bncmalayalam.in

പള്ളിക്കര കടപ്പുറത്ത് കാണാതായ കോട്ടയം സ്വദേശികളുടെ മൃതദേഹങ്ങൾ ചിത്താരിയിലും കാഞ്ഞങ്ങാട്ടുനിന്നുമായി കണ്ടെത്തി; ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നു

326: പള്ളിക്കര കടപ്പുറത്ത് കാണാതായ കോട്ടയം സ്വദേശികളുടെ മൃതദേഹങ്ങൾ ചിത്താരിയിലും കാഞ്ഞങ്ങാട്ടുനിന്നുമായി കണ്ടെത്തി; ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നു

കാസർഗോഡ്: പള്ളിക്കര കല്ലിങ്കാൽ കടപ്പുറത്ത് കുളിക്കാനിറങ്ങുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കടലിൽ കാണാതായ രണ്ട് കോട്ടയം സ്വദേശികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി. കോട്ടയം സ്വദേശികളായ അപ്പു ആന്റണി (20), അങ്കിത് അപ്പൂട്ടി എബ്രഹാം (20) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇതിൽ ഒരാളുടെ മൃതദേഹം ചിത്താരി അഴിമുഖത്തിന് സമീപം ചിത്താരി പുഴയിൽ നിന്നും രണ്ടാമത്തെയാളുടെ മൃതദേഹം കാഞ്ഞങ്ങാട് നിന്നുമാണ് കണ്ടെത്തിയത്.  ബേക്കൽ പോലീസും കോസ്റ്റൽ പോലീസും സ്ഥലത്തെത്തി ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.
കഴിഞ്ഞദിവസം വൈകുന്നേരം അഞ്ചരയോടെയാണ് കോട്ടയം സ്വദേശികളായ നാലംഗ സംഘം കല്ലിങ്കാൽ കടപ്പുറത്ത് എത്തിയത്. ഇവരിൽ രണ്ടുപേർ കോട്ടയത്തെ ‘അറ്റ്ലാന്റ’ ബാറിലെ ജീവനക്കാരും മറ്റു രണ്ടുപേർ സുഹൃത്തുക്കളുമാണ്. മുൻപ് ഈ പ്രദേശത്തെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന സംഘത്തിലെ ഒരാളുടെ നിർദ്ദേശപ്രകാരമാണ് ഇവർ ഈ തീരത്ത് എത്തിയത്.

ബീച്ചിലെത്തിയ ശേഷം സംഘത്തിലെ ഒരാൾ കടൽതീരത്ത് ഉറങ്ങാൻ കിടന്നിരുന്നു. ബാക്കി മൂന്ന് പേർ തീരത്ത് പാട്ട് വെച്ച് നൃത്തം ചെയ്ത ശേഷമാണ് കടലിലേക്ക് ഇറങ്ങിയത്. ഇതിൽ ഒരാൾ തീരത്ത് ഇരിക്കുകയും അപ്പു ആന്റണിയും അങ്കിത് അപ്പൂട്ടി എബ്രഹാമും വെള്ളത്തിൽ ഇറങ്ങുകയുമായിരുന്നു. ഈ സമയത്താണ് ശക്തമായ തിരമാല വന്ന് രണ്ടുപേരെയും കടലിലേക്ക് വലിച്ച് കൊണ്ടുപോയതെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പോലീസിന് മൊഴി നൽകിയിരുന്നു. സംഘത്തിലെ മറ്റു രണ്ടുപേർ സുരക്ഷിതരാണ്.

അതിനിടെ, അപകടം നടന്ന തീരത്തുണ്ടായിരുന്ന ഇവരുടെ വസ്ത്രങ്ങളിൽ നിന്നോ പരിസരത്തുനിന്നോ മാരക മയക്കുമരുന്നായ എം.ഡി.എം.എ (MDMA) അടങ്ങിയ ഒരു കൂട് കണ്ടെടുത്തതായി സംശയമുണ്ട്. എന്നാൽ ഇവരുടെ പക്കൽ നിന്ന് നേരിട്ടാണോ ഇത് കണ്ടെത്തിയത് എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. യുവാക്കൾ ലഹരി ഉപയോഗിച്ചിരുന്നോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *