കാസർകോട്: ജില്ലയെ പിടിച്ചുകുലുക്കിയ കുമ്പള കഞ്ചാവ് വേട്ടയിലെ അണിയറക്കഥകൾ പുറത്തുവരുമ്പോൾ തകരുന്നത് വൻ ലഹരി സാമ്രാജ്യത്തിന്റെ വേരുകളാണ്. പിടികൂടാൻ ചെന്നാൽ പാമ്പിനെപ്പോലെ വഴുതിമാറുന്ന, കാഞ്ഞങ്ങാട് ഭാഗങ്ങളിലെ ലഹരി വിതരണത്തിന്റെ പ്രധാന അച്ചുതണ്ടായ അജാനൂർ തെക്കേപ്പുറം സ്വദേശി ‘ലാവാ സമീർ’ എന്ന ടി.എം. സമീർ (39), ഇയാളുടെ നിഴലായ പ്രധാന കൂട്ടാളി ജംഷീർ എന്നിവരാണ് ഒടുവിൽ പൊലീസിന്റെ അതിസാഹസികമായ മിന്നൽ ഓപ്പറേഷനിൽ വലയിലായത്. കുമ്പള ഇൻസ്പെക്ടർ ബൈജു കെ. ജോസും പാർട്ടിയും നടത്തിയ തന്ത്രപരമായ നീക്കമാണ്, അണിയറയിലിരുന്ന് കരുക്കൾ നീക്കുന്ന ഈ വമ്പൻ സ്രാവുകളെ നിയമത്തിന് മുന്നിലെത്തിച്ചത്.
തൊണ്ടിമുതലോടെ സ്വയം പിടിക്കപ്പെടാതിരിക്കാൻ അതീവ ജാഗ്രത പുലർത്തുന്ന തന്ത്രശാലിയാണ് ലഹരി മാഫിയാ തലവനായ ലാവാ സമീർ. ദിവസങ്ങൾക്ക് മുമ്പ് നാമമാത്രമായ കഞ്ചാവുമായി എക്സൈസ് സംഘം ഇയാളെ പൊക്കിയിരുന്നെങ്കിലും, അന്ന് അറസ്റ്റ് ചെയ്യാൻ പാകത്തിലുള്ള അളവ് കയ്യിലില്ലാത്തതിനാൽ നിയമത്തിന്റെ ലൂപ്പ്ഹോളിലൂടെ നോട്ടീസ് നൽകി വിട്ടയക്കേണ്ടി വന്നിരുന്നു. താൻ സുരക്ഷിതനാണെന്ന് സമീർ കരുതിയെങ്കിലും ലഹരിയുടെ ഉറവിടം തേടിയുള്ള പൊലീസിന്റെ അന്വേഷണം വിട്ടുവീഴ്ചയില്ലാത്തതായിരുന്നു. കുമ്പളയിൽ കോമ്പിങ് ഓപ്പറേഷനിടെ പിടികൂടിയ 32.2 കിലോ കഞ്ചാവ് കേസിന്റെ വേരുകൾ തേടിയുള്ള യാത്രയാണ് അന്വേഷണസംഘത്തെ ഈ മാഫിയാ തലവനിലേക്ക് എത്തിച്ചത്.
കേസിലെ രണ്ടാം പ്രതിയായ മുഹമ്മദ് മിർഷാനെ കസ്റ്റഡിയിൽ വാങ്ങി വിപുലമായി ചോദ്യം ചെയ്തതാണ് ഈ അന്വേഷണത്തിൽ വലിയ വഴിത്തിരിവായത്. തുടർന്ന് മിർഷാന്റെ മൊബൈൽ ഫോൺ രേഖകൾ, ബാങ്ക് അക്കൗണ്ടുകൾ, സാമ്പത്തിക ഇടപാടുകൾ എന്നിവ കേന്ദ്രീകരിച്ച് പൊലീസ് അതീവ രഹസ്യമായി ശാസ്ത്രീയമായ വെരിഫിക്കേഷൻ നടത്തി. കഞ്ചാവ് വാങ്ങാൻ ലക്ഷങ്ങൾ നിക്ഷേപിച്ച വലിയ തുകകളുടെ സാമ്പത്തിക ഇടപാടുകൾ പുറത്തുകൊണ്ടുവന്നതോടെ, കഞ്ചാവ് കടത്തിന് പണം മുടക്കിയ മൂന്നും നാലും പ്രതികൾ ജംഷീറും ലാവാ സമീറുമാണെന്ന് പൊലീസ് കൃത്യമായി സ്ഥിരീകരിച്ചു. കൃത്യമായ ഡിജിറ്റൽ തെളിവുകൾ ശേഖരിച്ച ശേഷം, പന്ത്രണ്ടാം തീയതി അർധരാത്രിയോടെ ഇവരുടെ രഹസ്യ താവളം വളഞ്ഞ പൊലീസ് സംഘം പ്രതികളെ കസ്റ്റഡിയിലെടുക്കുകയും പതിമൂന്നാം തീയതി രാവിലെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുകയുമായിരുന്നു.

പൊലീസ് ലിസ്റ്റിലെ കുപ്രസിദ്ധ റൗഡി ഹിസ്റ്ററി ഷീറ്റിൽ ഇടംപിടിച്ച ക്രിമിനലാണ് ലാവാ സമീർ. ഇയാൾക്ക് പിന്നിൽ അഭിഭാഷകരും ജാമ്യം നിൽക്കാൻ ആളുകളുമുള്ള വൻ ഗ്യാങ് തന്നെയുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കേസ് വരുമ്പോൾ കോടതിയിൽ ഇവർക്ക് ആവശ്യമായ നിയമസഹായങ്ങൾ ഒരുക്കുന്നത് ‘കള്ളൻ’ എന്ന പേരിൽ അറിയപ്പെടുന്ന ആളാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. വധശ്രമം, മതവിദ്വേഷം വളർത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ , അടിപിടി കേസുകൾ, പാസ്പോർട്ട് ആക്ട് ലംഘനം തുടങ്ങി ഹോസ്ദുർഗ്, വിദ്യാനഗർ, രാജപുരം, ബദിയടുക്ക സ്റ്റേഷനുകളിലായി 15 കേസുകൾ ഇയാൾക്കെതിരെയുള്ളത്. മൂന്നാം പ്രതിയായ ജംഷീറാകട്ടെ ഹോസ്ദുർഗിലും വള്ളരിക്കുണ്ടിലും മാരക ലഹരിമരുന്ന് വിരുദ്ധ നിയമപ്രകാരമുള്ള (NDPS) കേസുകളിൽ പ്രതിയാണ്. ലഹരി വിതരണത്തിന് പുറമെ മറ്റു പല ക്രിമിനൽ ആക്ടിവിറ്റികളിലും ഈ സംഘം സജീവമാണെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന.
ലഹരി കേസിന്റെ ഉറവിടം അന്വേഷിച്ച് പോയി, അതിന്റെ തലവനെ തന്നെ തളച്ച കുമ്പള പൊലീസിന്റെ പഴുതടച്ച അന്വേഷണ മികവിന് കാസർകോട് ജില്ലയിൽ വലിയ കൈയടിയാണ് ലഭിക്കുന്നത്. ജില്ലയിലെ ലഹരിക്കടത്തിന് കനത്ത പ്രഹരമേൽപ്പിച്ച ഈ ഓപ്പറേഷന് ശേഷം പ്രതികൾക്കെതിരെ ഇനി ‘കാപ്പ’ (KAAPA) നിയമപ്രകാരമുള്ള നടപടികളിലേക്ക് നീങ്ങാനാണ് പൊലീസ് നീക്കം. ഇതോടെ ലഹരി മാഫിയയുടെ സാമ്രാജ്യം ഇനി തടവറയ്ക്കുള്ളിലാകുമെന്ന് ഉറപ്പായിരിക്കുകയാണ്.



