ജോലിക്ക് പോയ ബിജെപി പ്രവർത്തകനെ കാണാതായി; വീട്ടുവളപ്പിലെ കുളത്തിൽ മൃതദേഹം കണ്ടെത്തി
കാസർകോട് : ഉപ്പള കൊണ്ടേവൂരിലെ ബിജെപി പ്രവർത്തകനും സോമരാജ ഷെട്ടിയുടെ മകനുമായ സന്ദീപ് ഷെട്ടി (44)യെ ജോലിക്ക് പോയ ശേഷം കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
ഉപ്പള ശാരദ നഗറിലെ ഒരു സോഡ ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന സന്ദീപ് തിങ്കളാഴ്ച രാവിലെ പതിവുപോലെ ജോലിക്കായി വീട്ടിൽ നിന്ന് പുറപ്പെട്ടെങ്കിലും പിന്നീട് തിരിച്ചെത്തിയില്ല. ഇതോടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് തിരച്ചിൽ ആരംഭിച്ചു.
തിരച്ചിലിനിടെ കുടുംബത്തിന്റെ വീട്ടുവളപ്പിലെ കുളത്തിന് സമീപത്തുനിന്ന് സന്ദീപിന്റെ ഷർട്ട് കണ്ടെത്തിയതോടെ കുളത്തിൽ വീണിരിക്കാമെന്ന സംശയം ശക്തമായി. തുടർന്ന് ഫയർ ആൻഡ് റെസ്ക്യൂ സർവീസിന്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

കുളത്തിൽ സ്ഥാപിച്ചിരുന്ന മോട്ടോർ പമ്പിന്റെ കാൽവാൽവ് നന്നാക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ സംബന്ധിച്ച് കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
സോഡ ഫാക്ടറിയിലെ ജോലിക്കൊപ്പം സാമൂഹിക-രാഷ്ട്രീയ രംഗത്തും സജീവ സാന്നിധ്യമായിരുന്നു സന്ദീപ്. ബിജെപിയുടെ 81-ാം ബൂത്ത് പ്രവർത്തകനായിരുന്ന അദ്ദേഹം പ്രദേശത്തെ വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകളുടെ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തിരുന്നു.
സന്ദീപിന്റെ നിര്യാണത്തിൽ ബിജെപി നേതാക്കളും സഹപ്രവർത്തകരും നാട്ടുകാരും അനുശോചനം രേഖപ്പെടുത്തി. പൊതുപ്രവർത്തന രംഗത്തെ അദ്ദേഹത്തിന്റെ സജീവ ഇടപെടലുകളും സാമൂഹിക പ്രതിബദ്ധതയും അവർ അനുസ്മരിച്ചു.



