പ്രണയക്കുരുക്കിൽ ഭീഷണിയും പീഡനവും: ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിലെ മൂന്നുപേരിൽ രണ്ടുപേരും 19 വയസ്സുകാർ ; കസ്റ്റഡിയിലെടുത്തവരുടെ അറസ്റ്റ് രേഖപ്പെടുത്തി
തിരുവനന്തപുരം: കൗമാരപ്രണയത്തിന്റെ മറവിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ വിളിച്ചുവരുത്തി കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ പുതിയ വഴിത്തിരിവ്. സംഭവത്തിൽ പിടിയിലായവരിൽ രണ്ടുപേർക്ക് 19 വയസ്സ് പൂർത്തിയായതായി പോലീസ് കണ്ടെത്തി. ഇതോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി ക്രിമിനൽ നടപടികളിലേക്ക് കടന്നു. പിടിയിലായ മൂന്നാമൻ പ്രായപൂർത്തിയാകാത്തയാളാണ്.

thiruvananthapuram-minor-girl-assault-case-two-arrested-one-juvenile
പെൺകുട്ടിയുമായി പ്രണയം നടിച്ച വിദ്യാർത്ഥി സ്വന്തം വീട്ടിലേക്ക് പെൺകുട്ടിയെ വിളിച്ചുവരുത്തുകയായിരുന്നു. സ്കൂളിൽ പോകാതെ അവിടെയെത്തിയ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും, അവിടെ കാത്തുനിന്ന മറ്റ് രണ്ട് സുഹൃത്തുക്കളുമായി ചേർന്ന് പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. സംഭവം പുറത്തുപറയാതിരിക്കാൻ പെൺകുട്ടിയെ പ്രതികൾ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു.
സ്കൂളിൽ നടത്തിയ കൗൺസിലിംഗിനിടെയാണ് കുട്ടി താൻ നേരിട്ട ക്രൂരത വെളിപ്പെടുത്തിയത്. പെരുമാറ്റത്തിൽ അസ്വാഭാവികത കണ്ട അധ്യാപകരും കൗൺസിലറും കാര്യങ്ങൾ ചോദിച്ചറിഞ്ഞതോടെയാണ് ചതിയുടെ ചുരുളഴിഞ്ഞത്. സ്കൂൾ അധികൃതർ അറിയിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ മണ്ണന്തല പോലീസിൽ പരാതി നൽകുകയായിരുന്നു.
പ്രാഥമിക ഘട്ടത്തിൽ മൂവരും പ്രായപൂർത്തിയാകാത്തവരാണെന്ന നിഗമനത്തിലായിരുന്നു പോലീസ്. എന്നാൽ രേഖകൾ പരിശോധിച്ചതോടെ രണ്ടുപേർക്ക് 19 വയസ്സ് തികഞ്ഞതായി വ്യക്തമായി. പ്രായപൂർത്തിയായ രണ്ട് പ്രതികൾക്കെതിരെ കർശന പോക്സോ (POCSO) വകുപ്പുകൾ ചുമത്തി കോടതിയിൽ ഹാജരാക്കും. പ്രായപൂർത്തിയാകാത്ത മൂന്നാമത്തെ പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്ന് മണ്ണന്തല പോലീസ് അറിയിച്ചു.



