കേരളത്തിലെ വോട്ടർപട്ടിക പുതുക്കലിലെ നിഗൂഢതകൾ: 24 ലക്ഷം വോട്ടുകൾ വെട്ടിമാറ്റി, പുതു വോട്ടർമാർ എത്ര എന്ന ചോദ്യങ്ങൾക്ക് കൈമലർത്തി ഇലക്ഷൻ കമ്മീഷൻ ,കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് വീണ്ടും നടത്തേണ്ടി വരുമോ ?
തിരുവനന്തപുരം : ദേശീയ രാഷ്ട്രീയത്തിൽ വോട്ടുചോർച്ചയും വോട്ടർപട്ടിക തിരിമറിയും സംബന്ധിച്ച ആരോപണങ്ങൾ കൊടുമ്പിരിക്കൊള്ളുമ്പോൾ, കേരളത്തിലെ പ്രത്യേക വോട്ടർപട്ടിക പുതുക്കൽ (എസ്.ഐ.ആർ) പ്രക്രിയയിലും ദുരൂഹതകളുടെ പുകമറ നീങ്ങുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും, കരട് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട ലക്ഷക്കണക്കിന് വോട്ടർമാരുടെ കാര്യത്തിലോ അന്തിമ പട്ടികയിൽ ഉൾപ്പെട്ട പുതിയ ആളുകളുടെ കണക്കുകളിലോ വ്യക്തമായ വിശദീകരണം നൽകാൻ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന് സാധിച്ചിട്ടില്ല. അക്കങ്ങളുടെ പൊരുത്തക്കേടുകളും കമ്മീഷന്റെ ദുർബലമായ വാദങ്ങളും ജനാധിപത്യ പ്രക്രിയയുടെ സുതാര്യതയെത്തന്നെയാണ് ഇപ്പോൾ വിചാരണ ചെയ്യുന്നത്.
എസ്.ഐ.ആർ പ്രക്രിയ ആരംഭിക്കുന്നതിന് മുൻപ് 2,78,05,555 വോട്ടർമാരാണ് സംസ്ഥാനത്തുണ്ടായിരുന്നത്. എന്നാൽ കരട് പട്ടിക പുറത്തിറങ്ങിയപ്പോൾ ഇത് 2,54,02,352 ആയി കുത്തനെ ഇടിഞ്ഞു. ഒറ്റയടിക്ക് ഒഴിവാക്കപ്പെട്ടത് 24,03,503 വോട്ടർമാർ. പിന്നീട് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 15,11,292 പേരെ പുതുതായി ഉൾപ്പെടുത്തിയെന്നും, ഇവർ നേരത്തെ പുറത്തായവരിൽ നിന്ന് “തിരിച്ചെത്തിയവർ” ആണെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അവകാശപ്പെടുന്നത്. എന്നാൽ ഈ അവകാശവാദമാണ് ഏറ്റവും വലിയ സംശയങ്ങൾക്ക് വഴിവെക്കുന്നത്.

അന്തിമ പട്ടികയിൽ ഉൾപ്പെട്ട ഈ പതിനഞ്ച് ലക്ഷത്തിലേറെ ആളുകളിൽ എത്രപേർ കന്നിവോട്ടർമാരാണെന്ന ചോദ്യത്തിന് കമ്മീഷന് ഇപ്പോഴും ഉത്തരമില്ല. നിലവിലെ കമ്പ്യൂട്ടർ സോഫ്റ്റ്വെയർ ഉപയോഗിച്ച് പുതിയ വോട്ടർമാരെ വേർതിരിച്ചു കണ്ടെത്താൻ കഴിയില്ലെന്ന വിചിത്രമായ വിശദീകരണമാണ് ഉദ്യോഗസ്ഥർ നൽകുന്നത്. സംസ്ഥാനത്ത് കമ്മീഷൻ തന്നെ നേരിട്ട് ക്യാമ്പസുകൾ കേന്ദ്രീകരിച്ചും സമൂഹമാധ്യമങ്ങൾ വഴിയും ‘ജെൻ-സി’ ഉൾപ്പെടെയുള്ള വിപുലമായ കന്നിവോട്ടർ കാമ്പയിനുകൾ സംഘടിപ്പിച്ചിരുന്നു. സ്വാഭാവികമായും പുതുതായി വോട്ട് ചേർത്തവരിൽ ബഹുഭൂരിഭാഗവും ഈ യുവ വോട്ടർമാരാകാനാണ് സാധ്യത. അങ്ങനെയാണെങ്കിൽ, കരട് പട്ടികയിൽ നിന്ന് പുറന്തള്ളപ്പെട്ട 24 ലക്ഷത്തോളം വരുന്ന യഥാർത്ഥ വോട്ടർമാരിൽ ഭൂരിഭാഗവും ഇപ്പോഴും പട്ടികയ്ക്ക് പുറത്തുതന്നെയാണെന്ന് വ്യക്തമാകുന്നു. ഇവർ എവിടെപ്പോയി എന്നതിന് കമ്മീഷൻ മറുപടി പറയേണ്ടതുണ്ട്.
പട്ടിക തയ്യാറാക്കുന്നതിലെ സാങ്കേതിക കേന്ദ്രീകരണമാണ് മറ്റൊരു പ്രധാന വില്ലൻ. തെരഞ്ഞെടുപ്പ് ചട്ടങ്ങൾ പ്രകാരം പ്രാദേശിക തലത്തിൽ വോട്ടർമാരുടെ വിവരങ്ങൾ പരിശോധിച്ചു ഉറപ്പുവരുത്തേണ്ടത് ബൂത്ത് ലെവൽ ഓഫീസർമാരാണ് (ബി.എൽ.ഒ). എന്നാൽ പുതിയ സോഫ്റ്റ്വെയർ സംവിധാനം വന്നതോടെ പ്രാദേശിക ഉദ്യോഗസ്ഥരുടെ അധികാരം പൂർണ്ണമായും കവർന്നെടുക്കപ്പെട്ടു. വീടുകളോ ഫ്ലാറ്റുകളോ അടഞ്ഞുകിടക്കുന്നു എന്ന നിസ്സാര കാരണങ്ങൾ നിരത്തി ആളുകളുടെ വോട്ടുകൾ വ്യാപകമായി റദ്ദാക്കപ്പെട്ടപ്പോൾ, ആ തെറ്റുകൾ തിരുത്താനോ പുതിയ വിവരങ്ങൾ ചേർക്കാനോ ബി.എൽ.ഒമാർക്ക് സാങ്കേതിക സൗകര്യമില്ലാതായി. സുപ്രീം കോടതിയുടെ വരെ വിമർശനത്തിന് ഇടയാക്കിയ ഈ അധികാര കേന്ദ്രീകരണവും ചട്ടവിരുദ്ധമായ നടപടികളും കമ്മീഷന്റെ നിഷ്പക്ഷതയ്ക്ക് മേൽ നിഴൽ വീഴ്ത്തുന്നു.
മുന്നണികൾ തമ്മിലുള്ള വിജയപരാജയങ്ങൾ പലപ്പോഴും നേരിയ വോട്ടുകൾക്ക് മാത്രം നിർണ്ണയിക്കപ്പെടുന്ന കേരളം പോലുള്ള ഒരു സംസ്ഥാനത്ത്, ലക്ഷക്കണക്കിന് വോട്ടുകൾ അപ്രത്യക്ഷമാകുന്നതും അതിനുമേൽ കമ്മീഷൻ പുലർത്തുന്ന നിശ്ശബ്ദതയും അത്യന്തം ഗൗരവതരമാണ്. തെരഞ്ഞെടുപ്പ് പ്രക്രിയക്ക് ചുക്കാൻ പിടിച്ച ചില ഉന്നത ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ-ഭരണപരമായ സ്ഥാനമാനങ്ങളും മറ്റിടങ്ങളിലെ സമാന സാഹചര്യങ്ങളോട് ചേർത്തുവെച്ച് ചർച്ച ചെയ്യപ്പെടുന്നുണ്ട്. സാങ്കേതിക തകരാറുകളുടെ മറവിൽ മറച്ചുവെക്കാൻ ശ്രമിച്ചാലും, ജനങ്ങളുടെ വോട്ടവകാശത്തിന്മേൽ നടന്ന ഈ ഒളിച്ചുകളി ഭാവിയിൽ ജനാധിപത്യ ബോധമുള്ള ഒരു ജനതയുടെ ശക്തമായ ചോദ്യം ചെയ്യലുകൾക്ക് വിധേയമാകുമെന്നുറപ്പാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ട് ഇലക്ഷനിൽ ഇടപെട്ടു എന്ന കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയാണെന്ന് പറയുകയാണെങ്കിൽ സമാന ആരോപണം കേരളത്തിൽ നിന്നും ഉയർന്നു വന്നിട്ടുണ്ട് , അതും കൂടി ശരിവെക്കേണ്ട ഉത്തരവാദിത്വം കോൺഗ്രസിൽ വന്നുചേരുകയാണ് , കഴിഞ്ഞ എല്ലാ തിരഞ്ഞെടുപ്പുകളും റദ്ദ് ചെയ്തു പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യത്തോട് കേരളത്തിലെ രാഷ്ട്രീയ സംവിധാനങ്ങൾ എങ്ങനെ പ്രതികരിക്കും എന്നുള്ളതും കൗതുകകരമായി നോക്കി കാണുകയാണ് .



