ലോസ് ആഞ്ജലീസ്: ലോകകപ്പ് വേദികളിലെ രാഷ്ട്രീയപ്പോര് കനക്കുന്നു. ന്യൂസിലൻഡിനെതിരായ ആവേശപ്പോരാട്ടത്തിന് പിന്നാലെ ഇറാൻ ഫുട്ബോൾ ടീമിനെ അമേരിക്കയിൽ നിന്ന് അടിയന്തരമായി ‘ആട്ടിയോടിച്ചതായി’ പരാതി. കളി കഴിഞ്ഞയുടൻ രാജ്യം വിടണമെന്ന കടുത്ത നിർദേശമാണ് ഇറാൻ ടീമിന് ലഭിച്ചത്. അമേരിക്കയുടെ ഈ ഏകപക്ഷീയമായ നടപടിക്കെതിരെ ഇറാൻ പരിശീലകൻ ആമിർ ഖലെനോയിയും ക്യാപ്റ്റൻ മെഹ്ദി തരേമിയും കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്.

മത്സരത്തിൽ ഇരുടീമുകളും രണ്ടുഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞതിന് തൊട്ടുപിന്നാലെയായിരുന്നു നാടകീയ സംഭവങ്ങൾ. നിലവിൽ മെക്സിക്കോയിലാണ് ഇറാന്റെ ലോകകപ്പ് ക്യാമ്പ്. മത്സരശേഷം കാലിഫോർണിയയിൽ രാത്രി ചെലവഴിച്ച ശേഷം പിറ്റേന്ന് മടങ്ങാനായിരുന്നു ടീമിന്റെ തീരുമാനം. എന്നാൽ, ഇതിന് അനുമതി നൽകാതെ എത്രയും വേഗം വിമാനത്തിൽ കയറി രാജ്യം വിടാൻ അധികൃതർ സമ്മർദ്ദം ചെലുത്തുകയായിരുന്നു.
“ഞങ്ങൾക്ക് ശ്വാസം വിടാൻ പോലും സമയം തന്നില്ല!” “മത്സരശേഷം ഉടൻ തന്നെ മടങ്ങണമെന്നാണ് അവർ ആവശ്യപ്പെട്ടത്. കളിക്കാർക്ക് ആവശ്യത്തിന് വിശ്രമം ലഭിക്കേണ്ടത് എത്രത്തോളം പ്രധാനമാണെന്ന് എല്ലാവർക്കുമറിയാം. എന്നാൽ ഞങ്ങളെ മാനസികമായി തകർക്കുന്ന നീക്കമാണിത്. ഇതിന് പിന്നിൽ മറ്റാരൊക്കെയോ ആണ് കളിക്കുന്നത്. ലോകകപ്പിൽ ഏറ്റവും കൂടുതൽ അടിച്ചമർത്തലുകൾ നേരിടുന്ന ടീം ഞങ്ങളായിരിക്കും.” — ആമിർ ഖലെനോയി (ഇറാൻ പരിശീലകൻ)
ഇതൊരു കളിത്തോൽവിയല്ല, വലിയ ദുരന്തം: മെഹ്ദി തരേമി
അമേരിക്കയുടെ ഈ അപ്രതീക്ഷിത നീക്കത്തിൽ ഫിഫ അടിയന്തരമായി ഇടപെടണമെന്ന് ഇറാൻ ക്യാപ്റ്റൻ മെഹ്ദി തരേമി ആവശ്യപ്പെട്ടു. “ഉടൻ തന്നെ ലോസ് ആഞ്ജലീസ് വിട്ടുപോകണമെന്ന നിർദേശം ഞങ്ങളെ വല്ലാതെ പ്രകോപിപ്പിച്ചു. ഇത് ഫുട്ബോളിന് ചേർന്നതല്ല. ഫിഫ ഞങ്ങളെ സഹായിക്കേണ്ടതുണ്ട്. യഥാർത്ഥത്തിൽ, ഞങ്ങളെ സംബന്ധിച്ച് ഇതൊരു വലിയ ദുരന്തമാണ്,” തരേമി വ്യക്തമാക്കി.
തങ്ങളെ ലക്ഷ്യമിട്ട് ആരോ തിരശ്ശീലയ്ക്ക് പിന്നിൽ കരുക്കൾ നീക്കുന്നുണ്ടെന്ന ആരോപണവുമായി ഇറാൻ ക്യാമ്പ് കത്തുമ്പോൾ, ലോകകപ്പ് വേദികളിൽ ഇത് പുതിയൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.



