കാസർഗോഡ്: ധാർമ്മികതയും മതമൂല്യങ്ങളും സമൂഹത്തെ പഠിപ്പിക്കേണ്ടവർ തന്നെ പീഡനത്തിന് ഒത്താശ ചെയ്യുകയും കപടമുഖം നിലനിർത്തുകയും ചെയ്യുന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് കാസർഗോഡ് ജില്ലയിലെ പാലക്കുന്നിൽ നിന്ന് പുറത്തുവരുന്നത്. പാലക്കുന്നിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന ഖുർആൻ ഹിഫ്ള്/ആർട്സ് കോളേജിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തിൽ, പ്രതികളെ സംരക്ഷിക്കാനും കേസ് ഒതുക്കിതീർക്കാനും സമൂഹത്തിൽ വലിയ ആദരവ് ലഭിക്കുന്ന മതപണ്ഡിതരും ആത്മീയ ചികിത്സകരും രംഗത്തിറങ്ങിയിട്ടുണ്ടെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

കോളേജിലെ അധ്യാപകനും മതപണ്ഡിതനുമായ ആദവനാട് എം.കെ. ഉസ്താദ് എന്നറിയപ്പെടുന്നയാളാണ് ഇവിടുത്തെ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. ആസൂത്രിതമായാണ് ഇയാൾ കുട്ടികളെ കെണിയിൽ വീഴ്ത്തിയിരുന്നത്. സ്ഥാപനത്തിലെ മുതിർന്ന കുട്ടികളെ ഉപയോഗിച്ച് ചെറിയ കുട്ടികളെ വശീകരിക്കുകയും, പിന്നീട് അവർ തമ്മിലുള്ള സൗഹൃദത്തെ സവർഗ്ഗാനുരാഗമെന്ന് ആരോപിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു ഇയാളുടെ രീതി.
ഇതിന്റെ പേരിൽ പ്രായപൂർത്തിയാവാത്ത കുട്ടികളെ ക്രൂരമായ മർദ്ദനത്തിന് ഇരയാക്കിയിരുന്നു. മുഖത്തടക്കം മുപ്പതോളം അടികളേറ്റ് പരിക്കുകളോടെയാണ് പല കുട്ടികളും സ്ഥാപനത്തിൽ കഴിഞ്ഞിരുന്നത്. ഈ ക്രൂരമായ ശിക്ഷ നടപ്പിലാക്കിയതിനു ശേഷം കുട്ടികളെ സ്വന്തം മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് ഇയാൾ പീഡിപ്പിച്ചിരുന്നത്. “ഗുരുശിഷ്യബന്ധത്തിൽ ഇത്തരം കാര്യങ്ങൾ അനുവദനീയമാണെന്നും (ഹലാൽ) മറ്റുള്ളവരുമായി ബന്ധപ്പെടുന്നതാണ് തെറ്റെന്നും (ഹറാം)” കുട്ടികളെ തെറ്റായ രീതിയിൽ വിശ്വസിപ്പിച്ചായിരുന്നു പീഡനം. വിശ്വാസപരമായ ഇത്തരം കള്ളങ്ങൾ പറഞ്ഞ് കുട്ടികളുടെ മാനസികാവസ്ഥയെ ചൂഷണം ചെയ്തായിരുന്നു ഈ അധർമ്മം. ഒന്നിലധികം കുട്ടികൾ ഇത്തരത്തിൽ ക്രൂരമായ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം. ഭയം കാരണമാണ് പലരും ഈ വിവരം പുറത്തുപറയാതിരിക്കുന്നത്. സംഭവത്തിൽ ബേക്കൽ പോലീസ് സ്റ്റേഷനിൽ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെങ്കിലും പ്രതിയെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല.
പോക്സോ കേസ് പ്രതിയായ ആദവനാട് ഉസ്താദിനെ നിയമത്തിന്റെ കൈകളിൽ നിന്ന് രക്ഷിക്കാൻ ചെർക്കളം സ്വദേശിയായ പ്രമുഖ ആത്മീയ ചികിത്സകൻ ശിഹാബുദ്ദീൻ ഫൈസി ഒത്താശ ചെയ്യുന്നതായാണ് ആരോപണം. ഈ കേസിൽ ഉൾപ്പെട്ടിട്ടുള്ള മറ്റൊരു മുതിർന്ന വിദ്യാർത്ഥി ശിഹാബുദ്ദീൻ ഫൈസിയുടെ മകനാണ്. പരാതിക്കാരനെയും പോലീസിനെയും സ്വാധീനിച്ച്, ലക്ഷങ്ങൾ ഒഴുക്കി കേസ് മുക്കാൻ ഇവർ ശ്രമം നടത്തിയെങ്കിലും നിയമപരിപാലനത്തിൽ ഉറച്ചുനിൽക്കുകയാണ് പോലീസ്.
ഹജ്ജ് കർമ്മം കഴിഞ്ഞ് കഴിഞ്ഞ ഞായറാഴ്ച മടങ്ങിയെത്തിയ ശിഹാബുദ്ദീൻ ഫൈസി, ആത്മീയതയുടെ കപടമുഖമണിഞ്ഞ് നാട്ടുകാരോട് കള്ളം പറയുകയും പ്രതിയെ സ്വന്തം വീട്ടിൽ ഒളിപ്പിക്കുകയുമായിരുന്നു. ഇയാളുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ മൂന്ന് ദിവസത്തോളം പ്രതി ഇവിടെ കഴിഞ്ഞിരുന്നതായി വ്യക്തമാകും. സംഘടനയിലെ മുതിർന്ന തങ്ങന്മാരെയും ആത്മീയ നേതാക്കളെയും ഈ അട്ടിമറി നീക്കത്തിൽ പങ്കാളികളാക്കാൻ ഇയാൾ ശ്രമിച്ചെങ്കിലും ആരും പിന്തുണ നൽകാൻ തയ്യാറായില്ല. തുടർന്ന്, സംഘടനയ്ക്കുള്ളിൽ നിന്ന് തന്നെ ചില മുന്നറിയിപ്പുകൾ ലഭിച്ചതോടെ പ്രതിയെ ഇവിടെ നിന്നും മഞ്ചേശ്വരത്തേക്കും, അവിടെ നിന്ന് നിലവിൽ കുമ്പളയിലെ ഒരു കേന്ദ്രത്തിലേക്കും മാറ്റി ഒളിപ്പിച്ചിരിക്കുകയാണ്. ഫൈസിയുടെ മകനും കുനിയ സ്വദേശിയായ ജംഷീർ എന്നയാളുമാണ് പ്രതിക്ക് ഒളിവിൽ കഴിയാൻ വാഹനമടക്കമുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നത്. നിലവിൽ പ്രതി ഇയാളുടെ രക്തബന്ധത്തിലുള്ളവരുടെ സംരക്ഷണയിലാണ് എന്നാണ് സൂചന.
ലൈസൻസോ അംഗീകാരമോ ഇല്ലാതെ ആദവനാട് ഉസ്താദ് മറ്റ് രണ്ട് സ്ഥാപനങ്ങൾ കൂടി നടത്തുന്നുണ്ട്. ഈ പോക്സോ കേസ് പുറത്തുവന്നാൽ ആ സ്ഥാപനങ്ങൾ പൂട്ടിപ്പോകുമെന്ന ഭയവും പ്രതികൾക്കുണ്ട്. ഇതിനാൽ, കേസ് കൊടുത്ത കുനിയ സ്വദേശിയായ പരാതിക്കാരനെ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും കേസ് പിൻവലിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് ഉസ്താദും കൂട്ടാളികളും.
ഇതുകൂടാതെ, ചെർക്കളം ബാലടുക്കത്ത് ആത്മീയ ചികിത്സയുടെ മറവിൽ ശിഹാബുദ്ദീൻ ഫൈസി യാതൊരുവിധ ഡ്രഗ് ലൈസൻസോ മാനദണ്ഡങ്ങളോ ഇല്ലാതെ വ്യാജ മരുന്നുകളും പൊടികളും വിതരണം ചെയ്യുന്നതായും ആക്ഷേപമുണ്ട്. യാതൊരുവിധ എക്സ്പെയറി ഡേറ്റോ ശാസ്ത്രീയ അടിത്തറയോ ഇല്ലാത്ത ഇത്തരം മരുന്നുകൾ കഴിച്ച് മുൻപ് മരണങ്ങൾ വരെ സംഭവിച്ചിട്ടുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഇവയൊക്കെ അക്കാലത്ത് സ്വാഭാവിക മരണങ്ങളായി ചിത്രീകരിക്കപ്പെടുകയായിരുന്നു എന്നും പറയപ്പെടുന്നു.
വിശുദ്ധമായ ദീൻ (മതം) പഠിപ്പിക്കേണ്ട, ആത്മീയതയുടെ പാതയിലേക്ക് കുട്ടികളെ നയിക്കേണ്ട അധ്യാപകർ തന്നെ ഇത്തരത്തിൽ ക്രൂരമായ ലൈംഗിക വൈകൃതങ്ങൾക്ക് നേതൃത്വം നൽകിയാൽ, അവർക്ക് കീഴിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ ഭാവി എന്താകും? “ഗുരുശിഷ്യ ബന്ധത്തിൽ ഇതൊക്കെ ഹലാലാണ്” എന്ന് പഠിപ്പിക്കുന്ന വികലമായ ഈ മാനസികാവസ്ഥ സമൂഹത്തിലേക്ക് ഉണ്ടാക്കുന്ന ആഘാതം ചെറുതല്ല. ഇരകളാക്കപ്പെടുന്ന കുട്ടികൾ നാളെ മറ്റൊരു തലമുറയോട് ഇതേ ക്രൂരത ആവർത്തിക്കില്ല എന്ന് ആർക്ക് ഉറപ്പുനൽകാനാകും? തലമുറകളെ മാനസികമായും ശാരീരികമായും തകർക്കുന്ന ഇത്തരം ക്രിമിനലുകൾ സമൂഹത്തിന് വലിയ വിപത്താണ്.
പീഡനവിവരം അറിഞ്ഞിട്ടും പോക്സോ പ്രതിക്ക് സംരക്ഷണം നൽകുന്നത് നിയമപരമായി വലിയ കുറ്റമാണ്. വിശ്വാസികളെയും ജനങ്ങളെയും ഒരുപോലെ വഞ്ചിച്ച്, പവിത്രമായ ആത്മീയ-വിദ്യാഭ്യാസ മേഖലകളെ മലിനമാക്കുന്ന ഇത്തരം കപടവിശ്വാസികളെയും പീഡകരെയും, അവർക്ക് ഒത്താശ ചെയ്യുന്നവരെയും അടിയന്തരമായി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് പൊതുസമൂഹത്തിന്റെ ശക്തമായ ആവശ്യം.



