ബങ്കിപ്പൂരിൽ ‘പ്രാശാന്ത് സൂനാമി’; ബിജെപിയുടെ കുത്തകക്കോട്ട തകർത്തെറിഞ്ഞ് ജൻസുരാജ്, ദേശീയ അധ്യക്ഷന്റെ മണ്ഡലത്തിൽ വൻ അട്ടിമറി
പാറ്റ്ന: ബിജെപിയുടെ അജയ്യ കോട്ടയെന്ന പെരുമ പേറിയ ബീഹാറിലെ ബങ്കിപ്പൂർ നിയമസഭാ മണ്ഡലത്തിൽ ചരിത്രപരമായ അട്ടിമറി വിജയം നേടി പ്രശാന്ത് കിഷോറിന്റെ ജൻസുരാജ് പാർട്ടി. കാൽ നൂറ്റാണ്ടിലേറെയായി ബിജെപിയുടെ കയ്യിൽ ഭദ്രമായിരുന്ന മണ്ഡലത്തിലാണ് 18,900-ലേറെ വോട്ടുകളുടെ കൂറ്റൻ ഭൂരിപക്ഷത്തിൽ പ്രശാന്ത് കിഷോർ വിജയിച്ചുകയറിയത്. പ്രശാന്ത് കിഷോറിന്റെ ആദ്യ തിരഞ്ഞെടുപ്പ് അങ്കമായിരുന്നു ഇത്.
ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ തുടർച്ചയായി അഞ്ച് തവണ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച തട്ടകമാണ് ബങ്കിപ്പൂർ. നിതിൻ നബീൻ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഒഴിവുവന്ന സീറ്റിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ, ബിജെപിയുടെ നീരജ് കുമാർ സിൻഹയെയാണ് പ്രശാന്ത് കിഷോർ അക്ഷരാർത്ഥത്തിൽ നിഷ്പ്രഭനാക്കിയത്. തുടക്കം മുതൽ വോട്ടെണ്ണലിൽ വ്യക്തമായ ആധിപത്യം പുലർത്തിയ ജൻസുരാജ്, ബിജെപിയെ ബഹുദൂരം പിന്നിലാക്കുകയായിരുന്നു.

‘തന്ത്രജ്ഞൻ’ തന്നെ താരം; ബിജെപിക്ക് കനത്ത ആഘാതം
മുൻകാലങ്ങളിൽ മറ്റ് പാർട്ടികൾക്ക് തന്ത്രങ്ങൾ മെനഞ്ഞുനൽകിയിരുന്ന പ്രശാന്ത് കിഷോർ, നേരിട്ട് രാഷ്ട്രീയ ഗോദയിലിറങ്ങിയ ആദ്യ മത്സരത്തിൽത്തന്നെ ചരിത്രം കുറിച്ചു. ബീഹാർ രാഷ്ട്രീയത്തിൽ ബദൽ ശക്തിയായി ജൻസുരാജ് ഉയർന്നുവരുന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ വിജയമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. സ്വന്തം ദേശീയ അധ്യക്ഷന്റെ കുത്തക മണ്ഡലം പോലും സംരക്ഷിക്കാൻ കഴിയാതെ പോയത് ബിജെപി കേന്ദ്ര നേതൃത്വത്തിന് ഏൽപ്പിച്ച ആഘാതം ചെറുതല്ല.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കാര്യമായ നേട്ടമുണ്ടാക്കാൻ സാധിക്കാതിരുന്ന ജൻസുരാജിന് ഈ അട്ടിമറി വിജയം പുതിയ ജീവൻ നൽകിയിരിക്കുകയാണ്. ബിജെപിയുടെ അടിത്തറ ഇളക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് തെളിയിച്ചതിലൂടെ, വരും ദിവസങ്ങളിൽ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ അലയൊലികൾ സൃഷ്ടിക്കാൻ പ്രശാന്ത് കിഷോറിന് സാധിക്കും.അതേസമയം, മറ്റ് രണ്ട് സംസ്ഥാനങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പ് ഫലങ്ങളും പുറത്തുവന്നിട്ടുണ്ട് ,മധ്യപ്രദേശിൽ ദാതിയ മണ്ഡലം നിലനിർത്തി കോൺഗ്രസ് പ്രതാപം കാത്തു.ഗുജറാത്തിൽ സ്വന്തം തട്ടകമായ മഞ്ചൽപൂർ മണ്ഡലം നിലനിർത്താൻ ബിജെപിക്ക് സാധിച്ചു. എങ്കിലും, ഗുജറാത്തിലെ വിജയം ആഘോഷിക്കാൻ ബിജെപിക്ക് ആവാത്തവിധം ബീഹാറിലെ തോൽവി പാർട്ടിയെ ഉലച്ചിട്ടുണ്ട്. ഏറ്റവും സുരക്ഷിതമെന്ന് കരുതിയ ബങ്കിപ്പൂരിൽ ലഭിച്ച പ്രഹരം, ബിജെപിയുടെ തന്ത്രങ്ങളിലെ പോരായ്മ ചൂണ്ടിക്കാണിക്കുന്നതാണ്.



