തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ പേരും ചിത്രവും ഉപയോഗിച്ച് ബലിപെരുന്നാളിനോടനുബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ പോസ്റ്റർ വലിയ വിവാദത്തിന് ഇടയാക്കുന്നു. “ഓരോ റേഷൻ കാർഡ് ഉടമക്കും അഞ്ച് കിലോ ബസ്‌മതി അരിയും രണ്ട് കിലോ ശുദ്ധ നെയ്യും നൽകും” എന്ന അവകാശവാദത്തോടെയാണ് പോസ്റ്റർ വ്യാപകമായി പ്രചരിക്കുന്നത്. എന്നാൽ ഇത്തരത്തിൽ ഒരു പദ്ധതിയും സർക്കാർ പ്രഖ്യാപിച്ചിട്ടില്ലെന്നും പോസ്റ്ററിന് യാതൊരു ഔദ്യോഗിക അടിസ്ഥാനവും ഇല്ലെന്നുമാണ് ലഭിക്കുന്ന വിവരം.

വാട്സ്ആപ് ഗ്രൂപ്പുകൾ, ഫേസ്ബുക്ക് പേജുകൾ, ടെലഗ്രാം ചാനലുകൾ തുടങ്ങി വിവിധ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ചിത്രം അതിവേഗം പ്രചരിച്ചത്. പുതിയ യു.ഡി.എഫ് സർക്കാർ റേഷൻ കടകളിലൂടെ പ്രത്യേക പെരുന്നാൾ വിതരണം നടത്തുമെന്ന രീതിയിൽ അതിന്റെ രൂപകൽപന ഒരുക്കിയിരിക്കുന്നത് സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലാണെന്ന വിമർശനവും ഉയരുന്നുണ്ട്.
തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഇത്തരം വ്യാജ രാഷ്ട്രീയ പോസ്റ്ററുകളും തെറ്റായ പ്രഖ്യാപനങ്ങളും വ്യാപകമാകുന്നതും ആശങ്ക ഉയർത്തുന്നതാണ്. രാഷ്ട്രീയ എതിരാളികളെ അപകീർത്തിപ്പെടുത്താനും ജനങ്ങളെ കുഴക്കാനുമായി സംഘടിതമായ രീതിയിൽ ഇത്തരം പ്രചരണങ്ങൾ നടക്കുന്നതായാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. “തോറ്റാൽ പോലും രാഷ്ട്രീയമായ മാന്യത പാലിക്കാതെ, ജനങ്ങളെ തൂറി തോൽപ്പിക്കുന്ന തരത്തിലുള്ള പ്രചരണങ്ങളാണ് നടക്കുന്നത്” എന്ന വിമർശനവും ശക്തമാകുന്നു.
പ്രത്യേകിച്ച് മുഖ്യമന്ത്രിയുടെ ഫോട്ടോയും പേരും ഉപയോഗിച്ച് വ്യാജ വാഗ്ദാനങ്ങൾ പ്രചരിപ്പിക്കുന്നത് സാധാരണ ജനങ്ങളെ വട്ടം കറക്കുന്നതും ഭരണ സംവിധാനത്തോടുള്ള വിശ്വാസം തകർക്കുന്നതുമായ പ്രവൃത്തിയാണെന്ന് സൈബർ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം വ്യാജ പോസ്റ്ററുകൾക്ക് പിന്നിലുള്ളവരെ കണ്ടെത്തി ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യം വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുന്നുണ്ട്.
സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന രാഷ്ട്രീയ പോസ്റ്റുകളും സർക്കാർ പ്രഖ്യാപനങ്ങളും വിശ്വസിക്കുന്നതിന് മുമ്പ് ഔദ്യോഗിക സ്രോതസ്സുകൾ പരിശോധിക്കണമെന്ന് മാധ്യമ നിരീക്ഷകരും സൈബർ വിദഗ്‌ധരും മുന്നറിയിപ്പ് നൽകുന്നു. വ്യാജ കാർഡുകൾ, തിരുത്തിയ ചിത്രങ്ങൾ, കെട്ടിച്ചമച്ച അവകാശവാദങ്ങൾ എന്നിവ ഉപയോഗിച്ച് തെറ്റിദ്ധാരണ പരത്തുന്ന സംഭവങ്ങൾ സമീപകാലത്ത് ഗണ്യമായി വർധിച്ചതായും അവർ ചൂണ്ടിക്കാട്ടുന്നു



