കാസർഗോഡ് : വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ കാസർകോട് സ്വദേശിയായ വ്യവസായിക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാൻ ഉത്തരവായി. വർഷങ്ങൾക്ക് മുമ്പ് വനം വകുപ്പ് പിടിച്ചെടുത്ത 125 കിലോഗ്രാം ചന്ദനതൈലത്തിന്റെ വിലയായി 3,00,62,500 രൂപ അനുവദിച്ചുകൊണ്ട് കേരള സർക്കാർ ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു. M/s. Essential Oil Limited എന്ന സ്ഥാപനത്തിന്റെ പങ്കാളിയായ എൻ.എ. അബ്ദുൽ റഹ്മാന് തുക അനുവദിച്ചുകൊണ്ടാണ് വനം വന്യജീവി വകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്.

1993 ഏപ്രിൽ 16-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അന്ന് കാസർകോട്ടെ എൻ.എ. അബ്ദുൽ റഹ്മാന്റെ താമസസ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയിൽ 125 കിലോഗ്രാം ചന്ദനതൈലം കണ്ടെത്തുകയും, കേരള ഫോറസ്റ്റ് ആക്ട് 1961 ലെ വകുപ്പ് 69 പ്രകാരം വനം വകുപ്പ് ഇത് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇദ്ദേഹത്തിനെതിരെ വനം വകുപ്പ് കേസെടുത്തെങ്കിലും നീണ്ട നിയമപോരാട്ടത്തിലൂടെ ഓരോ ഘട്ടത്തിലും അബ്ദുൽ റഹ്മാൻ നിരപരാധിത്വം തെളിയിക്കുകയായിരുന്നു.
ചന്ദനതൈലം പിടിച്ചെടുത്ത നടപടി ആദ്യം ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും ശരിവെച്ചിരുന്നെങ്കിലും, പിന്നീട് 2018 ഏപ്രിൽ 19-ന് സുപ്രീം കോടതി ഈ നടപടികൾ പൂർണ്ണമായി റദ്ദാക്കുകയുണ്ടായി. ഇതിനുപുറമെ, കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഈ കേസിൽ അബ്ദുൽ റഹ്മാനെ കുറ്റവിമുക്തനാക്കുകയും, വനം വകുപ്പ് നൽകിയ അപ്പീൽ 2024 ഒക്ടോബർ 25-ന് ഹൈക്കോടതി തള്ളിക്കളയുകയും ചെയ്തു.
തുടർന്ന് പിടിച്ചെടുത്ത ചന്ദനതൈലമോ അതിൻ്റെ വിലയോ തിരികെ ആവശ്യപ്പെട്ട് ഹർജിക്കാരൻ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയുണ്ടായി. ഈ കേസിൽ ഇടപെട്ട ഹൈക്കോടതി, നിയമപരമായ വ്യവസ്ഥകൾ പ്രകാരം അർഹമായ തുക മൂന്ന് മാസത്തിനകം നൽകണമെന്ന് 2026 ജൂൺ 19-ന് ഉത്തരവിടുകയായിരുന്നു. ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാൻ വൈകിയതിനെത്തുടർന്ന് ഹർജിക്കാരൻ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്യുകയും ചെയ്തു.
ഇതേത്തുടർന്നാണ് സർക്കാർ വിഷയം ഗൗരവമായി പരിശോധിച്ചത്. നിലവിലെ വിപണിയിലെ വിലയും കഴിഞ്ഞ വർഷങ്ങളിലെ ലേല നിരക്കുകളും കണക്കിലെടുത്ത്, മറയൂർ സാൻഡൽ ഡിവിഷനിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ലഭിച്ച ഏറ്റവും കുറഞ്ഞ ലേലത്തുകയായ കിലോഗ്രാമിന് 2,40,500 രൂപ എന്ന നിരക്കിലാണ് തുക നിശ്ചയിച്ചത്. അങ്ങനെ 125 കിലോഗ്രാം ചന്ദനതൈലത്തിന് ആകെ 3,00,62,500 രൂപ (മൂന്നുകോടി അറുപത്തിരണ്ടായിരത്തി അഞ്ഞൂറ് രൂപ) അനുവദിച്ചുകൊണ്ട് വനം വകുപ്പ് സെക്രട്ടറി കെ. ബിജു ഐ.എ.എസ് ഉത്തരവ് പുറപ്പെടുവിച്ചത്. നിയമപരമായ എല്ലാ ബാധ്യതകളും പരിശോധിച്ചാകും തുക കൈമാറുക



