bncmalayalam.in

ദേശീയപാതയിൽ ആരിക്കാടിയിലെ ടോൾ ബൂത്ത് കേന്ദ്ര സർക്കാർ ഉപേക്ഷിച്ചതിനാൽ അവിടെ നിർമിച്ച ഹമ്പുകളും മറ്റും ഉടനടി പൊളിച്ചു മാറ്റണം, മഴക്കാലമാണ് ഡോക്ടർമാരുടെ കുറവ് നികത്തണം ,ജില്ലാ വികസന സമിതിയിൽ എ.കെ.എം. അഷ്റഫ്

250: ദേശീയപാതയിൽ ആരിക്കാടിയിലെ ടോൾ ബൂത്ത് കേന്ദ്ര സർക്കാർ ഉപേക്ഷിച്ചതിനാൽ അവിടെ നിർമിച്ച ഹമ്പുകളും മറ്റും ഉടനടി പൊളിച്ചു മാറ്റണം, മഴക്കാലമാണ് ഡോക്ടർമാരുടെ കുറവ് നികത്തണം ,ജില്ലാ വികസന സമിതിയിൽ എ.കെ.എം. അഷ്റഫ്

കാസർകോട്: മഴക്കാലത്ത് ജില്ല നേരിടുന്ന ആരോഗ്യ മേഖലയിലെ വെല്ലുവിളികൾക്ക് അടിയന്തര പരിഹാരം കാണണമെന്നും ദേശീയപാതയിലെ യാത്രാ സുരക്ഷയെ ബാധിക്കുന്ന പ്രശ്നങ്ങളിൽ സർക്കാർ ഇടപെടണമെന്നും ആവശ്യപ്പെട്ട് മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്റഫ് ജില്ലാ വികസന സമിതി യോഗത്തിൽ ശക്തമായ നിലപാട് സ്വീകരിച്ചു.

ജില്ലയിലെ സർക്കാർ ആശുപത്രികളിൽ 150-ലധികം ഡോക്ടർമാരുടെ തസ്തികകൾ ഒഴിവായി കിടക്കുന്നത് ഗുരുതര സാഹചര്യമാണെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി. മഴക്കാല രോഗങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ ആരോഗ്യ സേവനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന് മറുപടിയായി ഒഴിവുകൾ ഉടൻ നികത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും കർണാടക മെഡിക്കൽ കൗൺസിൽ അംഗത്വമുള്ള ഡോക്ടർമാരുടെ സേവനം ഉപയോഗപ്പെടുത്താനാകുമോ എന്ന കാര്യം പരിശോധിക്കാമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

akm-ashraf-demands-doctor-appointments-and-removal-of-arikkady-toll-booth-humps
akm-ashraf-demands-doctor-appointments-and-removal-of-arikkady-toll-booth-humps

കാസർകോട് ടാറ്റാ കോവിഡ് ആശുപത്രിയിൽ കേന്ദ്രസഹായത്തോടെയുള്ള ക്രിട്ടിക്കൽ കെയർ യൂണിറ്റ് ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സന്തോഷ് കുമാർ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ച പദ്ധതിയുടെ പ്രവൃത്തികൾ രണ്ട് വർഷത്തിനകം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.

കാസർകോട് മെഡിക്കൽ കോളജിലെ ലബോറട്ടറികൾ അക്കാദമിക് ആവശ്യങ്ങൾക്ക് എത്രയും വേഗം സജ്ജമാക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. ഇൻസ്റ്റലേഷൻ, ടെസ്റ്റിംഗ്, കമ്മീഷനിംഗ് പ്രവൃത്തികൾ വേഗത്തിലാക്കാൻ നിർവഹണ ഏജൻസിക്ക് നിർദേശം നൽകിയതായി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ അറിയിച്ചു.

മഞ്ചേശ്വരം മണ്ഡലത്തിലെ കുഞ്ചത്തൂർ ബസ് സ്റ്റാൻഡ്, ഹൊസങ്കടി ഷോപ്പിങ് കോംപ്ലക്‌സ്, ഉപ്പള ഗേറ്റ് എന്നിവിടങ്ങളിലെ വെള്ളപ്പൊക്ക ഭീഷണി സംബന്ധിച്ചും സ്വീകരിച്ച പ്രതിരോധ നടപടികൾ സംബന്ധിച്ചും എം.എൽ.എ വിശദമായ റിപ്പോർട്ട് തേടി. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.

അനന്തപുരം വ്യവസായ പാർക്ക് മേഖലയിലെ ബോക്‌സൈറ്റ് അടങ്ങിയ ചെങ്കല്ലും മേൽമണ്ണും മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപകമായി കടത്തുന്നുവെന്ന പരാതിയും എം.എൽ.എ ജില്ലാ വികസന സമിതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇത് നിയമപരമാണോയെന്ന് പരിശോധിക്കണമെന്നും ആവശ്യമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കലക്ടറോട് ആവശ്യപ്പെട്ടു. വിഷയം പരിശോധിക്കാൻ പ്രത്യേക സ്ക്വാഡ് രൂപീകരിക്കുമെന്നും ജിയോളജിസ്റ്റിന്റെ മേൽനോട്ടത്തിൽ അന്വേഷണം നടത്തുമെന്നും കലക്ടർ അറിയിച്ചു.

ദേശീയപാതയിലെ ആരിക്കാടി ടോൾബൂത്ത് കേന്ദ്ര സർക്കാർ ഉപേക്ഷിച്ച സാഹചര്യത്തിൽ അവിടെ നിർമ്മിച്ച ഹമ്പുകളും മറ്റ് തടസ്സങ്ങളും യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാട്ടിയ എം.എൽ.എ അവ അടിയന്തരമായി പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ടു.

ജനങ്ങളുടെ നിത്യജീവിതത്തെ ബാധിക്കുന്ന ആരോഗ്യ, ഗതാഗത, അടിസ്ഥാന സൗകര്യ, പരിസ്ഥിതി വിഷയങ്ങൾ ഒരുപോലെ ജില്ലാ വികസന സമിതിയിൽ ഉന്നയിച്ച എം.എൽ.എയുടെ ഇടപെടൽ ശ്രദ്ധേയമായി.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *