bncmalayalam.in

തുടച്ചുമാറ്റാനാവാത്ത സ്നേഹാദരങ്ങളോടെ; കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയെ തൂത്തുതുടച്ച ബാബു 39 വർഷത്തെ സേവനത്തിനൊടുവിൽ പടിയിറങ്ങി

574: തുടച്ചുമാറ്റാനാവാത്ത സ്നേഹാദരങ്ങളോടെ; കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയെ തൂത്തുതുടച്ച ബാബു 39 വർഷത്തെ സേവനത്തിനൊടുവിൽ പടിയിറങ്ങി

തുടച്ചുമാറ്റാനാവാത്ത സ്നേഹാദരങ്ങളോടെ; കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയെ തൂത്തുതുടച്ച ബാബു 39 വർഷത്തെ സേവനത്തിനൊടുവിൽ പടിയിറങ്ങി

കാഞ്ഞങ്ങാട്: ‘തൂത്തു തുടച്ചു, ഇനി ഉദ്ഘാടനം’ എന്ന ഒറ്റ വാർത്തയിലൂടെ സംസ്ഥാനത്തിന്റെയാകെ ശ്രദ്ധയാകർഷിച്ച കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ശുചീകരണത്തൊഴിലാളി ടി.വി. ബാബു നീണ്ട 39 വർഷത്തെ നിസ്വാർത്ഥ സേവനത്തിനുശേഷം പടിയിറങ്ങി. ആശുപത്രിയുടെ നവീകരിച്ച കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടകനായി മാറി ചരിത്രം കുറിച്ച അതേ ബാബുവാണ് സഹപ്രവർത്തകരുടെയും പൊതുജനങ്ങളുടെയും സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി ജോലിയിൽനിന്ന് വിരമിച്ചത്.

kanhangad-district-hospital-cleaning-staff-babu-retires-39-years-service-bnc-malayalam-burhan-thalangara01

2023 ഓഗസ്റ്റ് 22-നായിരുന്നു കേരളക്കരയാകെ ചർച്ച ചെയ്ത ആ അപൂർവ ഉദ്ഘാടനം അരങ്ങേറിയത്. എട്ടു ലക്ഷം രൂപ ചെലവഴിച്ച് അത്യാധുനിക രീതിയിൽ നവീകരിച്ച കോൺഫറൻസ് ഹാളിന്റെ തറയും പരിസരവും അടിച്ചുവാരി വൃത്തിയാക്കുമ്പോഴും, വിഐപികൾക്ക് പകരം താനാണ് ആ നാട മുറിക്കാൻ പോകുന്നതെന്ന് ബാബു സ്വപ്നത്തിൽപ്പോലും കരുതിയിരുന്നില്ല. പതിവുപോലെ തന്റെ കാക്കി യൂണിഫോമിൽ രാവിലെ മുതൽ ആശുപത്രി ശുചീകരണത്തിൽ മുഴുകിയ ബാബുവിനെ തേടിയെത്തിയത് അപ്രതീക്ഷിത നിയോഗമായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ ആശുപത്രി സൂപ്രണ്ടും ഡോക്ടർമാരും ജീവനക്കാരും സന്നിഹിതരായ വേദിയിൽ വെച്ച് ബാബുവിന്റെ കൈകളിലേക്ക് കത്രിക നീട്ടുകയായിരുന്നു. കയ്യിലുണ്ടായിരുന്ന ചൂലും കുട്ടക്കോരിയും ഒരു മൂലയിൽ മാറ്റിവെച്ച്, കയ്യുറകൾ ഊരിമാറ്റിയാണ് ആ പച്ചമനുഷ്യൻ ജില്ലാ ആശുപത്രിയുടെ ചരിത്രത്തിലാദ്യമായി ഒരു ശുചീകരണത്തൊഴിലാളി ഉദ്ഘാടകനായ ആ ചടങ്ങിൽ നാട മുറിച്ചത്. അന്നത്തെ സെക്രട്ടറി പി.വി. ദിനേശന്റെ ആശയത്തെ ആശുപത്രി സൂപ്രണ്ട് അടക്കമുള്ള മുഴുവൻ ജീവനക്കാരും പൂർണമനസ്സോടെ പിന്തുണച്ചതോടെയാണ് ആ അവിസ്മരണീയ നിമിഷം പിറന്നത്.

kanhangad-district-hospital-cleaning-staff-babu-retires-39-years-service-bnc malayalam -burhan thalnagara

ഇരിയ മുട്ടിച്ചരൽ സ്വദേശിയായ ബാബു സാമൂഹികനീതി വകുപ്പിൽ താൽക്കാലിക ജീവനക്കാരനായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തുകയും അവിടുത്തെ മുഴുവൻസമയ ശുചീകരണത്തൊഴിലാളിയായി മാറുകയും ചെയ്തു. ചിട്ടയായ പ്രവർത്തനവും ആത്മാർത്ഥതയും കൊണ്ട് ആശുപത്രി ജീവനക്കാരുടെയും രോഗികളുടെയും പ്രിയങ്കരനായി മാറിയ അദ്ദേഹം, ഔദ്യോഗിക സർവീസിൽനിന്ന് വിരമിച്ചതിനു ശേഷവും ആശുപത്രി അധികൃതരുടെ പ്രത്യേക താല്പര്യപ്രകാരം താൽക്കാലിക വ്യവസ്ഥയിൽ ജോലി തുടർന്നുപോരുകയായിരുന്നു.

പ്രായം 70 കടന്ന ബാബുവിന് ചെറിയ ശാരീരിക അസ്വസ്ഥതകൾ ഉണ്ടെങ്കിലും കർമ്മരംഗത്തുനിന്ന് പൂർണ്ണമായി പിന്മാറാൻ അദ്ദേഹം ഒരുക്കമല്ല. ആരോഗ്യപരമായ കാരണങ്ങളാൽ ആശുപത്രി ജോലി നിർത്തുകയാണെങ്കിലും തുടർന്നും അധ്വാനിച്ചു ജീവിക്കാനാണ് ഈ എഴുപതുകാരന്റെ ആഗ്രഹം. എൽസമ്മയാണ് ബാബുവിന്റെ ഭാര്യ. സൽമൽ, സൽവൻ, സുബിൻ എന്നിവർ മക്കളാണ്. അർപ്പണബോധമുള്ള അധ്വാനത്തിന് നൽകിയ ഏറ്റവും വലിയ ജനകീയ അംഗീകാരത്തിന്റെ നിറവിലാണ് ബാബു ജില്ലാ ആശുപത്രിയോട് വിടപറയുന്നത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *