ന്യൂഡൽഹി: വൈദ്യുതി ബിൽ കുറയ്ക്കാനും ദീർഘകാല നിക്ഷേപമായി സോളാർ പദ്ധതികളിലേക്ക് മാറാനും പദ്ധതിയിട്ടിരുന്ന ലക്ഷക്കണക്കിന് കുടുംബങ്ങൾക്കും സ്ഥാപനങ്ങൾക്കും തിരിച്ചടിയായി കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനം. ജൂൺ 1 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിയമപ്രകാരം, സോളാർ പദ്ധതികളുടെ ചെലവ് ഗണ്യമായി ഉയരാൻ സാധ്യതയുണ്ടെന്നാണ് മേഖലയിലെ വിദഗ്ധർ വിലയിരുത്തുന്നത്.
ഇനി മുതൽ നെറ്റ്-മീറ്ററിംഗ്, ഓപ്പൺ-ആക്സസ് സംവിധാനങ്ങൾ വഴി വൈദ്യുതി ഗ്രിഡുമായി ബന്ധിപ്പിക്കുന്ന സോളാർ പദ്ധതികളിൽ സർക്കാർ അംഗീകൃത ആഭ്യന്തര നിർമാതാക്കളുടെ സോളാർ സെല്ലുകൾ മാത്രമേ ഉപയോഗിക്കാനാകൂ. ഇതോടെ നിലവിൽ വ്യാപകമായി ഉപയോഗിക്കുന്ന ഇറക്കുമതി സോളാർ സെല്ലുകളെ ആശ്രയിക്കുന്ന കമ്പനികൾക്കും ഉപഭോക്താക്കൾക്കും വലിയ സാമ്പത്തിക ഭാരം നേരിടേണ്ടിവരും.

ഇന്ത്യയിലെ സോളാർ നിർമ്മാണ മേഖലയെ ശക്തിപ്പെടുത്തുകയും വിദേശ ഇറക്കുമതിയെ, പ്രത്യേകിച്ച് ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുകയുമാണ് ലക്ഷ്യമെന്നാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം. എന്നാൽ, ഈ തീരുമാനം പ്രായോഗികമായി ഉപഭോക്താക്കളുടെ ചെലവ് വർധിപ്പിക്കുമെന്ന ആശങ്ക ശക്തമാണ്.
സോളാർ മേഖലയിലെ കണക്കുകൾ പ്രകാരം പുതിയ നിയമം മൂലം ഒരു കിലോവാട്ട് സോളാർ സ്ഥാപിക്കുന്നതിനുള്ള ചെലവ് ഏകദേശം 3,000 രൂപ വരെ വർധിക്കാം. അതായത്, സാധാരണ വീടുകളിൽ സ്ഥാപിക്കുന്ന അഞ്ച് കിലോവാട്ട് സോളാർ സിസ്റ്റത്തിന് ഏകദേശം 15,000 രൂപ വരെ അധിക ചെലവ് വരാൻ സാധ്യതയുണ്ട്.
പ്രധാനമന്ത്രി സൂര്യ ഘർ: മുഫ്ത് ബിജ്‌ലി യോജനയുടെ ഭാഗമായി സ്ഥാപിക്കുന്ന സോളാർ സംവിധാനങ്ങൾ ഉൾപ്പെടെ നെറ്റ്-മീറ്ററിംഗ് പദ്ധതികൾക്കും ഈ നിയമം ബാധകമാണ്. പുതിയ വ്യവസ്ഥ നടപ്പാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് നിർമാതാക്കൾ ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ തീരുമാനം മാറ്റിയില്ല.
വില വർധനവിനൊപ്പം ആഭ്യന്തര സോളാർ സെല്ലുകളുടെ ലഭ്യതയും ആശങ്കയാകുന്നുണ്ട്. ആവശ്യത്തിന് ഉത്പാദനം ലഭ്യമാകാത്ത സാഹചര്യത്തിൽ പദ്ധതികൾ വൈകാനും വിപണിയിൽ ക്ഷാമം അനുഭവപ്പെടാനുമുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് മേഖലാ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
സോളാർ സ്ഥാപിക്കാൻ ആലോചിച്ചിരുന്ന നിരവധി കുടുംബങ്ങൾ ഇപ്പോൾ പുതിയ ചെലവ് കണക്കുകൾ പരിശോധിക്കുകയാണ്. വൈദ്യുതി ബില്ലിൽ നിന്ന് മോചനം നേടുമെന്ന പ്രതീക്ഷയിൽ ആരംഭിച്ച സോളാർ സ്വപ്നങ്ങൾക്ക് പുതിയ നിയമം സാമ്പത്തിക വെല്ലുവിളിയായി മാറുമോ എന്ന ആശങ്കയാണ് ഉയരുന്നത്.



