ദേശീയപാത സർവീസ് റോഡിൽ അനധികൃത പാർക്കിംഗും കൈയേറ്റവും രൂക്ഷം; നടപടി ആവശ്യപ്പെട്ട് എൻ.എച്ച്.എ.ഐക്ക് പരാതി മുസ്ലിം ലീഗ് നേതാവ് മജീദ് കൊല്ലമ്പാടി
കാസർകോട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമ്മാണം പൂർത്തിയായ സർവീസ് റോഡുകളിൽ വ്യാപകമായ അനധികൃത പാർക്കിംഗും വഴിയോര കൈയേറ്റങ്ങളും വർധിക്കുന്നതിനെതിരെ ജനരോഷം ശക്തമാകുന്നു. കാസർകോട് തലപ്പാടി-ചെങ്കള റീച്ചിൽ, പ്രത്യേകിച്ച് കരന്തക്കാട് മുതൽ നായന്മാർമൂല വരെയുള്ള ഭാഗങ്ങളിൽ കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും തീരാദുരിതമായി മാറിയ ഈ പ്രശ്നത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ) കേരള റീജിയണൽ ഓഫീസർക്കും കണ്ണൂർ പ്രൊജക്റ്റ് ഡയറക്ടർക്കും പരാതി നൽകി. പൊതുപ്രവർത്തകൻ മജീദ് കൊല്ലമ്പാടിയാണ് വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പരാതി സമർപ്പിച്ചത്.
ഇരുവശങ്ങളിലുമുള്ള സർവീസ് റോഡുകളും ഓവുചാലുകളും ഫുട്പാത്തുകളും ഇപ്പോൾ വ്യാപകമായി കൈയേറപ്പെടുന്ന അവസ്ഥയിലാണ്. ദേശീയപാതാ വികസനത്തിനായി ഭൂമിയും കെട്ടിടങ്ങളും വിട്ടുനൽകി ലക്ഷങ്ങളും കോടികളും നഷ്ടപരിഹാരം കൈപ്പറ്റിയ ചില വ്യാപാര സ്ഥാപനങ്ങൾ പോലും തങ്ങളുടെ മുൻവശത്തെ സർവീസ് റോഡുകൾ സ്വന്തം പാർക്കിംഗ് കേന്ദ്രങ്ങളാക്കി മാറ്റിയിരിക്കുകയാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ഇതിനുപുറമെ, കാൽനടയാത്രക്കാർക്കായി നിർമ്മിച്ച ഫുട്പാത്തുകളിലും ഡ്രെയിനേജ് സ്ലാബുകൾക്ക് മുകളിലും തട്ടുകടകളും മത്സ്യക്കച്ചവടവും ഉൾപ്പെടെയുള്ള വഴിയോര കച്ചവടങ്ങൾ അനധികൃതമായി തഴച്ചുവളരുകയാണ്. ഇവിടെയെത്തുന്ന ഉപഭോക്താക്കൾ വാഹനങ്ങൾ സർവീസ് റോഡിൽ തോന്നിയപോലെ നിർത്തിയിടുന്നത് വഴി സുഗമമായ ഗതാഗതം പൂർണ്ണമായും നിലയ്ക്കുന്നു.
സർക്കാർ കോടികൾ മുടക്കി അത്യാധുനിക നിലവാരത്തിൽ പൂർത്തിയാക്കിയ റോഡുകളും അടിസ്ഥാന സൗകര്യങ്ങളും സ്വകാര്യ വ്യക്തികളുടെയും വ്യാപാരികളുടെയും വഴിവിട്ട ഇടപെടലുകൾ കാരണം ജനങ്ങൾക്ക് പ്രയോജനപ്പെടാതെ പോകുന്ന അവസ്ഥയാണുള്ളത്. കാൽനടയാത്രക്കാർ ഫുട്പാത്ത് നഷ്ടപ്പെട്ട് പ്രധാന പാതയിലേക്ക് ഇറങ്ങി നടക്കേണ്ടി വരുന്നതിനാൽ വലിയ തോതിലുള്ള അപകടസാധ്യതയും നിലനിൽക്കുന്നുണ്ട്. ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി സ്ഥലം സന്ദർശിച്ച് പരിശോധന നടത്തണമെന്നും, സർവീസ് റോഡിലെ കൈയേറ്റങ്ങളും അനധികൃത കച്ചവടങ്ങളും പാർക്കിംഗും ഒഴിപ്പിച്ച് സുഗമമായ പൊതുഗതാഗതം ഉറപ്പാക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.



