മാലിന്യം റോഡിൽ, മാന്യത പോക്കറ്റിൽ; ഹോട്ടൽ ബില്ലിൽ കുടുങ്ങി ‘മാന്യൻ’, പേര് വെളിപ്പെടുത്താതെ അധികൃതരുടെ താലോലിക്കൽ
പരവനടുക്കം: സ്വന്തം വീട് തൂത്തുതുടച്ച് വൃത്തിയാക്കി, സഞ്ചിയിലാക്കിയ മാലിന്യം പാതിരാത്രിയിൽ മറ്റുള്ളവരുടെ മൂക്കിലേക്ക് എറിഞ്ഞുകൊടുക്കുന്ന ‘ഉന്നത സംസ്കാരത്തിന്’ ഒടുവിൽ ചെറിയൊരു പണി കിട്ടി. കോട്ടുവും ചളിയങ്കോട് പാലത്തിന് സമീപം റോഡരികിൽ പ്ലാസ്റ്റിക് ബാഗിൽ കെട്ടി തള്ളിയ മാലിന്യത്തിൽ നിന്നാണ് കുറ്റവാളിയെ കയ്യോടെ പൊക്കിയത്. അന്വേഷണ ഏജൻസികളൊന്നും വന്നല്ല കേസ് തെളിയിച്ചത്; നാട്ടുകാർ മാലിന്യപ്പൊതി അഴിച്ചു പരിശോധിച്ചപ്പോൾ കിട്ടിയ ഒരു ഹോട്ടൽ ബില്ലാണ് ‘മാന്യനായ’ പ്രതിയിലേക്ക് വിരൽ ചൂണ്ടിയത്.

തിന്നതിന്റെയും കുടിച്ചതിന്റെയും കണക്ക് കൃത്യമായി സൂക്ഷിച്ച ആ ബില്ല് തന്നെയാണ് വീരന്റെ വിലാസവും നാട്ടുകാർക്ക് മുന്നിലെത്തിച്ചത്. വിവരമറിഞ്ഞ് അധികൃതർ സ്ഥലത്തെത്തി, സാധാരണക്കാരനെങ്കിൽ നാറ്റിച്ചേനെ, പക്ഷേ പിഴയടപ്പിച്ച് വളരെ രഹസ്യമായി അയാളെ അങ്ങ് വിട്ടയച്ചു. ഇയാൾ നാട്ടിലെ വമ്പൻ മാന്യനും സോഷ്യൽ മീഡിയയിലെ ‘പരിസ്ഥിതി സ്നേഹിയും’ ആയതുകൊണ്ടാണോ അതോ അധികൃതരുടെ ആരെങ്കിലും അടുത്ത ‘വേണ്ടപ്പെട്ടവൻ’ ആയതുകൊണ്ടാണോ പേരുവിവരങ്ങൾ അതീവ രഹസ്യമായി പൂഴ്ത്തിവെച്ചതെന്നാണ് ഇപ്പോൾ നാട്ടുകാരുടെ ചോദ്യം.
പാവപ്പെട്ടവൻ റോഡിൽ തുപ്പിയാൽ ഫോട്ടോയെടുത്ത് ബോർഡുവെക്കുന്നവർ, ഇത്രയും വലിയ തോന്നിവാസം കാട്ടിയ പ്രമാണിക്ക് ഫൈൻ രസീത് കൊടുത്ത് ‘മാന്യത’ കാത്തുസൂക്ഷിക്കുകയാണ്. സ്വന്തം സ്വീകരണമുറിയിൽ പൊടി വീഴാതെ നോക്കുന്നവർക്ക് പൊതുവഴി മാലിന്യത്തൊട്ടിയാക്കാമെന്ന വിചാരത്തിനേറ്റ അടിയാണ് ഈ ഹോട്ടൽ ബിൽ തുമ്പ്. എന്നാൽ, പിഴയടച്ച് മുഖംമൂടിയിട്ട് ഊരിപ്പോരാൻ അവസരമൊരുക്കിയാൽ ഇത്തരം മാലിന്യവിദഗ്ധർ അടുത്ത ചാക്കുമായി വേറെ വഴി നോക്കുമെന്നതിൽ സംശയമില്ല.
ഇത്തരം ‘മാന്യന്മാരുടെ’ പേരും വിലാസവും ഫോട്ടോ സഹിതം നാട്ടുകാരെ കാണിക്കാൻ അധികൃതർക്ക് ചങ്കൂറ്റമുണ്ടെങ്കിലേ ഇത്തരം പൊതുശല്യങ്ങൾക്ക് അറുതിയാകൂ. പൊതുവഴി സ്വന്തം വീട്ടിലെ വേസ്റ്റ് ബിൻ അല്ലെന്ന് ഈ ഇരട്ടത്താപ്പുകാരെ ഓർമ്മിപ്പിക്കാൻ പിഴ മാത്രമല്ല, അല്പം സാമൂഹിക നാണക്കേട് കൂടി അത്യന്താപേക്ഷിതമാണ്



