bncmalayalam.in

മംഗളൂരു വിമാന ദുരന്തത്തിന് 16 വർഷം;ഇന്നും തീരാത്ത നിലവിളികൾ… നീതി തേടി കോടതിവാതിൽ കയറിയിറങ്ങുന്ന കുടുംബങ്ങൾ…

218: മംഗളൂരു വിമാന ദുരന്തത്തിന് 16 വർഷം;ഇന്നും തീരാത്ത നിലവിളികൾ… നീതി തേടി കോടതിവാതിൽ കയറിയിറങ്ങുന്ന കുടുംബങ്ങൾ…

മംഗളൂരു വിമാന ദുരന്തത്തിന് 16 വർഷം;ഇന്നും തീരാത്ത നിലവിളികൾ… നീതി തേടി കോടതിവാതിൽ കയറിയിറങ്ങുന്ന കുടുംബങ്ങൾ…

മംഗളൂരു: 2010 മെയ് 22.ഒരു സാധാരണ പുലർച്ചെ…ഗൾഫിൽ നിന്നുള്ള ആയിരക്കണക്കിന് പ്രവാസി കുടുംബങ്ങൾ പോലെ ചില വീടുകൾ ആ ദിവസവും സന്തോഷത്തോടെ കാത്തിരുന്നു.
“അച്ഛൻ വരുന്നു…” “മകൻ ഇറങ്ങും…”“ഭർത്താവ് വീട്ടിലെത്തും…”പക്ഷേ ഏതാനും നിമിഷങ്ങൾക്കകം ആ കാത്തിരിപ്പുകൾ എല്ലാം തീപിടിച്ചൊരു ദുരന്തമായി മാറി.

ദുബായിൽ നിന്ന് മംഗളൂരുവിലേക്കെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് IX-812 വിമാനം മംഗളൂരു വിമാനത്താവളത്തിലെ ടേബിൾടോപ്പ് റൺവേ മറികടന്ന് താഴ്വരയിലേക്ക് പതിച്ചു. പിന്നാലെ ആകാശത്തേക്ക് ഉയർന്നത് തീയുടെ ജ്വാലകളും മനുഷ്യരുടെ അവസാന നിലവിളികളും മാത്രം.

mangalore-plane-crash-16-years-families-still-seeking-justice

158 ജീവനുകൾ…ഒരു നിമിഷം കൊണ്ട് ഇല്ലാതായി.രക്ഷപ്പെട്ടത് വെറും എട്ട് പേർ മാത്രം.
കേരളത്തിന്റെയും കർണാടകത്തിന്റെയും നൂറുകണക്കിന് കുടുംബങ്ങളുടെ ജീവിതം അന്ന് അവിടെ അവസാനിച്ചുപോയി.

അന്ന് മംഗളൂരുവിലെ വെൻലോക്ക് ആശുപത്രിക്ക് മുന്നിൽ കണ്ട കാഴ്ചകൾ ഇന്നും പലരുടെയും മനസ്സിൽ തീരാത്ത മുറിവാണ്.
കത്തിക്കരിഞ്ഞ മൃതദേഹങ്ങൾക്കിടയിൽ സ്വന്തം മകനെ തിരിച്ചറിയാൻ കഴിയാതെ കരഞ്ഞുവീണ അമ്മമാർ…
“ഇത് എന്റെ ഭർത്താവാണോ?” എന്ന് വിറയുന്ന ശബ്ദത്തിൽ ചോദിച്ച ഭാര്യമാർ…
ഫോണിൽ അവസാനമായി “ഞാൻ ഇറങ്ങാറായി…” എന്ന് പറഞ്ഞ ശബ്ദം മാത്രം ബാക്കിയാക്കി ഇല്ലാതായ മനുഷ്യർ…

അന്ന് രക്ഷാപ്രവർത്തനത്തിനിറങ്ങിയ നാട്ടുകാരും മെഡിക്കൽ വിദ്യാർത്ഥികളും പിന്നീട് ഒരേയൊരു കാര്യം പറഞ്ഞു “ആ കാഴ്ചകൾ ജീവിതത്തിൽ നിന്ന് ഒരിക്കലും മായില്ല…”സൈറൺ ശബ്ദങ്ങൾ നിറഞ്ഞ ആ രാവിലെയെ മംഗളൂരു ഇന്നും മറന്നിട്ടില്ല.

പക്ഷേ ഈ ദുരന്തത്തിന്റെ ഏറ്റവും വലിയ വേദന മരണത്തിൽ അവസാനിച്ചില്ല.
അത് പിന്നീട് കോടതിമുറികളിൽ തുടർന്നു.

16 വർഷങ്ങൾ കഴിഞ്ഞിട്ടും നിരവധി കുടുംബങ്ങൾ ഇന്നും നീതി തേടുകയാണ്.
നഷ്ടപരിഹാരത്തിനായി…ഒരു അംഗീകാരത്തിനായി…തങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവനിന് ഈ രാജ്യത്ത് എന്തെങ്കിലും വിലയുണ്ടായിരുന്നുവെന്ന് തെളിയിക്കാൻ…ചിലർക്കു നഷ്ടപരിഹാരം ലഭിച്ചു.ചിലർ അത് നിരസിച്ചു.കാരണം അവർ ചോദിച്ചത് പണം മാത്രമല്ലായിരുന്നു. അവർക്ക് വേണ്ടിയിരുന്നത് നീതിയും കൂടിയാണ്.

ഒരു കുടുംബത്തിന്റെ മുഴുവൻ ചുമതല വഹിച്ച അച്ഛനെയായിരുന്നു അവർ നഷ്ടപ്പെട്ടത്.
വീട്ടിലെ ഏക വരുമാനമായ മകനെയായിരുന്നു അവർ നഷ്ടപ്പെട്ടത്.ജനിക്കാനിരുന്ന കുഞ്ഞിന്റെ ഭാവിയെയായിരുന്നു അവർ നഷ്ടപ്പെട്ടത്.

വർഷങ്ങൾ കടന്നുപോയി…ഫയലുകൾ മാറി…
ഹിയറിംഗുകൾ നീണ്ടു…അപ്പീലുകൾ തുടർന്നു…
പക്ഷേ പല കുടുംബങ്ങൾക്കും ഇന്നും ഒരു അവസാന വാക്ക് പോലും ലഭിച്ചിട്ടില്ല.ഇത് ഒരു വിമാനാപകടത്തിന്റെ കഥ മാത്രം അല്ല.ദുരന്തത്തിൽ തകർന്ന മനുഷ്യരുടെ കണ്ണീരിനേക്കാൾ നമ്മുടെ നിയമവ്യവസ്ഥയുടെ വേഗം ചെറുതാണെന്ന യാഥാർത്ഥ്യത്തിന്റെ കഥ കൂടിയാണ്.

ഒരു അമ്മയ്ക്ക് നഷ്ടമായ മകനെ തിരികെ നൽകാൻ ഒരു കോടതിക്കും കഴിയില്ല.
ഒരു കുഞ്ഞിന് നഷ്ടമായ അച്ഛന്റെ സ്നേഹം നഷ്ടപരിഹാര ചെക്കുകൾ കൊണ്ട് പകരംവെക്കാനാവില്ല. എന്നാൽ കുറഞ്ഞത് സമയത്ത് ലഭിക്കേണ്ടിയിരുന്നത് “നീതി” ആയിരുന്നു.16 വർഷങ്ങൾക്കിപ്പുറവും മംഗളൂരു വിമാന ദുരന്തം ഓർമ്മിപ്പിക്കുന്നത് ഒരു അപകടത്തെ മാത്രം അല്ല ,ദുരന്തം കഴിഞ്ഞിട്ടും അവസാനിക്കാത്ത മനുഷ്യവേദനയെ ആണ്.

ഇന്നും ചില വീടുകളിൽ ആ ദിനം കലണ്ടറിൽ വന്നാൽ നിശ്ശബ്ദത മാത്രം.ചില അമ്മമാർ ഇന്നും മകന്റെ ഫോട്ടോ തഴുകി കരയുന്നു.
ചില കുട്ടികൾ ഇന്നും അച്ഛന്റെ ശബ്ദം പഴയ ഫോണുകളിൽ കേട്ടുറങ്ങുന്നു.അവർക്കായി സമയം മുന്നോട്ടുപോയിട്ടില്ല…2010 മെയ് 22 അവിടെ തന്നെയാണ് നിൽക്കുന്നത്.

മരിച്ച 158 പേരുടെയും ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ… 🌹

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *