കാസർഗോഡ്: മയക്കുമരുന്ന് മാഫിയകൾക്കും ലഹരി ഉപയോഗിച്ച് ജീവിതം തുലയ്ക്കുന്നവർക്കും ശക്തമായ മുന്നറിയിപ്പുമായി കോടതി വിധി. 63 ഗ്രാം മാരക മയക്കുമരുന്നായ MDMA അനധികൃതമായി കൈവശം വെച്ച് വിൽപ്പന നടത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഉപ്പള മുസ്സൊടി പുഴക്കര ഹൗസിലെ അബ്ദുൽ അസീസിനെയാണ് (29) കാസർഗോഡ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് വിനായക റാവു ആർ. ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ പ്രതി അധികമായി ഒരു വർഷം കൂടി കഠിനതടവ് അനുഭവിക്കേണ്ടി വരും.
നാടിനെയും യുവതലമുറയെയും ഒരുപോലെ കാർന്നുതിന്നുന്ന ലഹരിമാഫിയകൾക്കെതിരെ പോലീസും നീതിന്യായ വ്യവസ്ഥയും സ്വീകരിക്കുന്ന കശന നിലപാടിന്റെ തെളിവാണ് ഈ വിധിന്യായം. 2024 മാർച്ച് 9-ന് വൈകുന്നേരം 7:25-ഓടെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കുഞ്ചത്തൂർ ഗ്രാമത്തിൽ വെച്ച് വിൽപ്പനയ്ക്കായി മയക്കുമരുന്ന് സൂക്ഷിച്ചിരിക്കുകയാണെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് മഞ്ചേശ്വരം പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതി അബ്ദുൽ അസീസ് 63 ഗ്രാം MDMA സഹിതം പിടിയിലാകുന്നത്.

മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന ടോൽസൺ പി. ജോസഫിന്റെ നേതൃത്വത്തിലാണ് കേസ് (Cr No. 542/24) രജിസ്റ്റർ ചെയ്തത്. തുടർന്ന് കൃത്യമായ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് മഞ്ചേശ്വരം ഇൻസ്പെക്ടർ ആയിരുന്ന അനൂപ് കുമാർ ഇ. ആണ്. കേസിൽ പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വ. വേണുഗോപാലൻ പി. ഹാജരായി സമർത്ഥമായി വാദിച്ചു. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (NDPS) ആക്ട് സെക്ഷൻ 22(C) പ്രകാരം വാണിജ്യ അളവിൽ മയക്കുമരുന്ന് സൂക്ഷിച്ച കുറ്റം തെളിഞ്ഞതോടെയാണ് കോടതി പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കിയത്.
ലഹരിമരുന്നിന്റെ വഴിയിലൂടെ സഞ്ചരിക്കുന്ന ഏതൊരാൾക്കും ഇതൊരു വലിയ പാഠമാണ്. പെട്ടെന്ന് പണമുണ്ടാക്കാമെന്ന വ്യാമോഹത്തിലും ലഹരിയുടെ താൽക്കാലിക സുഖത്തിലും വീണുപോകുന്ന യുവത്വം എത്തിച്ചേരുന്നത് ജീവിതകാലം മുഴുവൻ ഇരുമ്പഴിക്കുള്ളിൽ കഴിച്ചുകൂട്ടേണ്ടി വരുന്ന ദാരുണമായ സാഹചര്യത്തിലേക്കാണ്. സ്വന്തം ജീവിതവും കുടുംബത്തിന്റെ പ്രതീക്ഷകളും ഇല്ലാതാക്കുന്ന ഈ വഴിയിൽ നിന്ന് ഓരോരുത്തരും പിന്മാറണമെന്നും ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ സമൂഹം ഒന്നിച്ച് അണിനിരക്കണമെന്നും ഈ സംഭവം നമ്മെ ഓർമ്മിപ്പിക്കുന്നു.



