കളനാട് പാലത്തിനടിയിലെ കലുങ്ക് മാലിന്യക്കൂമ്പാരമാകുന്നു; മൂക്കുപൊത്തി ജനം, പകൽമാന്യന്മാർക്കെതിരെ തെരുവിൽ കൈകാര്യം ചെയ്യുമെന്ന മുന്നറിയിപ്പുമായി നാട്ടുകാർ
കളനാട്: കാസർകോട്–കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ കളനാട് പാലത്തിനു താഴെയുള്ള കലുങ്ക് സാമൂഹ്യവിരുദ്ധരുടെ സ്ഥിരം മാലിന്യനിക്ഷേപ കേന്ദ്രമായി മാറിയതോടെ പ്രദേശവാസികൾ കടുത്ത രോഷത്തിലും ആശങ്കയിലും. നിത്യേന നൂറുകണക്കിന് കാൽനടയാത്രക്കാരും വാഹനങ്ങളും കടന്നുപോകുന്ന പാതയോരത്താണ് മൂക്കുപൊത്താതെ നടക്കാനാവാത്ത വിധം മാലിന്യം ചീഞ്ഞുനാറുന്നത്. ഓവുചാലുകളിലേക്കും സ്വാഭാവിക ജലാശയങ്ങളിലേക്കും യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ മാലിന്യം വലിച്ചെറിയുന്ന പ്രവണത വ്യാപകമായതോടെ പ്രദേശത്ത് പകർച്ചവ്യാധി ഭീഷണി അതീവ ഗുരുതരമായിരിക്കുകയാണ്.

സമീപത്തെ ക്വാർട്ടേഴ്സുകളിൽ നിന്നും വീടുകളിൽ നിന്നുമുള്ള പ്ലാസ്റ്റിക് അടക്കമുള്ള ജൈവ-അജൈവ മാലിന്യങ്ങൾ ചാക്കുകളിലും കവറുകളിലുമാക്കി കലുങ്കിലേക്ക് വലിച്ചെറിയുകയാണ് ചെയ്യുന്നത്. ഇതിനുപുറമെ രാത്രിയുടെ മറവിൽ ആഡംബര വാഹനങ്ങളിലെത്തി വൻതോതിൽ മാലിന്യം തള്ളി മുങ്ങുന്ന പകൽ മാന്യന്മാരും പ്രദേശത്ത് സജീവമാണ്. പ്ലാസ്റ്റിക് മാലിന്യങ്ങളും അഴുകിയ അവശിഷ്ടങ്ങളും കുന്നുകൂടിക്കിടക്കുന്നതു കാരണം കലുങ്കിലൂടെയുള്ള നീരൊഴുക്ക് പൂർണമായും നിലച്ചിരിക്കുകയാണ്. ഇവിടെ മലിനജലം കെട്ടിക്കിടന്ന് കൊതുകുകൾ പെറ്റുപെരുകുന്നത് പ്രദേശത്താകെ ഡെങ്കിപ്പനി ഉൾപ്പെടെയുള്ള മാരകരോഗങ്ങൾ പടർന്നുപിടിക്കാൻ കാരണമായേക്കുമെന്ന് ആരോഗ്യപ്രവർത്തകരും മുന്നറിയിപ്പ് നൽകുന്നു. ദുർഗന്ധം കാരണം പരിസരത്തെ വീടുകളിൽ ജനൽ പോലും തുറന്നുവെക്കാൻ പറ്റാത്ത ദുരവസ്ഥയാണ്.
ഇത്തരം ഹീനകൃത്യങ്ങൾക്കെതിരെ നാട്ടുകാരുടെ ഭാഗത്തുനിന്നും അതിശക്തമായ രോഷമാണ് ഉയരുന്നത്. സാമാന്യബോധമുള്ള മനുഷ്യരാരും ചെയ്യാത്ത തരത്തിലുള്ള പ്രവർത്തികളാണ് ഇവിടെ നടക്കുന്നതെന്നും, സമൂഹത്തിന് തന്നെ ബാധ്യതയായി മാറിയ വിവരമില്ലാത്ത കുറച്ച് പകൽമാന്യന്മാരാണ് ഈ നാറുന്ന പണിക്ക് പിന്നിലെന്നും പ്രദേശവാസിയായ ശമ്മാസ് ആഞ്ഞടിച്ചു. മറ്റുള്ളവരുടെ ജീവൻ പണയപ്പെടുത്തി സ്വന്തം വീട് വൃത്തിയാക്കാൻ ഇറങ്ങിത്തിരിക്കുന്ന ഇത്തരം സാമൂഹ്യദ്രോഹികളുടെ വീടുകൾ അധികം വൈകാതെ തന്നെ മാറാരോഗങ്ങളുടെ താവളമായി മാറുമെന്നാണ് നാട്ടുകാരനായ ഇഖ്ബാൽ രൂക്ഷമായി പ്രതികരിച്ചത്. നാടിന്റെ ശാപമായി മാറുന്ന ഈ മാലിന്യ മാഫിയയെ ഇനി തെരുവിൽ കൈകാര്യം ചെയ്യാൻ മടിക്കില്ലെന്നും, കയ്യോടെ പിടികൂടിയാൽ ‘യഥാവിധി സൽക്കരിച്ചു’ മാത്രമേ അധികൃതർക്ക് വിട്ടുനൽകൂ എന്നും ജനങ്ങൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.
പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം തള്ളുന്നത് ക്രിമിനൽ കുറ്റവും വൻതുക പിഴയും തടവും ലഭിക്കാവുന്നതുമായിട്ടും അധികൃതരുടെ ഭാഗത്തുനിന്നുള്ള നിസംഗത ഇത്തരം സംഘങ്ങൾക്ക് വളമാവുകയാണ്. മാലിന്യപ്രശ്നത്തിന് അടിയന്തരമായി ശാശ്വത പരിഹാരം കാണാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ രംഗത്തിറങ്ങണമെന്നാണ് നാട്ടുകാരുടെ അന്ത്യശാസനം. രാത്രികാല പരിശോധനകൾ കർശനമാക്കുന്നതിനൊപ്പം, പാലത്തിന് സമീപം നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് മാലിന്യം തള്ളുന്ന വിഷജീവികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും അല്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് വേദിയാകുമെന്നും പ്രദേശവാസികൾ ഒന്നിച്ച് പ്രഖ്യാപിച്ചു.



