bncmalayalam.in

കാസർകോടിനെ വീണ്ടും ചതിച്ച് സംസ്ഥാന സർക്കാർ; എയിംസ് പട്ടികയിൽ നിന്ന് പുറത്ത്, ഉറപ്പുകളെല്ലാം വെറും വാക്ക്

411: കാസർകോടിനെ വീണ്ടും ചതിച്ച് സംസ്ഥാന സർക്കാർ; എയിംസ് പട്ടികയിൽ നിന്ന് പുറത്ത്, ഉറപ്പുകളെല്ലാം വെറും വാക്ക്

കാസർകോടിനെ വീണ്ടും ചതിച്ച് സംസ്ഥാന സർക്കാർ; എയിംസ് പട്ടികയിൽ നിന്ന് പുറത്ത്, ഉറപ്പുകളെല്ലാം വെറും വാക്ക്

കാസർകോട്: ആരോഗ്യരംഗത്ത് ഇന്നും ശൈശവാവസ്ഥ വിട്ടുമാറാത്ത, ഒരു ജനത മുഴുവൻ മികച്ച ചികിത്സയ്ക്കായി അയൽസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന കാസർകോട് ജില്ലയോട് വീണ്ടും സംസ്ഥാന സർക്കാരിന്റെ ക്രൂരമായ അവഗണന. കേരളത്തിന് അനുവദിക്കാനിരിക്കുന്ന എയിംസ് (AIIMS) ആശുപത്രിക്ക് വേണ്ടിയുള്ള സ്ഥലങ്ങളുടെ പ്രൊപ്പോസലിൽ നിന്നും കാസർകോടിനെ പൂർണ്ണമായും തഴഞ്ഞ് അഞ്ച് ജില്ലകളിൽ നിന്നുള്ള 10 സ്ഥലങ്ങളുടെ പേര് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കൈമാറി.

എയിംസ് കാസർകോടിന് തന്നെ വേണമെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മകളും രാജ്മോഹൻ ഉണ്ണിത്താൻ എം.പിയും നിരന്തരം ആവശ്യങ്ങൾ ഉയർത്തിയതിനെ തുടർന്ന് കാസർകോടിനെ പരിഗണിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി ഉറപ്പ് നൽകിയിരുന്നു . അനുയോജ്യമായ സ്‌ഥലം സംബന്ധിച്ച പ്രപ്പോസൽ നൽകാൻ കാസർകോട് എം.പി. രാജ്‌മോഹൻ ഉണ്ണിത്താന് നിർദ്ദേശവും കഴിഞ്ഞദിവസം നൽകിയിരുന്നു .എന്നാൽ ഈ നിർദ്ദേശത്തിന് പിന്നാലെയാണ് പുതിയ പ്രൊപോസൽ കേന്ദ്രത്തിന് സമർപ്പിച്ചത് . ഇതോടെ കാസർകോടിന് പരമാവധി നൽകാൻ സാധിക്കുന്നത് കുറച്ചു വ്യാജമായ ഉറപ്പുകളും മന്ത്രിമാരുടെ പുച്ഛം നിറഞ്ഞ പുഞ്ചിരിയും മാത്രമാണെന്ന് നിലവിലെ സാഹചര്യങ്ങൾ അടിവരയിടുന്നു.

‘അവർ പ്രതികരിക്കില്ല, നമ്മളെന്തും ചെയ്യാം’; നേതാക്കളുടെ അലംഭാവം

എയിംസിനായി കേരളത്തിൽ ഏറ്റവും കൂടുതൽ പ്രക്ഷോഭങ്ങളും ജനകീയ കൂട്ടായ്മകളും ഉയർന്നുവന്നത് കാസർകോട് ജില്ലയിലാണ്. അത്രമേൽ പരിതാപകരമാണ് ഇവിടുത്തെ ആരോഗ്യ മേഖല. എന്നിട്ടും ഈ ജനതയെ ഇത്രത്തോളം തരംതാഴ്ത്തി കെട്ടാൻ അധികാരികൾക്ക് ധൈര്യം വന്നത് എങ്ങനെയെന്ന ചോദ്യം അവശേഷിക്കുന്നു. ജില്ലയിൽ 5 എം.എൽ.എമാർ ഉണ്ടെങ്കിലും, ഭരണ-പ്രതിപക്ഷ ഭേദമന്യേ ഈ വിഷയത്തിൽ ഒരു ഒറ്റക്കെട്ടായ മുന്നേറ്റം (Movement) ഉണ്ടാക്കാൻ ജനപ്രതിനിധികൾക്ക് സാധിച്ചില്ല.

“കാസർകോടിനെ അവഗണിച്ചാലും ഇവിടെ പ്രത്യേകിച്ച് ഒന്നും സംഭവിക്കാൻ പോകുന്നില്ല, പ്രതികരണ ശേഷി നഷ്ടപ്പെട്ടവരാണ് ഇവിടുത്തെ ജനങ്ങൾ” എന്ന തികഞ്ഞ പുച്ഛമാണ് വകുപ്പ് മന്ത്രിയുടെയും സർക്കാരിന്റെയും നടപടികളിൽ പ്രതിഫലിക്കുന്നത്. കാസർകോടുകാർ എന്ത് വന്നാലും സഹിച്ചോളും എന്ന നേതാക്കളുടെ ഈ ധാരണ ജില്ലയിലെ ജനങ്ങളെ മാനസികമായി തളർത്തുന്നതും കടുത്ത നിരാശയിലേക്ക് തള്ളിവിടുന്നതുമാണ്.

ഒടുവിൽ തിരുവനന്തപുരവും എറണാകുളവും കോഴിക്കോടും മാത്രം

എയിംസിന് വേണ്ടി 10 സ്ഥലങ്ങൾ കണ്ടെത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചപ്പോൾ തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കോട്ടയം തുടങ്ങിയ ജില്ലകൾക്കാണ് സർക്കാർ മുൻഗണന നൽകിയത്. ഈ സ്ഥലങ്ങളിൽ എത്രയും വേഗം ഫീസിബിലിറ്റി സ്റ്റഡി നടത്തണമെന്നും കേന്ദ്രം അനുയോജ്യമെന്ന് പറയുന്ന സ്ഥലം വിട്ടുനൽകാൻ സംസ്ഥാനം തയ്യാറാണെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.

നേരത്തെ, കൊരട്ടി, കുന്നംകുളം, വൈക്കം, പിറവം, കോഴിക്കോട്, പെരുവ എന്നിവയ്ക്കൊപ്പം കാസർകോടും തൃക്കരിപ്പൂരും അടങ്ങുന്ന കേന്ദ്രങ്ങളെ അടിസ്ഥാനമാക്കി പദ്ധതി നിർദേശം തയ്യാറാക്കാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നതായി വാർത്തകൾ വന്നിരുന്നു. എന്നാൽ അന്തിമ പട്ടിക വന്നപ്പോൾ കാസർകോട് വീണ്ടും പുറത്തായി.

ഇതിനിടെ, കേരളത്തിന്റെ എയിംസ് ആവശ്യം ന്യായമാണെന്നും നടപടികൾ പൂർത്തിയാക്കി സമയബന്ധിതമായി എയിംസ് അനുവദിക്കുമെന്നും കേന്ദ്രമന്ത്രി ജെ.പി. നദ്ദ സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന് ഉറപ്പുനൽകിയിട്ടുണ്ട്. കേന്ദ്രം എയിംസ് തരുമ്പോഴും, അത് കാസർകോട് പോലെ ശ്വാസം മുട്ടുന്ന ഒരു ജില്ലയ്ക്ക് നൽകാതെ വികസിത നഗരങ്ങളിലേക്ക് മാറ്റുന്ന സംസ്ഥാന സർക്കാരിന്റെ നയം കടുത്ത ജനദ്രോഹമാണ്. കഴിഞ്ഞദിവസം മന്ത്രിമാരുടെയും മറ്റുള്ള ജനപ്രതിനിധികളുടെയും വാക്കുകൾ വിശ്വസിച്ചു പത്രസമ്മേളനത്തിൽ നേതാക്കൾക്കും മന്ത്രിമാർക്കും കൂട്ടായ്മ നന്ദി അറിയിച്ചിരുന്നതാണ് .എല്ലാം കണ്ണിൽ പൊടിയിടാനുള്ള നീക്കങ്ങൾ മാത്രമായിരുന്നു എന്ന് കൂട്ടായ്മ തിരിച്ചറിയേണ്ടതുണ്ട് .

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *