വിടപറഞ്ഞത് പുഞ്ചിരി തൂകുന്ന മുഖവും നന്മ നിറഞ്ഞ മനസ്സും: മൊയ്‌നുദ്ദീന് കണ്ണീരോടെ വിടപറഞ്ഞ നാട് .
ചില മരണങ്ങൾ വാർത്തകളല്ല, നെഞ്ചുപൊട്ടുന്ന വേദനകളാണ്. പ്രിയപ്പെട്ടവരുടെ ഉള്ളുലച്ചുകൊണ്ട്, നാടിന്റെ നൊമ്പരമായി മാറിയ മണ്ണംകുഴിയിലെ മൊയ്‌നുദ്ദീന്റെ (പികെ മൊയ്തു) വിയോഗവാർത്ത അങ്ങനെയൊന്നാണ്. വെറും 45 വയസ്സ് മാത്രം പ്രായമുള്ള, നന്മയുടെയും സ്നേഹത്തിന്റെയും പ്രതീകമായിരുന്ന ഒരു ചെറുപ്പക്കാരൻ ഇത്ര പെട്ടെന്ന് അല്ലാഹുവിലേക്ക് യാത്രയാകുമെന്ന് ആരും കരുതിയിരുന്നില്ല.
പരേതനായ പ്രമുഖ മുസ്ലീം ലീഗ് നേതാവ് പി.ബി അബൂബക്കർ സാഹിബിന്റെയും ഖൈറുന്നീസയുടെയും മകനും, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് പികെ ഹനീഫ്, ഹക്കീം എൻജിനീയർ, ഇക്ബാൽ എന്നിവരുടെ സഹോദരനുമായ മൊയ്‌നുദ്ദീൻ, നാടിനും പ്രവാസലോകത്തിനും ഒരേപോലെ പ്രിയങ്കരനായിരുന്നു.

ആരെയും വേദനിപ്പിക്കാത്ത സ്നേഹധനൻ
എപ്പോഴും മുഖത്ത് വിരിയുന്ന ആ തെളിഞ്ഞ പുഞ്ചിരിയായിരുന്നു മൊയ്‌നുദ്ദീന്റെ അടയാളം. കണ്ടുമുട്ടുന്നവരോടെല്ലാം ഹൃദയം തുറന്ന് സംസാരിക്കുകയും സദാ സ്നേഹം പങ്കുവെക്കുകയും ചെയ്ത വ്യക്തിത്വം. ഉന്നതവിദ്യാഭ്യാസം നേടി എൻജിനീയറിങ് പൂർത്തിയാക്കിയ ശേഷം പ്രവാസലോകത്തേക്ക് ചുവടുവെച്ച അദ്ദേഹം, ഐപോസ്റ്റ് (iPost) സോഫ്റ്റ്‌വെയർ കമ്പനിയുടെ നേതൃനിരയിൽ മികച്ച വിജയം കൈവരിച്ചപ്പോഴും നാട്ടുകാരോടുള്ള ആത്മബന്ധം ഒട്ടും കുറച്ചില്ല.
മറ്റുള്ളവരെ ബേജാറാക്കാനോ വിഷമിപ്പിക്കാനോ അദ്ദേഹം ഒട്ടും ആഗ്രഹിച്ചിരുന്നില്ല. സ്വന്തം ഹൃദയസംബന്ധമായ അസുഖവും ശസ്ത്രക്രിയയുമെല്ലാം ഉമ്മയെയും കുടുംബത്തെയും അനാവശ്യമായി വിഷമിപ്പിക്കേണ്ട എന്ന് കരുതി സ്നേഹപൂർവ്വം മറച്ചുവെച്ച ആ മനസ്സ്, അദ്ദേഹം മറ്റുള്ളവരെ എത്രത്തോളം സ്നേഹിച്ചിരുന്നു എന്നതിന്റെ തെളിവാണ്. ഒടുവിൽ വിധി പരാജയപ്പെടുത്തി അദ്ദേഹത്തെ നമ്മിൽ നിന്ന് തട്ടിയെടുക്കുമ്പോൾ, അത് താങ്ങാനുള്ള കരുത്ത് ആ കുടുംബത്തിനില്ല.ആ മയ്യത്തിന് മുന്നിൽ നിന്ന് അവരുയർത്തിയകൾ നിലവിളി കണ്ടുനിന്നവരുടെയെല്ലാം നെഞ്ച് തകർക്കുന്നതായിരുന്നു.”
നീറ്റ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന മൂത്ത മകനടക്കം, ഉപ്പയുടെ തണൽ നഷ്ടപ്പെട്ട ആ അഞ്ച് മക്കളുടെ മുഖം കൺമുന്നിൽ നിൽക്കുന്ന ആർക്കും കണ്ണീരടക്കാനാകില്ല. കുട്ടികളുടെ പഠനാവശ്യാർത്ഥം മംഗലാപുരത്തായിരുന്നു താമസമെങ്കിലും മണ്ണുംകുഴിയുടെ സ്പന്ദനമായിരുന്ന മൊയ്‌നുദ്ദീന്റെ വേർപാട് ഈ നാടിന് നികത്താനാകാത്ത നഷ്ടമാണ്.
മത്സരബുദ്ധികൾക്കപ്പുറം മനുഷ്യബന്ധങ്ങൾക്ക് വിലകല്പിച്ച, സ്നേഹത്തിന്റെ രാഷ്ട്രീയവും സൌഹൃദവും കാത്തുസൂക്ഷിച്ച ഒരു നല്ല മനുഷ്യനായിരുന്നു അദ്ദേഹം.
പരമകാരുണ്യവാനായ അല്ലാഹു അദ്ദേഹത്തിന്റെ പരലോകജീവിതം ധന്യമാക്കട്ടെ, അവിടുത്തെ പാപങ്ങൾ പൊറുത്തു കൊടുത്ത് ജന്നാത്തുൽ ഫിർദൗസിൽ ഇടം നൽകി അനുഗ്രഹിക്കുമാറാകട്ടെ. വേർപാടിന്റെ അഗാധമായ ദുഃഖത്തിൽ കഴിയുന്ന മാതാവ് ഖൈറുന്നീസ, ഭാര്യ, മക്കൾ, സഹോദരങ്ങൾ, സുഹൃത്തുക്കൾ എന്നിവർക്ക് ഈ വിയോഗം താങ്ങാനുള്ള ക്ഷമയും കരുത്തും നാഥൻ പ്രധാനം ചെയ്യട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ആമീൻ.
കണ്ണീരോടെ അനുശോചനങ്ങൾ…



