കാസർകോട്: പാണലത്ത് ഭർത്തൃവീട്ടുകാരുടെ മുന്നിൽവെച്ച് ആസിഡ് കലർന്ന റസ്റ്റ് റിമൂവർ ലായനി കുടിച്ച് ജീവനൊടുക്കിയ ചർളടുക്ക സ്വദേശിനി ഫാത്തിമത്ത് സുഫൈദ (24)യുടെ മരണത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. യുവതിയുടെ ശരീരത്തിൽ പലയിടങ്ങളിലും മർദനമേറ്റ പാടുകൾ കണ്ടെത്തിയതായി ഇൻക്വസ്റ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കണ്ടെത്തിയ പരിക്കുകൾ എല്ലാം പുതിയതാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഇത് ഇന്നലെ തന്നെ ബിഎൻ സി മലയാളം റിപ്പോർട്ട് ചെയ്തതാണ്. ഇത് ശരിവെക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കെ.എം മുഹമ്മദ് ആദിലിനെ വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് നടപടി. ഭർത്താവിന്റെ മാതാവിനെയും കേസിൽ പ്രതിചേർത്തതായി പൊലീസ് അറിയിച്ചു. ഇവരെ ഉടനെ കസ്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്യും എന്നാണ് സൂചന. സുഫൈദയെ ശാരീരികമായും മാനസികമായും നിരന്തരം ഉപദ്രവിച്ചിരുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
സുഫൈദയുടെ കബറടക്കം തറവാട് പള്ളിയിൽ നടന്നു. പിതാവിന്റെ ഖബർ സ്ഥിതിചെയ്യുന്ന ചെർളടുക്ക ജമാഅത്ത് പള്ളിയിൽ മറവ് ചെയ്യാൻ ശ്രമിച്ചെങ്കിലും പള്ളി കമ്മിറ്റി അനുമതി നിഷേധിച്ചു. ജമാഅത്ത് അംഗത്വവുമായി ബന്ധപ്പെട്ടും കുടിശ്ശിക വിഷയവും ആത്മഹത്യ സംഭവവുമാണ് എതിർപ്പിന് കാരണമായതെന്ന് നാട്ടുകാർ പറഞ്ഞു.
പള്ളിയുമായി നിലവിൽ കുടുംബത്തിന് ബന്ധമില്ലെന്നും , അംഗത്വം പുതുക്കിയിട്ടില്ല എന്നും, വിഷയത്തിൽ രണ്ടഭിപ്രായം ഉയർന്നതിലാണ് അനുമതി നിഷേധിച്ചതെന്ന് പള്ളി ഭാരവാഹികളും പറയുന്നുണ്ട്.
ഒരു വർഷം മുമ്പായിരുന്നു സുഫൈദയും ആദിലും വിവാഹിതരായത്. ബി.എഡ് പഠനത്തിനിടെ തുടങ്ങിയ പരിചയം പിന്നീട് പ്രണയത്തിലേക്കും തുടർന്ന് വിവാഹത്തിലേക്കും എത്തുകയായിരുന്നു. മൂന്ന് വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. എന്നാൽ വിവാഹത്തിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ കുടുംബജീവിതത്തിൽ പ്രശ്നങ്ങൾ ആരംഭിച്ചിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം.
മഹർ മാലയും സുഫൈദയുടെ വീട്ടുകാർ നൽകിയ സ്വർണവും ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. പിതാവ് മരണപ്പെട്ടതും സഹോദരൻ വിദേശത്തായിരുന്നതും ഭർത്തൃവീട്ടുകാർ മുതലെടുത്തുവെന്നും ബന്ധുക്കൾ പറയുന്നു.
ഗർഭിണിയായിരുന്ന സമയത്തുപോലും വിശ്രമമില്ലാതെ വീട്ടുജോലികൾ ചെയ്യിപ്പിച്ചിരുന്നുവെന്നും പലതവണ മർദനത്തിനിരയാക്കിയിരുന്നുവെന്നും പരാതിയിൽ പറയുന്നു. സംഭവത്തിന് മണിക്കൂറുകൾ മുമ്പും ക്രൂരമായി മർദിച്ചിരുന്നുവെന്നാണ് ആരോപണം. സഹോദരനെ വിവരം അറിയിക്കുമെന്ന് പറഞ്ഞതിനെ തുടർന്ന് ഫോൺ തകർത്തതായും പിന്നീട് അയൽവാസിയുടെ ഫോൺ ഉപയോഗിച്ചാണ് സഹായം തേടിയതെന്നും ബന്ധുക്കൾ വ്യക്തമാക്കി.

സഹോദരൻ വീട്ടിലെത്തി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും സ്ഥിതി ശാന്തമാക്കാനായില്ല. കഴുത്തിലും കൈകളിലും പരിക്കുകളോടെ സുഫൈദയെ കണ്ടതായി ബന്ധുക്കൾ പറഞ്ഞു. ഇതിനിടെയാണ് കുടുംബാംഗങ്ങളുടെ മുന്നിൽവെച്ച് തുരുമ്പ് കളയാൻ ഉപയോഗിക്കുന്ന രാസലായനി യുവതി കുടിച്ചത്.
“ഞാൻ മരിച്ചാൽ അതിന് ഉത്തരവാദി നീ ആയിരിക്കും” എന്ന് ഭർത്താവിനോട് പറഞ്ഞ ശേഷമാണ് സുഫൈദ ലായനി കുടിച്ചതെന്നാണ് ബന്ധുക്കളുടെ മൊഴി. ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രണ്ടുമാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെയാണ് സുഫൈദ പിന്നിലാക്കി വിടുന്നത്. അമ്മയുടെ സ്നേഹം അറിയും മുമ്പേ കുഞ്ഞിനെ അനാഥത്വത്തിലേക്ക് തള്ളിയ സംഭവത്തിൽ പ്രദേശവാസികളിലും വലിയ ദുഃഖവും പ്രതിഷേധവും ഉയരുകയാണ്.
ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ ശേഖരിച്ച് അന്വേഷണം ഊർജിതമാക്കുമെന്ന് വിദ്യാനഗർ പൊലീസ് അറിയിച്ചു. ഭർത്താവിന്റെ മാതാവിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും കൂടുതൽ യുവതിയെ ഗാർഹിക പീഡനത്തിന് ഏരിയാകിയതിൽ കൂടുതൽ ബന്ധുക്കൾക്ക് പങ്കുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.



