കാസർകോട്: “ഒരു പെണ്ണിന്റെ പ്രസവസമയത്തെ മാനസികാവസ്ഥ അതികഠിനമാണ്… ജീവൻ പകുത്തു നൽകുന്ന ആ നിമിഷത്തിൽ ഒരു വാക്കിന്റെ ആശ്വാസമെങ്കിലും പ്രതീക്ഷിക്കുന്നിടത്താണ് അധികൃതരുടെ ദയയില്ലാത്ത ക്രൂരതകൾ അരങ്ങേറുന്നത്. ഈ നരകതുല്യമായ സിസ്റ്റം മാറ്റേണ്ട സമയം എപ്പോഴേ കഴിഞ്ഞു!”
കാസർകോട് ജനറൽ ആശുപത്രിയിലെ ദയനീയാവസ്ഥയെക്കുറിച്ച് ഞങ്ങൾ പുറത്തുവിട്ട വാർത്തയ്ക്ക് താഴെ വേദനയോടെയും അമർഷത്തോടെയും ഒരു അമ്മ കുറിച്ച വരികളാണിത്. നിയമപരമായ കാര്യങ്ങളിലുള്ള അജ്ഞത കൊണ്ടും, പാവപ്പെട്ടവരായതിനാൽ “പൊല്ലാപ്പുകൾക്കൊന്നും നിൽക്കണ്ട” എന്ന ഭയം കൊണ്ടും ഇത്രയും കാലം ഉള്ളിലൊതുക്കിയ നീറുന്ന അനുഭവങ്ങളാണ് ഇപ്പോൾ അണപൊട്ടിയൊഴുകുന്നത്. ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും കാവലാളാകേണ്ട ഈ സർക്കാർ സ്ഥാപനം, ഇന്ന് സാധാരണക്കാരെ വേദനിപ്പിക്കുക പരിഹസിക്കുന്ന പീഡിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനമായി അധഃപതിച്ചിരിക്കുന്നു എന്നാണ് ജനങ്ങളുടെ പ്രതികരണങ്ങൾ അടിവരയിടുന്നത്.

“കടം വാങ്ങിയായാലും ഇനി പ്രൈവറ്റിൽ പോകും; അത്രയ്ക്കും കൊടും ക്രൂരത!”
ലേബർ റൂമിൽ പ്രസവവേദന കൊണ്ട് പുളയുന്ന അമ്മമാർ അനുഭവിക്കുന്നത് വാക്കുകൾക്ക് അതീതമായ പീഡനങ്ങളാണ്. പഠിക്കാൻ വരുന്ന ഹൗസ് സർജൻമാരുടെയും യാതൊരു മനുഷ്യത്വവുമില്ലാത്ത ജീവനക്കാരുടെയും പരീക്ഷണ വസ്തുക്കളായി ഇവിടുത്തെ പാവം രോഗികൾ മാറുന്നു.
“12 വർഷം മുൻപ് പ്രസവിച്ച അന്ന് അനുഭവിച്ച വേദനയും അപമാനവും ഇന്നും ഞാൻ മറന്നിട്ടില്ല. എന്റെ ഭർത്താവിനോട് അന്ന് ഞാൻ കൈകൂപ്പി പറഞ്ഞു, ഇനിയൊരു പ്രസവം ഉണ്ടെങ്കിൽ പട്ടിണി കിടന്നും കടം വാങ്ങിയായാലും പ്രൈവറ്റ് ഹോസ്പിറ്റലിൽ മാത്രമേ പോകൂ എന്ന്; അത്രയ്ക്കും ക്രൂരമാണ് ആ ലേബർ റൂമിൽ നടക്കുന്നത്!” — കമന്റുകളിൽ തിളച്ചുമറിയുന്നത് കാലങ്ങളായി നാട് അടക്കിവെച്ച രോഷമാണ്.
പരിശോധനയ്ക്ക് എത്തുമ്പോൾ മുതൽ ഡോക്ടർമാരുടെ മുഖത്തെ ആഭാസകരമായ ദേഷ്യവും പുച്ഛവും സഹിക്കേണ്ടി വരുന്നു. മണിക്കൂറുകളോളം തിക്കിത്തിരക്കി കാത്തുനിന്ന് ഒടുവിൽ കൺസൾട്ടിങ് റൂമിൽ എത്തുമ്പോൾ, “ഇവിടെ സൗകര്യമില്ല, മംഗലാപുരത്തേക്ക് കൊണ്ടുപോവൂ” എന്ന് പറഞ്ഞ് നിഷ്കരുണം ഇറക്കിവിടുകയാണ് പതിവ്. പണമുള്ളവർക്ക് ലക്ഷങ്ങൾ മുടക്കി സ്വകാര്യ ആശുപത്രികളിൽ പോകാം; എന്നാൽ കൈയിൽ പണമില്ലാത്ത സാധാരണക്കാരൻ ഈ ആശുപത്രിയുടെ പടിവാതിൽക്കൽ കിടന്ന് പിടഞ്ഞു മരിക്കണമെന്നാണോ ഇവിടുത്തെ ഭരണാധികാരികൾ കൽപ്പിക്കുന്നത്?
കൈക്കൂലി നൽകാത്തതിന് പ്രതികാരം; പിഞ്ചുകുഞ്ഞുങ്ങളുടെ ജീവൻ വെച്ച് ഡോക്ടർമാരുടെ കളി!
ചില ഡോക്ടർമാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന മനുഷ്യത്വമില്ലാത്ത നടപടികൾ ഏതൊരു മനസ്സാക്ഷിയുള്ള മനുഷ്യനെയും ഞെട്ടിക്കുന്നതാണ്. ആശുപത്രിയിൽ പരിശോധനയ്ക്ക് ചെല്ലുമ്പോൾ മുഖം കറുപ്പിക്കുന്നവർ, ഇവരുടെ സ്വകാര്യ ക്ലിനിക്കിൽ പോയാൽ മാന്യന്മാരായി അഭിനയിക്കുന്നു. എന്നാൽ ആശുപത്രിയിൽ അഡ്മിറ്റായാൽ സ്ഥിതി വീണ്ടും മാറും. ‘കൈമടക്ക്’ നൽകിയില്ലെങ്കിൽ രോഗികളോട് പ്രതികാരബുദ്ധിയോടെ പെരുമാറുന്ന കാഴ്ചയാണ് പലരും സാക്ഷ്യപ്പെടുത്തുന്നത്.
ഡോക്ടർമാർക്ക് “നിൽക്കാൻ സമയമില്ലാത്തതുകൊണ്ട്” ഡെലിവറി നീട്ടിവെക്കുകയും, ഒടുവിൽ കുട്ടികൾക്ക് ‘സ്റ്റക്ക്’ പറ്റി ഗുരുതരാവസ്ഥയിലായപ്പോൾ കൈയൊഴിയുകയും ചെയ്ത ഭീകരതകൾ നിരവധിയാണ്. ഓക്സിജൻ കിട്ടാതെ കുഞ്ഞുങ്ങൾക്ക് ശാശ്വതമായ വൈകല്യങ്ങൾ സംഭവിച്ച കഥകൾ കേൾവിക്കാരെപ്പോലും കണ്ണീരണിയിക്കുന്നു. അവസാന നിമിഷം കടം വാങ്ങി സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയതുകൊണ്ട് മാത്രം ജീവൻ തിരിച്ചുകിട്ടിയ അനുഭവങ്ങളാണ് ജനങ്ങൾ തുറന്നുപറയുന്നത്. രക്തത്തിൽ കുളിച്ച് വേദനകൊണ്ട് നിലവിളിക്കുന്ന പെൺകുട്ടികളെ “സമയമായിട്ടില്ല” എന്ന് പറഞ്ഞ് പുച്ഛിച്ചുതള്ളുന്ന നഴ്സുമാരുടെ ധാർഷ്ട്യം ‘മാലാഖ’ എന്ന സങ്കൽപ്പത്തെത്തന്നെ പരിഹസിക്കുന്നതാണ്.
സ്കാനിംഗിനായി നടുറോഡിൽ അലയുന്ന ഗർഭിണികൾ
ഒരു ദിവസം നൂറുകണക്കിന് ഗർഭിണികൾ എത്തുന്ന ഈ ജനറൽ ആശുപത്രിയിൽ ആകെയുള്ളത് വിരലിലെണ്ണാവുന്ന ഡോക്ടർമാർ മാത്രമാണ്. മാസങ്ങളോളം കാത്തിരുന്നാൽ മാത്രമേ ഇവിടുത്തെ ഒ.പിയിൽ ഒന്ന് കയറിപ്പറ്റാൻ പോലും സാധിക്കൂ.
അടിയന്തരമായി വേണ്ട ഒരു സ്കാനിംഗ് സൗകര്യം പോലുമില്ലാത്തതിനാൽ, നിറഞ്ഞ വയറുമായി ഗർഭിണികൾ നഗരത്തിലെ സ്വകാര്യ ലാബുകൾ തോറും വെയിലത്ത് തെണ്ടിത്തിരിയേണ്ട ഗതികേടിലാണ്. ഹൃദ്രോഗം ഉൾപ്പെടെയുള്ള ജീവൻരക്ഷാ അത്യാഹിത വിഭാഗങ്ങളോ, എം.ആർ.ഐ, സി.ടി സ്കാൻ തുടങ്ങിയ സംവിധാനങ്ങളോ രാത്രികാലങ്ങളിൽ ഇവിടെ ലഭ്യവുമല്ല. ലക്ഷങ്ങൾ ശമ്പളവും വാങ്ങി മണിക്കൂറുകൾ മാത്രം ഡ്യൂട്ടി നോക്കി കടന്നുകളയുന്ന ഉദ്യോഗസ്ഥവൃന്ദം നാടിന്റെ ശാപമായി മാറിയിരിക്കുന്നു.
മാളത്തിൽ ഒളിക്കുന്ന ജനപ്രതിനിധികൾ; വിരൽ ചൂണ്ടി ജനം
“നമ്മുടെ നാടിനു വേണ്ടി പേരിനൊരു ജനറൽ ഹോസ്പിറ്റൽ… അത്രയേ ഉള്ളൂ!” കാസർകോട്ടുകാരുടെ ഈ വാക്കുകളിൽ കട്ടപുച്ഛവും നിസ്സഹായാവസ്ഥയുമുണ്ട്. തിരഞ്ഞെടുപ്പ് വരുമ്പോൾ വാഗ്ദാനങ്ങളുടെ പെരുമഴ പെയ്യിക്കുന്ന രാഷ്ട്രീയക്കാർ, ജനങ്ങൾ ആശുപത്രി വരാന്തകളിൽ പിടഞ്ഞുതീരുമ്പോൾ എവിടെയാണ് ഒളിച്ചിരിക്കുന്നത്? ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികളും ആരോഗ്യവകുപ്പും ഒത്താശ ചെയ്യുന്ന ഈ ഭരണകൂട ഭീകരതയ്ക്കെതിരെ നാട് ഒറ്റക്കെട്ടായി തെരുവിലിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മനുഷ്യന്റെ ജീവന് പുല്ലുവില കൽപ്പിക്കുന്ന ഈ ജനറൽ സ്ഥാപനം ഇനിയും ഇങ്ങനെ തുടരണമോ എന്ന് തീരുമാനിക്കേണ്ടത് ഭരണകൂടമാണ്.



