കൈപ്പിഴ തന്ന ഭരണം ‘അവിശ്വാസത്തിൽ’ ഒലിച്ചുപോയി; ഉദുമയിൽ എൽഡിഎഫിന് പടിയിറക്കം, യുഡിഎഫിന് മധുരപ്രതികാരം
കാസർകോട്: രാഷ്ട്രീയ നാടകങ്ങളും അപ്രതീക്ഷിത ട്വിസ്റ്റുകളും നിറഞ്ഞ ആറുമാസത്തെ ഭരണത്തിനൊടുവിൽ കാസർകോട് ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. രാജേന്ദ്രൻ പുറത്തായി. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം 11-നെതിരെ 12 വോട്ടുകൾക്ക് പാസായതോടെയാണ് എൽഡിഎഫിന് ഭരണം നഷ്ടമായത്. ഭൂരിപക്ഷമുണ്ടായിട്ടും അന്ന് അബദ്ധത്തിൽ കൈവിട്ടുപോയ ഭരണം, നിയമം അനുവദിച്ച കൃത്യം ആറുമാസം തികഞ്ഞപ്പോൾ യുഡിഎഫ് തിരിച്ചുപിടിക്കുകയായിരുന്നു.
ഒരു സിനിമാക്കഥയെ വെല്ലുന്നതായിരുന്നു ഉദുമ പഞ്ചായത്തിലെ രാഷ്ട്രീയ സംഭവവികാസങ്ങൾ. 23 അംഗ ഭരണസമിതിയിൽ 12 സീറ്റുകളുമായി യുഡിഎഫിനായിരുന്നു (കോൺഗ്രസ് 6, മുസ്ലിം ലീഗ് 6) വ്യക്തമായ ഭൂരിപക്ഷം. എൽഡിഎഫിന് 11 സീറ്റുകളേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, കഴിഞ്ഞ ഡിസംബർ 26-ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ചന്ദ്രൻ നാലാംവാതുക്കലിന്റെ വോട്ട് അസാധുവായതോടെ കഥ മാറി. ഇരുമുന്നണികൾക്കും 11 വോട്ടുകൾ വീതം ലഭിച്ച് തുല്യത വന്നതോടെ നടത്തിയ നറുക്കെടുപ്പിലാണ് എൽഡിഎഫിലെ പി.വി. രാജേന്ദ്രനെ ഭാഗ്യം തുണച്ചതും അദ്ദേഹം പ്രസിഡന്റായതും.

ഒരിക്കൽ പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞാൽ ആറുമാസത്തേക്ക് അവിശ്വാസപ്രമേയം കൊണ്ടുവരാൻ കഴിയില്ലെന്ന ചട്ടമുള്ളതിനാൽ യുഡിഎഫ് അത്രയും നാൾ ക്ഷമയോടെ കാത്തിരുന്നു. ആറുമാസ കാലാവധി പൂർത്തിയായതോടെ ഒട്ടും സമയം കളയാതെ അവർ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകി. ഇത്തവണ വോട്ടുകൾ ചോരാതെ കാത്ത യുഡിഎഫ്, തങ്ങളുടെ 12 വോട്ടുകളും കൃത്യമായി രേഖപ്പെടുത്തി പ്രമേയം പാസാക്കുകയായിരുന്നു. ഇതോടെ ഭാഗ്യത്തിന്റെ അകമ്പടിയോടെ അധികാരത്തിലെത്തിയ എൽഡിഎഫിന് ഭരണം ഒഴിഞ്ഞുകൊടുക്കേണ്ടി വന്നു. ഒരൊറ്റ വോട്ടിന്റെ പിഴവിൽ നഷ്ടപ്പെട്ട ഭരണം പലിശസഹിതം തിരിച്ചുപിടിച്ച ആവേശത്തിലാണ് യുഡിഎഫ് ക്യാമ്പ്.



