bncmalayalam.in

വാഹനപ്രേമികൾക്ക് ‘പൂക്കി’ ചിരി സമ്മാനിച്ച് മോട്ടോർ വാഹന വകുപ്പ്; 18 തരം മോഡിഫിക്കേഷനുകൾക്ക് അനുമതി നൽകാൻ ശുപാർശ

266: വാഹനപ്രേമികൾക്ക് ‘പൂക്കി’ ചിരി സമ്മാനിച്ച് മോട്ടോർ വാഹന വകുപ്പ്; 18 തരം മോഡിഫിക്കേഷനുകൾക്ക് അനുമതി നൽകാൻ ശുപാർശ

“മോഡിഫിക്കേഷൻ” കേട്ട് ആവേശത്തിലായ വണ്ടി ഭ്രാന്തന്മാർക്ക് ഒടുവിൽ കിട്ടിയത് സീറ്റ് കവറും ഫ്ലോർ മാറ്റും!

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാലത്ത് വാഹനപ്രേമികളുടെ ഹൃദയം കീഴടക്കിയ “മോഡിഫിക്കേഷൻ അനുവദിക്കും” എന്ന പ്രഖ്യാപനം യാഥാർഥ്യത്തിലേക്കെത്തുമ്പോൾ സോഷ്യൽ മീഡിയയിൽ ചിരിയും ട്രോളും ഒരുപോലെ. വാഹനങ്ങളിൽ 18 തരത്തിലുള്ള മാറ്റങ്ങൾക്ക് അനുമതി നൽകാമെന്ന മോട്ടോർ വാഹന വകുപ്പിന്റെ ശുപാർശ റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ചർച്ചകൾ സജീവമായത്.

സ്റ്റിക്കർ ഒട്ടിക്കാം, അകത്ത് കളർ ലൈറ്റുകൾ വെക്കാം, അധിക സ്പീക്കർ ഘടിപ്പിക്കാം, ഡാഷ് ക്യാം സ്ഥാപിക്കാം, സീറ്റ് കവർ മാറ്റാം, ഫ്ലോർ മാറ്റ് ഇടാം… റിപ്പോർട്ടിലെ പ്രധാന ഇളവുകൾ ഇതൊക്കെയാണ്.

മാന്യമെങ്കിൽ’ സ്റ്റിക്കറും ഒട്ടിക്കാം, പാട്ടുപാടി അടിച്ചുപൊളിക്കാം!

വണ്ടിയിൽ ഒരു സ്റ്റിക്കർ ഒട്ടിച്ചാൽ പോലും പിഴയീടാക്കിയിരുന്ന എം.വി.ഡി (MVD) ഇനി മുതൽ അതിൽ വലിയ ഇളവുകൾ നൽകും. രൂപങ്ങളും ചിത്രങ്ങളുമടങ്ങിയ സ്റ്റിക്കറുകൾ വാഹനങ്ങളിൽ പതിപ്പിക്കാം. പക്ഷേ ഒറ്റ നിബന്ധന മാത്രം—ചിത്രങ്ങൾ ‘മാന്യമായവ’ ആയിരിക്കണം! പൊതുസ്ഥലത്ത് പ്രദർശിപ്പിക്കാൻ യോഗ്യമായ സ്റ്റിക്കറുകൾക്ക് മാത്രമേ അനുമതിയുള്ളൂ.
യാത്രകൾ കൂടുതൽ കളർഫുൾ ആക്കാൻ വാഹനങ്ങൾക്കുള്ളിൽ പല നിറത്തിലുള്ള സ്റ്റൈലിഷ് ലൈറ്റുകൾ വെക്കാനും, പാട്ടു കേട്ട് അടിച്ചുപൊളിക്കാൻ അഡീഷണൽ സ്പീക്കറുകൾ സ്ഥാപിക്കാനും പുതിയ ശുപാർശയിൽ അനുമതിയുണ്ട്. കൂടാതെ 50 ശതമാനം വരെ കാഴ്ച മറയ്ക്കുന്ന സൺ ഫിലിമുകൾ ഒട്ടിക്കാനും അനുവാദമുണ്ടാകും.

 

അനുമതിയോടെ ചെയ്യാവുന്ന പ്രധാന മാറ്റങ്ങൾ:

പെട്ടെന്ന് ഒരു ദിവസം വണ്ടിയുടെ കളർ മാറ്റണം എന്ന് തോന്നിയാൽ അതിനും വഴിയുണ്ട്. പക്ഷേ അതിന് കൃത്യമായ നിയമവഴികളുണ്ട്:

നിറം മാറ്റം: ആർ.ടി.ഒ ഓഫീസിൽ മുൻകൂട്ടി അപേക്ഷ നൽകി, ഫീസടച്ച്, ആർ.സി ബുക്കിൽ രേഖപ്പെടുത്തിയ ശേഷം വണ്ടിയുടെ കളർ മാറ്റാം.

എൻജിൻ & ചേസിസ് മാറ്റം: എൻജിൻ മാറ്റുന്നതിനും ചേസിസ് ഫ്രെയിം മാറ്റുന്നതിനും മുൻകൂർ അനുമതി നിർബന്ധമാണ്.

ഇന്ധന മാറ്റം: സാധാരണ വണ്ടികൾ ഇ.വി (EV) ആയോ സി.എൻ.ജി (CNG) ആയോ മാറ്റുന്നതിനും അനുമതി ലഭിക്കും.

അനുമതിയേതുമില്ലാതെ മാറ്റാവുന്ന മറ്റ് കാര്യങ്ങൾ:

സീറ്റ് കവർ, ഫ്ലോർ മാറ്റ്, സ്റ്റിയറിംഗ് വീൽ കവർ, ക്രോം ഗാർണിഷ്, ഡോർ വൈസേഴ്സ്, മഡ് ഫ്ലാപ്സ്, ഡാഷ് ക്യാം, റിവേഴ്സ് ക്യാമറ, പാർക്കിംഗ് സെൻസറുകൾ, ജിപിഎസ് ട്രാക്കേഴ്സ്, ആൻഡ്രോയിഡ് ഇൻഫോടൈൻമെന്റ് സിസ്റ്റംസ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ടൌ ഹുക്സ്, കൃത്യമായ അളവിലുള്ള റൂഫ് കാരിയറുകൾ.

 

ഇതോടെ “മോഡിഫിക്കേഷൻ” എന്ന വാക്ക് കേട്ട് അലോയ് വീൽ, ബോഡി കിറ്റ്, സസ്പെൻഷൻ മാറ്റം, കസ്റ്റം ഡിസൈൻ തുടങ്ങിയവ സ്വപ്നം കണ്ടിരുന്ന വാഹനപ്രേമികൾക്ക് ചെറിയൊരു നിരാശയും ഉണ്ടായി.
“ഇതൊക്കെ വർഷങ്ങളായി ആളുകൾ ചെയ്യുന്നതല്ലേ, ഇനി അതിന് ഔദ്യോഗിക മുദ്ര കിട്ടിയതാണോ?” എന്നാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചോദ്യം. ചിലർ ഇത് ‘മോഡിഫിക്കേഷൻ വിപ്ലവം’ അല്ല, ‘സീറ്റ് കവർ വിപ്ലവം’ ആണെന്ന് വരെ പരിഹസിക്കുന്നു.
അതേസമയം, കേന്ദ്ര മോട്ടോർ വാഹന നിയമത്തിന്റെ പരിധിക്കുള്ളിൽ മാത്രമേ സംസ്ഥാനത്തിന് ഇളവുകൾ നൽകാൻ കഴിയൂ എന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ വിശദീകരണം. അതിനാൽ വലിയ രൂപമാറ്റങ്ങൾക്കും പ്രകടനക്ഷമത വർധിപ്പിക്കുന്ന മാറ്റങ്ങൾക്കും ഇപ്പോഴും നിയമതടസ്സങ്ങൾ തുടരും.

എന്തായാലും, ഇനി വണ്ടിയിൽ സ്റ്റിക്കർ ഒട്ടിച്ചാലോ ഡാഷ് ക്യാം വെച്ചാലോ പേടിച്ച് എം.വി.ഡി വാഹനത്തിന് പിന്നിൽ വരുമോ എന്ന് നോക്കി കണ്ണാടിയിലേക്ക് നോക്കേണ്ട സാഹചര്യം കുറയുമെന്ന പ്രതീക്ഷയിലാണ് വാഹന ഉടമകൾ!

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *