതിന് സദസ്സിലിരുന്നവർ ‘ആമീൻ’ (അങ്ങനെ സംഭവിക്കട്ടെ) എന്ന് ഏറ്റുപറഞ്ഞത് തങ്ങൾക്ക് വോട്ട് ചെയ്യുമെന്നുള്ള വോട്ടർമാരുടെ കൂട്ടായ പ്രതിജ്ഞയാണെന്നുമായിരുന്നു എതിർ സ്ഥാനാർത്ഥിയുടെ വാദം. എന്നാൽ, കേവലം ഒരു പ്രാർത്ഥനയെയും അതിന് നൽകുന്ന സ്വാഭാവിക മറുപടിയെയും വോട്ട് ചെയ്യുമെന്നുള്ള ബാധ്യതയായി വ്യാഖ്യാനിക്കാൻ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഈ നിലപാടിൽ ഇടപെടാൻ ഒരു കാരണവുമില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതിയും ഹർജി തള്ളുകയായിരുന്നു.



