കാസർകോട്: കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് ഹൈവേയിലുള്ള അയ്‌ങ്ങോത്ത് വെച്ച് ഉച്ചയോടെ ദാരുണമായ ഒരു റോഡപകടം സംഭവിച്ചു. ഹൈവേ പോലീസ് പെട്രോളിംഗ് സംഘത്തിന് നേരെയാണ് അപകടമുണ്ടായത്. അപകടത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർമാരായ സൂരജ്, അലോഷി എന്നീ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.

അയ്‌ങ്ങോത്ത് പാതയോരത്ത് ഹൈവേ പോലീസിന്റെ ജീപ്പ് നിർത്തിയിട്ട്, ഉദ്യോഗസ്ഥർ പുറത്തുനിൽക്കുന്ന സമയത്തായിരുന്നു സംഭവം. ഈ സമയം ഇതേ റോഡിലൂടെ പുറകിൽ നിന്നും അമിതവേഗതയിൽ വന്ന ഒരു മാരുതി ബെല്ലോന കാർ നിയന്ത്രണം വിട്ട് പോലീസുകാരെയും ജിപ്പിനെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ പരിക്കേറ്റ രണ്ട് പോലീസുകാരെയും ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. നില ഗുരുതരമായതിനാൽ മംഗലാപുരത്തേക്ക് മാറ്റി ഇതിൽ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കാലിന് അതീവ ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു.



