ആറുവരിപ്പാതയിലൂടെ ചീറിപ്പായുന്ന ബസ് യാത്രക്ക് അറുതി; സര്‍വീസ് റോഡ് ഒഴിവാക്കിയാല്‍ പെര്‍മിറ്റും ലൈസന്‍സും റദ്ദാക്കും: കര്‍ശന മുന്നറിയിപ്പുമായി എം.വി.ഡി
കാസര്‍കോട്: നവീകരിച്ച ദേശീയപാതയിലൂടെ കുതിച്ചു പായുന്ന ബസ് സർവീസുകളുടെ കാര്യത്തിൽ കര്‍ശന നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ്. സര്‍വീസ് റോഡുകള്‍ ഒഴിവാക്കി പ്രധാന ആറുവരിപ്പാതയിലൂടെ ചീറിപ്പായുന്ന ബസുകള്‍ യാത്രക്കാരെ ഹൈവേയില്‍ തോന്നുംപടി ഇറക്കിവിടുന്നത് വലിയ സുരക്ഷാ ഭീഷണിയും ദുരിതവുമാണ് സൃഷ്ടിക്കുന്നത്. സ്ത്രീകളും കുട്ടികളും വയോധികരുമടക്കമുള്ള യാത്രക്കാര്‍ പ്രധാന പാതയില്‍ ഇറക്കപ്പെടുന്നതോടെ അടുത്തുള്ള ജംഗ്ഷനുകളിലേക്കോ സര്‍വീസ് റോഡുകളിലേക്കോ എത്താന്‍ കിലോമീറ്ററുകളോളം പൊരിവെയിലത്തും മഴയത്തും നടക്കേണ്ട ഗതികേടിലാണ്.

ദേശീയപാത നിയമാവലി പ്രകാരം വേഗപ്പാതയില്‍ യാതൊരു കാരണവശാലും വാഹനങ്ങള്‍ നിര്‍ത്തിയിടാനോ ആളെ ഇറക്കാനോ കയറ്റാനോ അനുമതിയില്ല. പ്രധാന പാതയില്‍ ബസ് സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുമില്ല. എന്നിട്ടും ദീര്‍ഘദൂര-ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ സമയം ലാഭിക്കാനായി സര്‍വീസ് റോഡിലേക്ക് കടക്കാതെ പ്രധാന പാതയിലൂടെ തന്നെ സര്‍വീസ് നടത്തുകയാണ്. ഹൈവേയിലെ സുരക്ഷാ വേലികള്‍ ചാടിക്കടന്നും വരിവരിയായി ബാരിക്കേഡുകള്‍ക്കിടയിലൂടെ ജീവന്‍ പണയം വെച്ചും റോഡ് മുറിച്ചുകടക്കേണ്ട സാഹചര്യമാണ് നിലവില്‍ യാത്രക്കാര്‍ നേരിടുന്നത്.
ഇതുസംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്നും യാത്രക്കാരുടെ സംഘടനകളില്‍ നിന്നും വ്യാപകമായ പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് കടുത്ത നടപടികളിലേക്ക് കടക്കുന്നത്. പൊതുഗതാഗത സംവിധാനമായ എല്ലാ സ്റ്റേജ് കാര്യേജ് ബസുകളും നിശ്ചയിക്കപ്പെട്ടിട്ടുള്ള സര്‍വീസ് റോഡിലൂടെ മാത്രമേ സഞ്ചരിക്കാവൂ എന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. നിശ്ചിത സ്റ്റോപ്പുകളില്‍ നിന്ന് യാത്രക്കാരെ കയറ്റാനും ഇറക്കാനും ഇത് നിര്‍ബന്ധമാണ്.
നിയമലംഘനം തുടരുന്ന ബസുകള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുണ്ടാകും. സര്‍വീസ് റോഡുകള്‍ ഒഴിവാക്കുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ്, പെര്‍മിറ്റ് എന്നിവ റദ്ദാക്കുന്നതിനൊപ്പം ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനും അധികൃതര്‍ തീരുമാനിച്ചു. വരുംദിവസങ്ങളില്‍ ദേശീയപാതയില്‍ പ്രത്യേക എന്‍ഫോഴ്സ്മെന്റ് സംഘങ്ങളെ വിന്യസിച്ച് പരിശോധന കര്‍ശനമാക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നീക്കം. യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ക്കും പരാതികള്‍ അറിയിക്കാം.



