സോഷ്യൽ മീഡിയയിൽ മിന്നുന്നതെല്ലാം പൊന്നല്ല ,സ്വർണവില കുറഞ്ഞിട്ടും ഉപഭോക്താക്കളിൽ നിന്ന് ഈടാക്കിയത് കൂടിയ നിരക്ക്: പ്രമുഖ ജ്വല്ലറിക്കെതിരെ തട്ടിപ്പ് ആരോപണം,
കാസർകോട് : സ്വർണവിലയിൽ പെട്ടെന്നുണ്ടായ ഇടിവ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കാതെ, മുൻപുണ്ടായിരുന്ന കൂടിയ നിരക്കിൽ ബില്ലടിച്ച് പ്രമുഖ ജ്വല്ലറി ഉപഭോക്താക്കളെ കബളിപ്പിച്ചതായി പരാതി. അടുത്തിടെ സിനിമ നടൻ ഉദ്ഘാടനം ചെയ്തു പ്രവർത്തനം ആരംഭിച്ച ജ്വല്ലറി ശാഖയിലാണ് സംഭവം.
ഓഗസ്റ്റ് 27ന് ഉച്ചയ്ക്ക് 3 മണിയോടെ വിപണിയിൽ സ്വർണനിരക്കിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഈ സമയത്ത് സ്വർണം വാങ്ങിയ ഉപഭോക്താക്കളിൽ നിന്ന് രാവിലത്തെ ഉയർന്ന നിരക്കിലാണ് സ്ഥാപനം പണം ഈടാക്കിയത്. നിരക്കിൽ പെട്ടെന്ന് ഏകദേശം ₹2,000 രൂപയോളം കുറവുണ്ടായിട്ടും, നിലവിലെ വിലയിലെ മാറ്റം ബില്ലിങ് സിസ്റ്റത്തിൽ ഉൾപ്പെടുത്താതെ പഴയ ഉയർന്ന നിരക്കിലാണ് ഉപഭോക്താക്കൾക്ക് ബില്ലുകൾ നൽകിക്കൊണ്ടിരുന്നത്.
കൂടെയുണ്ടായിരുന്നവർ തത്സമയ നിരക്കിലെ വ്യത്യാസം ചൂണ്ടിക്കാണിച്ചതിനെ തുടർന്ന് ഉപഭോക്താവ് കൗണ്ടറിലെത്തി ചോദ്യം ചെയ്തപ്പോഴാണ് വിചിത്രമായ വിശദീകരണം ലഭിച്ചത്. ഹെഡ് ഓഫീസിൽ നിന്ന് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്ത ശേഷം മാത്രമേ സിസ്റ്റത്തിൽ പുതിയ നിരക്ക് വരികയുള്ളൂവെന്നായിരുന്നു ജീവനക്കാരുടെ മറുപടി. സോഷ്യൽ മീഡിയയിലെ ഉടമകളുടെ കാട്ടിക്കൂട്ടൽ കണ്ടാണ് ജ്വല്ലറിയിലേക്ക് എത്തിയതെന്ന് ഉപഭോക്താവ് പറയുന്നു , അബദ്ധം പറ്റി പോയി , ഇനി മറ്റാർക്കും ഇത് സംഭവിക്കരുത് , എല്ലാവരുടെയും മുമ്പിൽ ചോദ്യം ചോദിച്ച ഞങ്ങൾ എന്തോ തെറ്റ് ചെയ്തത് പോലെയാണ് ഉണ്ടായത് . അതുകൊണ്ടുതന്നെ സ്വർണ്ണം വാങ്ങുമ്പോൾ കൃത്യമായി വില ഉറപ്പാക്കണം എന്നും ഉപഭോക്താവ് ഓർമ്മിപ്പിക്കുന്നു,ഞങ്ങൾ സ്വർണ്ണവില ശ്രദ്ധിച്ചത് കൊണ്ട് ചോദ്യം ചെയ്യുകയും അല്പം പ്രയാസപ്പെട്ടിട്ടാണെങ്കിലും തൽസമയം ഉള്ള വിലയിൽ സ്വർണ്ണം വാങ്ങിക്കാൻ സാധിച്ചു

ഇരട്ടത്താപ്പെന്ന് ഉപഭോക്താക്കൾ
വിപണിയിൽ സ്വർണവില ഉയരുമ്പോൾ നിമിഷനേരം കൊണ്ട് അധിക നിരക്ക് ഈടാക്കുന്ന ജ്വല്ലറികൾ, വില കുറയുമ്പോൾ സാങ്കേതിക തടസ്സങ്ങൾ പറഞ്ഞ് ഉപഭോക്താക്കൾക്ക് അർഹമായ ആനുകൂല്യം നിഷേധിക്കുന്നത് വ്യക്തമായ ചൂഷണമാണെന്ന് ഉപഭോക്താക്കൾ ആരോപിക്കുന്നു. ജില്ലയിലെ മറ്റു ജ്വല്ലറികളിൽ കൃത്യമായ മാർക്കറ്റ് വില ഈടാക്കുമ്പോൾ ഇവിടെ ഹെഡ് ഓഫീസിന്റെ ഉത്തരവ് വരാൻ കാത്തിരിക്കണം എന്നുള്ളത് എന്ത് ന്യായമെന്നും ഇവർ ചോദിക്കുന്നു . അന്താരാഷ്ട്ര മാർക്കറ്റുകളിലെപ്പോലെ തത്സമയ നിരക്കുകൾ കൃത്യമായി ഉപഭോക്താക്കൾക്ക് കാണാവുന്ന ഡിജിറ്റൽ ഡിസ്പ്ലേ സംവിധാനം ഏർപ്പെടുത്തണമെന്നും, നിരക്കിലെ മാറ്റങ്ങൾ അപ്പപ്പോൾ തന്നെ പ്രാബല്യത്തിൽ വരുത്തണമെന്നും ആവശ്യമുയർന്നു കഴിഞ്ഞു.
സ്വർണവിലയിലെ ഏറ്റക്കുറച്ചിലുകൾ സൂക്ഷ്മമായി ശ്രദ്ധിക്കാത്ത സാധാരണക്കാരായ ഉപഭോക്താക്കൾക്ക് ഇത് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്. വിഷയത്തിൽ തെളിവുകൾ സഹിതം അധികൃതർക്ക് പരാതി നൽകാനും നിയമനടപടികളിലേക്ക് നീങ്ങാനുമാണ് ഉപഭോക്താക്കളുടെ തീരുമാനം.



