bncmalayalam.in

ലൈംഗിക പീഡന പരാതി വിവാദം കത്തുന്നു; കത്ത് പുറത്തുവന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും നടപടിയില്ല, കത്ത് പുറത്ത് വീട്ടമ്മ ആരോപണം നേരിടുന്ന ലീഗ് നേതാക്കളും പോലീസിനെ കാത്ത് മടുത്തു.

267: ലൈംഗിക പീഡന പരാതി വിവാദം കത്തുന്നു; കത്ത് പുറത്തുവന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും നടപടിയില്ല, കത്ത് പുറത്ത് വീട്ടമ്മ ആരോപണം നേരിടുന്ന ലീഗ് നേതാക്കളും പോലീസിനെ കാത്ത് മടുത്തു.

ലൈംഗിക പീഡന പരാതി വിവാദം കത്തുന്നു; കത്ത് പുറത്തുവന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും നടപടിയില്ല, കത്ത് പുറത്ത് വീട്ടമ്മ ആരോപണം നേരിടുന്ന ലീഗ് നേതാക്കളും പോലീസിനെ കാത്ത് മടുത്തു.

കാസർഗോഡ്: മുസ്ലിം ലീഗിലെ ഒരു വനിതാ കൗൺസിലർ ഉന്നയിച്ച ലൈംഗിക പീഡന പരാതിയും അതുമായി ബന്ധപ്പെട്ട കത്ത് പുറത്തുവന്നതും ജില്ലയിൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കെ, വിഷയത്തിൽ പൊലീസ് ഇതുവരെ കാര്യമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന ആക്ഷേപം ശക്തമാകുന്നു. പരാതിക്കത്ത് പുറത്തുവന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുകയോ, കത്ത് പുറത്തുവിട്ടെന്ന പരാതിയിൽ ആരോപണം നേരിടുന്ന നേതാക്കളുടെ മൊഴിയെടുക്കുകയോ ചെയ്തിട്ടില്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്.

പരാതിക്കാരിയായ കൗൺസിലർ ആദ്യം പരാതി കൈമാറിയത് മുസ്ലിം ലീഗ് വാർഡ് കമ്മിറ്റിക്കായിരുന്നു. തുടർന്ന് മുനിസിപ്പൽ കമ്മിറ്റിയിലേക്കും മണ്ഡലം കമ്മിറ്റിയിലേക്കും പിന്നീട് ജില്ലാ കമ്മിറ്റിയിലേക്കും പരാതിക്കത്ത് ഔദ്യോഗിക നടപടിക്രമങ്ങളിലൂടെ കൈമാറി. എന്നാൽ പരാതി പോലീസിന് കൈമാറുന്നതിന് പകരം പാർട്ടി തലത്തിൽ തന്നെ വിഷയം കൈകാര്യം ചെയ്യാനുള്ള ശ്രമമാണ് നടന്നതെന്നും, അതാണ് പിന്നീട് വിവാദങ്ങൾ കൂടുതൽ വഷളാകാൻ കാരണമായതെന്നുമാണ് വിലയിരുത്തൽ.

 

പാർട്ടിക്ക് ലഭിച്ച നഗരസഭയുടെ ഔദ്യോഗിക ലെറ്റർപാഡിലുള്ള പരാതിക്കത്ത് പുറത്തുവിട്ടവർക്കെതിരെ  വ്യക്തിഹത്യ നടത്തി എന്ന പേരിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ സെക്രട്ടറി പോലീസിൽ പരാതി നൽകിയതായി ചന്ദ്രിക ദിനപത്രം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ആ പരാതി നൽകിയിട്ടും അഞ്ച് ദിവസം പിന്നിട്ടിട്ടും കേസുമായി ബന്ധപ്പെട്ട നിർണായക അന്വേഷണ നടപടികളൊന്നും പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നാണ് ആരോപണം.

അതേസമയം, കത്ത് പുറത്തുവിട്ടെന്ന ആരോപണം നേരിടുന്ന അഞ്ച് മുതിർന്ന മുസ്ലിം ലീഗ് നേതാക്കളും പൊലീസ് അന്വേഷണത്തെ നേരിടാൻ തയ്യാറാണെന്നാണ് അറിയിക്കുന്നത്.

“പോലീസ് വിളിച്ചാൽ എല്ലാ കാര്യങ്ങളും തുറന്നു പറയും. മടിയിൽ കനമുള്ളവർ ഭയപ്പെട്ടാൽ മതി. ഞങ്ങൾക്ക് ഭയപ്പെടേണ്ട കാര്യമില്ല” എന്നാണ് ഇവരുടെ നിലപാട്.

കത്ത് തങ്ങൾ പുറത്തുവിട്ടിട്ടില്ലെന്നും, മുനിസിപ്പൽ കമ്മിറ്റിക്ക് ലഭിക്കുന്നതിന് മുമ്പ് തന്നെ കത്തിന്റെ പകർപ്പുകൾ നാട്ടിലെ പലരുടെയും കൈവശം എത്തിയിരുന്നുവെന്നുമാണ് ഇവരുടെ വാദം.

മാലിക് ദിനാർ മസ്ജിദ് കൗൺസിൽ യോഗത്തിലും ചർച്ചയില്ല

ഇതിനിടെ, കഴിഞ്ഞ ദിവസം ചേർന്ന മാലിക് ദിനാർ മസ്ജിദ് കൗൺസിൽ യോഗവും പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ആരോപണവിധേയനായ നേതാവാണ് യോഗം നിയന്ത്രിച്ചതെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ യോഗത്തിൽ ലൈംഗിക പീഡന പരാതിയെയോ കത്ത് വിവാദത്തെയോ സംബന്ധിച്ച് യാതൊരു ചർച്ചയും ഉണ്ടായില്ലെന്നാണ് പങ്കെടുക്കുന്നവരിൽ ചിലർ പറയുന്നത്.

സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെക്കണമെന്ന ആവശ്യം യോഗത്തിൽ ഉന്നയിക്കാൻ ഒമ്പത് അംഗങ്ങൾ തീരുമാനിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്. എന്നാൽ യോഗം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവരെ വിവിധ തലങ്ങളിൽ സ്വാധീനിക്കാനും സമ്മർദത്തിലാക്കാനും ശ്രമം നടന്നുവെന്നാണ് ചിലരുടെ ആരോപണം. തുടർന്ന് പലരും നിലപാട് മാറ്റുകയും വിഷയത്തിൽ മൗനം പാലിക്കുകയുമായിരുന്നു എന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളുടെ അവകാശവാദം.

സംസ്ഥാന നേതൃത്വത്തിന് ആറോളം പരാതികൾ

ലൈംഗിക ആരോപണം നേരിടുന്ന ജില്ലാ നേതാവിനെതിരെ സംസ്ഥാന നേതൃത്വത്തിന് ഇതിനകം ആറോളം പരാതികൾ ലഭിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇതിൽ അഞ്ച് പരാതികളും നേതാവിന്റെ പെരുമാറ്റത്തെയും ഭാഷാപ്രയോഗങ്ങളെയും സംബന്ധിച്ച ഗുരുതര ആരോപണങ്ങളാണെന്നാണ് പറയപ്പെടുന്നത്.

ഒരു മുതിർന്ന നേതാവിന് ഉണ്ടായിരിക്കേണ്ട അടിസ്ഥാന മര്യാദ പോലും ഇദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് കാണുന്നില്ലെന്നാണ് പരാതിക്കാർ ആരോപിക്കുന്നത്. പാർട്ടി പ്രവർത്തകരെയും നേതാക്കളെയും അപമാനിക്കുന്ന തരത്തിൽ അസഭ്യവും അധിക്ഷേപകരവുമായ ഭാഷ നിരന്തരം ഉപയോഗിച്ചിരുന്നുവെന്നും പരാതികളിൽ ചൂണ്ടിക്കാട്ടുന്നു.

“കുണ്ടൻ” ഉൾപ്പെടെയുള്ള അപമാനകരമായ പരാമർശങ്ങൾ വരെ നടത്തിയതായി ഒരു വൈറ്റ് ഗാർഡ് മുതിർന്ന അംഗം സംസ്ഥാന കമ്മിറ്റിക്ക് നൽകിയ പരാതിയിൽ ഉന്നയിച്ചിട്ടുണ്ടെന്നാണ് പുറത്തുവന്ന മറ്റൊരു കത്തിൽ നിന്ന് ലഭിക്കുന്ന വിവരം.

കാസർകോട് നഗരസഭയിലെ ലീഗ് പ്രവർത്തകർക്ക് സംഘടനയ്ക്കുള്ളിൽ മാന്യമായി പ്രവർത്തിക്കാൻ പോലും കഴിയുന്നില്ലെന്നും, ജില്ലാ നേതാവിന്റെ അടുത്ത വലയത്തിലുള്ളവർക്ക് മാത്രമാണ് പ്രവർത്തന സ്വാതന്ത്ര്യവും പരിഗണനയും ലഭിക്കുന്നതെന്നും പരാതികളിൽ ആരോപിക്കുന്നു.

“ജനനം മുതൽ മുസ്ലിം ലീഗിനൊപ്പം നിന്ന, സ്ഥാനമാനങ്ങളൊന്നും ആഗ്രഹിക്കാതെ സേവനപാതയിൽ മാത്രം മുന്നോട്ടുപോകുന്ന സാധാരണ പ്രവർത്തകരുടെ പിതൃത്വത്തെ വരെ ചോദ്യം ചെയ്യുന്ന സാഹചര്യമാണുള്ളത്” എന്ന ഗുരുതര ആരോപണവും പരാതിയിൽ ഉന്നയിക്കുന്നുണ്ട്.

സംസ്ഥാന സമിതിക്ക് പരാതി കൈമാറി

വനിതാ കൗൺസിലർ നൽകിയ പരാതിയും സംസ്ഥാന നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. മുൻ എം.എൽ.എ എൻ.എ. നെല്ലിക്കുന്ന് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ ഉൾപ്പെടുത്തി അന്വേഷണ സമിതി രൂപീകരിച്ചതായും വിവരം ലഭിക്കുന്നു. അന്വേഷണ സമിതിക്ക് മുന്നിൽ പരാതിക്കാരിയായ യുവതി നേരിട്ട് ഹാജരായി വിശദീകരണം നൽകിയതായും അറിയുന്നു.

അതേസമയം, സ്റ്റാൻഡിങ് കമ്മിറ്റി സ്ഥാനം ലഭിക്കാത്തതിലുള്ള വിരോധമാണ് പരാതിക്ക് പിന്നിലെന്നാണ് ആരോപണവിധേയനായ ജില്ലാ നേതാവിന്റെ വിശദീകരണം. എന്നാൽ ഇത് വസ്തുതാവിരുദ്ധമാണെന്നാണ് പരാതിക്കാരിയുടെ പ്രതികരണം.

പുറത്തുവന്ന കത്ത് വ്യാജമാണെങ്കിൽ അതുസംബന്ധിച്ച് മുസ്ലിം ലീഗ് നേതൃത്വം നേരിട്ട് പോലീസിൽ പരാതി നൽകാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവും വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്.

പരാതി നൽകിയിരിക്കുന്നത് ഒരു മുതിർന്ന വനിതാ ലീഗ് നേതാവാണെങ്കിലും, അവർ സാധാരണക്കാരിയായതിനാൽ ഭയപ്പെടുത്തി നിശബ്ദയാക്കാമെന്ന ധാരണ ചിലർക്കുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്.

“കത്തും അതിലെ ഉള്ളടക്കവും വ്യാജമാണെങ്കിൽ അതുസംബന്ധിച്ച് പോലീസിൽ പരാതി നൽകാൻ എന്താണ് തടസം?” എന്നാണ് ഒരു മുതിർന്ന മുസ്ലിം ലീഗ് നേതാവ് ചോദിച്ചത്.

“മാന്യമായ സമീപനമാണെങ്കിൽ മാത്രമേ തിരിച്ചും മാന്യത പ്രതീക്ഷിക്കാൻ കഴിയൂ” എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മറ്റൊരു ഗുരുതര ആരോപണവും

പരാതിയിൽ മറ്റൊരു മുതിർന്ന മുസ്ലിം ലീഗ് നേതാവിനെതിരെയും ഗുരുതര ആരോപണം ഉന്നയിക്കുന്നുണ്ട്. ജില്ലാ നേതാവിന്റെ അടുത്ത സുഹൃത്തായ ഒരു മുതിർന്ന നേതാവ് നിരന്തരം ലൈംഗിക ബന്ധത്തിന് ക്ഷണിച്ചിരുന്നുവെന്നും, അത് നിരസിച്ചതിന് ശേഷമാണ് പാർട്ടിക്കുള്ളിൽ തനിക്കെതിരായ നീക്കങ്ങൾ ശക്തമായതെന്നും യുവതി ആരോപിക്കുന്നു.

പരാതികളിലെ ആരോപണങ്ങളുടെ സത്യാവസ്ഥ സംബന്ധിച്ച് ഇതുവരെ അന്തിമ നിഗമനങ്ങളൊന്നും പുറത്തുവന്നിട്ടില്ല. എന്നാൽ പരാതിക്കത്ത് പുറത്തുവന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പൊലീസ് അന്വേഷണം കാര്യമായ പുരോഗതി കൈവരിക്കാത്തത് നിരവധി ചോദ്യങ്ങൾക്ക് ഇടയാക്കിയിരിക്കുകയാണ്.

പാർട്ടി തല അന്വേഷണവും പൊലീസ് നടപടികളും ഇനി എങ്ങനെ മുന്നോട്ടുപോകുമെന്നതിലേക്കാണ് രാഷ്ട്രീയ കേന്ദ്രങ്ങളും പൊതുസമൂഹവും ഉറ്റുനോക്കുന്നത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *