bncmalayalam.in

കെഎസ്ആർടിസിയുടെ ‘പ്രിയദർശിനി’: ചില്ലിക്കാശുകൾ കോർത്തുണ്ടാക്കുന്ന സ്ത്രീകളുടെ അതിജീവനത്തിന്റെ വലിയ സ്വപ്നങ്ങൾ

കെഎസ്ആർടിസിയുടെ ‘പ്രിയദർശിനി’: ചില്ലിക്കാശുകൾ കോർത്തുണ്ടാക്കുന്ന സ്ത്രീകളുടെ അതിജീവനത്തിന്റെ വലിയ സ്വപ്നങ്ങൾ

തിരുവനന്തപുരം/കാസർകോട്:വലിയ ആകാശങ്ങളിലേക്ക് പറക്കാൻ കൊതിച്ചിട്ടും, വഴിബസ്സിന്റെ ചില്ലിക്കാശുകൾ തികയാതെ പാതിവഴിയിൽ ചിറകുരുകി വീണുപോയ ഒരുപാടു സ്ത്രീമനസ്സുകളുണ്ട് നമുക്ക് ചുറ്റും. അടുക്കളയിലെ പുകമറയ്ക്കുള്ളിൽ സ്വന്തം സ്വപ്നങ്ങളെ ഹോമിച്ചവർ, മക്കളുടെ വിശപ്പടക്കാൻ പാതിവയറ്റിൽ തുണിമുറുക്കിയുടുത്തവർ… അവർക്കായി, അവരുടെ കണ്ണീരിനും വിയർപ്പിനും സാന്ത്വനമേകിക്കൊണ്ട് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ‘പ്രിയദർശിനി’ പദ്ധതിക്ക് തുടക്കമായിരിക്കുകയാണ്.

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്രയൊരുക്കുന്ന ഈ വിപ്ലവകരമായ പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്സിൽ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവ്വഹിച്ചു.

എന്നാൽ ഇതൊരു വെറും യാത്രാ പദ്ധതി മാത്രമല്ല; മറിച്ച്, നിത്യജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ സ്വന്തം ആയുസ്സ് പണയം വെച്ച് പാടുപെടുന്ന പതിനായിരക്കണക്കിന് സ്ത്രീകളുടെ കണ്ണീരുണക്കുന്ന, അവരുടെ സ്വപ്നങ്ങൾക്ക് ജീവൻ നൽകുന്ന ഒരു വലിയ സമ്പാദ്യ പദ്ധതി കൂടിയായി മാറുകയാണ് ‘പ്രിയദർശിനി’. ഇതിന് അടിവരയിടുന്നതാണ് നമ്മുടെ ഉള്ളുലയ്ക്കുന്ന ചില നേർക്കാഴ്ചകൾ.

മൂന്നാറിലെ മരംകോച്ചുന്ന തണുപ്പിലേക്ക്, സൂര്യൻ ഉണരും മുൻപേ, പുലർച്ചെ അഞ്ചുമണിക്ക് വീടുവിട്ടിറങ്ങുന്ന ഒരു അമ്മയുണ്ട് തോക്കുപാറയിൽ. ഒരു സാധാരണ റിസോർട്ടിലെ ഹൗസ് കീപ്പിങ് ജോലിയിൽ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനമാണ് ആ കുടുംബത്തിന്റെ ഒരേയൊരു തണൽ. മക്കളുടെ വിശപ്പടക്കാനും അവർക്ക് നല്ലൊരു നാളെ സമ്മാനിക്കാനും ആ അമ്മ ദിവസവും കെഎസ്ആർടിസി ബസിനോട് മത്സരിച്ചോടണം.
ദിവസവും ജോലിക്കു പോയി വരാൻ മാത്രം ഈ വീട്ടമ്മയ്ക്ക് 60 രൂപ ബസ് കൂലി വേണം. അതായത് മാസത്തിൽ ഏതാണ്ട് 1,800 രൂപ! കുടുംബം പുലർത്താൻ പാടുപെടുന്ന ഈ ഗൃഹനാഥയ്ക്ക് 1,800 രൂപ എന്നത് വെറുമൊരു സംഖ്യയല്ല, ചോർന്നൊലിക്കുന്ന മേൽക്കൂര നന്നാക്കാനുള്ള തുകയാണ്, മരുന്നിനായി മാറ്റിവെക്കേണ്ട പണമാണ്, മക്കളുടെ ഭാവിയാണ്. പ്രിയദർശിനി പദ്ധതി വന്നതോടെ ആ അമ്മയുടെ കണ്ണുകളിൽ ഇന്ന് പ്രതീക്ഷയുടെ കണ്ണീർച്ചിരിയുണ്ട്. വിറയ്ക്കുന്ന കൈകൾ നെഞ്ചോട് ചേർത്ത് ആ അമ്മ പറയുന്നു:

ഓരോ ദിവസവും കണ്ടക്ടറുടെ കയ്യിലേക്ക് വെച്ചുകൊടുത്തിരുന്ന ആ അറുപത് രൂപ ഇനി എനിക്ക് ലാഭിക്കാം. ആ പണം എന്റെ മക്കളുടെ പഠനാവശ്യങ്ങൾക്കായി ഞാൻ മാറ്റിവെക്കും. അവർക്ക് നല്ലൊരു ഭാവി ഉണ്ടാക്കിക്കൊടുക്കാൻ ഈ പദ്ധതി എന്നെ സഹായിക്കും… എനിക്കിനി വഴിയിൽ ഭയന്നു നിൽക്കേണ്ടല്ലോ…

അമ്മയുടെ വാക്കുകളിൽ നിറഞ്ഞത് കൃതജ്ഞത മാത്രമല്ലായിരുന്നു, സ്വന്തം ചോരയെ നല്ല നിലയിലാക്കുമെന്ന ഒരു സ്ത്രീയുടെ, ഒരമ്മയുടെ നെഞ്ചുറപ്പായിരുന്നു അത്.

മറ്റൊരു വശത്ത്, കാസർകോട് ചെമ്പരിക്കയിൽ നിന്നും ദിവസവും കെഎസ്ആർടിസി ഓർഡിനറി ബസിനെ മാത്രം ആശ്രയിച്ച് ജോലിക്ക് പോകുന്ന ഒരു യുവതിയുണ്ട്. രണ്ട് ബസ്സുകൾ മാറി കയറണം, ദിവസവും ടിക്കറ്റ് നിരക്കായി കൈയിൽ നിന്ന് പോയിരുന്നത് 52 രൂപയാണ്. പലപ്പോഴും കൈയിൽ അഞ്ചു പൈസയില്ലാതെ, ഒന്നു ദാഹിച്ചാൽ പോലും ഒരു ഗ്ലാസ് വെള്ളം വാങ്ങി കുടിക്കാനാവാതെ കടിച്ചമർത്തിയ ദിവസങ്ങൾ അവൾക്കുണ്ടായിരുന്നു. സൗജന്യ യാത്ര യാഥാർത്ഥ്യമായതോടെ, ഈ ചെറിയ തുകയെ തന്റെ വലിയൊരു സാമ്പത്തിക ഭദ്രതയാക്കി മാറ്റാൻ ഉറപ്പിച്ചിരിക്കുകയാണ് ആ യുവതി.
പലരും നിസ്സാരമെന്ന് കരുതി തള്ളിക്കളയുന്ന 52 രൂപ ഓരോ ദിവസവും കൃത്യമായി മാറ്റിവെച്ച് ഒരു കുറിയിൽ ചേർന്നു സമ്പാദ്യമാക്കാൻ ആണ് അവളുടെ തീരുമാനം.

ചെറിയ തുകയാണെങ്കിലും അത് നാളെ ഒരു വലിയ സമ്പാദ്യമായി മാറും. സ്ത്രീകളുടെ കയ്യിൽ സ്വന്തമായി ഒരു സമ്പാദ്യം ഉണ്ടാകുന്നത് തരുന്ന ആത്മവിശ്വാസം ചെറുതല്ല. മറ്റാരുടെയും മുന്നിൽ കൈനീട്ടാതെ ജീവിക്കാനുള്ള സാമ്പത്തിക സ്വാതന്ത്ര്യമാണ് ഈ പദ്ധതി എനിക്ക് തരുന്നത്…” ആ യുവതി അഭിമാനത്തോടെ, നിറഞ്ഞ കണ്ണുകളോടെ പറയുന്നു.

ഇത് അതിജീവനത്തിന്റെ പെൺവഴികൾ
ഇത് കേവലം രണ്ട് സ്ത്രീകളുടെ മാത്രം കഥയല്ല. വിയർപ്പൊഴുക്കി ജീവിക്കുന്ന, സ്വന്തം ചോരയും നീരും നൽകി കുടുംബം പോറ്റുന്ന ലക്ഷക്കണക്കിന് വരുന്ന അമ്മമാരുടെയും പെങ്ങന്മാരുടെയും ജീവിത യാഥാർത്ഥ്യമാണ്. കെഎസ്ആർടിസി ബസിന്റെ ജനൽക്കമ്പികളിൽ തല ചായ്ച്ച്, നാളത്തെ ജീവിതത്തെക്കുറിച്ചും, മക്കളുടെ ഫീസിനെക്കുറിച്ചും ആകുലപ്പെട്ട് കണ്ണീർ വാർത്തവർക്ക് മുന്നിലേക്കാണ് ‘പ്രിയദർശിനി’ ഒരു കാവൽവിളക്കായി, അമ്മയുടെ കരുതൽ പോലെ കടന്നുവരുന്നത്.
ബസ് കൂലിയിനത്തിൽ ലാഭിക്കുന്ന ഓരോ ചില്ലിക്കാശും തങ്ങളുടെ കുടുംബത്തിന്റെ കണ്ണീരൊപ്പാനും, മക്കളുടെ നല്ലൊരു നാളേക്കും, സ്വന്തം കാലിൽ ആത്മാഭിമാനത്തോടെ നിവർന്നു നിൽക്കാനുമുള്ള കരുത്താക്കി മാറ്റുകയാണ് കേരളത്തിലെ സ്ത്രീസമൂഹം. ഈ ചില്ലിക്കാശുകളല്ല, കോർത്തെടുക്കുന്നത്… ഒരു ജനതയുടെ അതിജീവനത്തിന്റെ വലിയ സ്വപ്നങ്ങളാണ്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *