bncmalayalam.in

കുഴിയിൽ വീണത് കാർ മാത്രം അല്ല; വീണത് മദ്യക്കടത്തിന്റെ രഹസ്യവും!”

കുഴിയിൽ വീണത് കാർ മാത്രം അല്ല; വീണത് മദ്യക്കടത്തിന്റെ രഹസ്യവും!”

ഉപ്പളയിൽ ആറടി ആഴമുള്ള കുഴിയിലേക്ക് മറിഞ്ഞ കാറിൽ നിന്ന് 2200-ലേറെ മദ്യക്കുപ്പികൾ; യുവാവ് പിടിയിൽ

മഞ്ചേശ്വരം: റോഡ് പണി നടക്കുന്ന സ്ഥലത്ത് സ്ഥാപിച്ച തടസ്സങ്ങൾ അവഗണിച്ച് അമിതവേഗത്തിൽ പാഞ്ഞ കാർ നേരെ ആറടി ആഴമുള്ള കുഴിയിലേക്ക് മറിഞ്ഞു. അപകടമെന്ന് കരുതി ഓടിയെത്തിയ പോലീസിനെ കാത്തിരുന്നത് മറ്റൊരു “സർപ്രൈസ്” ആയിരുന്നു. കാറിനുള്ളിൽ നിറഞ്ഞുകിടന്നത് യാത്രക്കാരല്ല,

നൂറുകണക്കിന് കുപ്പി വിദേശമദ്യങ്ങളായിരുന്നു.
ഉപ്പള ഗേറ്റിന് സമീപം ദേശീയപാതയുടെ സർവീസ് റോഡിനോട് ചേർന്നാണ് സംഭവം. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ഓവുചാൽ നിർമ്മാണം നടക്കുന്നതിനാൽ റോഡ് പൂർണമായും അടച്ചിരുന്നു. വാഹനങ്ങൾ കടക്കാതിരിക്കാൻ തടസ്സങ്ങളും സ്ഥാപിച്ചിരുന്നു. എന്നാൽ ഇതെല്ലാം അവഗണിച്ച് പാഞ്ഞെത്തിയ കാർ നേരെ കുഴിയിലേക്ക് മറിയുകയായിരുന്നു.
അപകടവിവരം ലഭിച്ച് സ്ഥലത്തെത്തിയ മഞ്ചേശ്വരം പൊലീസ് വാഹനം പരിശോധിച്ചപ്പോഴാണ് കഥയിലെ ട്വിസ്റ്റ് പുറത്തുവന്നത്.

കാറിൽ നിന്ന് 180 മില്ലി ലീറ്ററിന്റെ 1483 കുപ്പികളും 90 മില്ലിയുടെ 763 ടെട്രാ പാക്കറ്റുകളുമടങ്ങിയ വൻ കർണാടക നിർമിത വിദേശമദ്യ ശേഖരമാണ് കണ്ടെത്തിയത്.
കാറിലുണ്ടായിരുന്ന മീഞ്ച കുളൂർ കെമ്മങ്കള ചാർളയിലെ പ്രജ്വൽ (25) എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഞ്ചേശ്വരം എസ്.ഐ കെ.ആർ. ഉമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് നടപടി സ്വീകരിച്ചത്.

റോഡിലെ കുഴി  ഡ്രൈവർ കണ്ടിരുന്നെങ്കിൽ , കാറിലെ മദ്യശേഖരം പോലീസിന്റെ  കണ്ണിൽ  പെടുമായിരുന്നില്ല. അപകടമെന്നു കരുതിയ സംഭവമാണ് ഒടുവിൽ വൻ മദ്യക്കടത്ത് കേസായി മാറിയത്. പിടിച്ചെടുത്ത മദ്യവും കാറും പൊലീസ് കസ്റ്റഡിയിലെടുത്ത് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *