മംഗളൂരു: കർണാടകയിലെ മംഗളൂരുവിനടുത്ത ജയപുര കെ. മദഹള്ളിയിൽ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂര കൊലപാതകം. അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് 48-കാരിയായ സുധയെ സ്വന്തം മകൻ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തുകയും തുടർന്ന് മൃതദേഹം കത്തിച്ച് തെളിവ് നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ ഭർത്താവും മകനും ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഭർത്താവ് നഞ്ചുണ്ട, മകൻ ശിവരുദ്രപ്പ (29), ബന്ധുക്കളായ അഭി (22), ആകാശ് (20) എന്നിവരാണ് ജയപുര പൊലീസിന്റെ പിടിയിലായത്. ഞായറാഴ്ച നടന്ന സംഭവമാണ് പ്രദേശത്ത് വലിയ ഞെട്ടലുണ്ടാക്കിയത്.
മൈസൂരു ജില്ലാ പൊലീസ് സൂപ്രണ്ട് മല്ലികാർജുൻ ബാലദണ്ടി മാധ്യമങ്ങളോട് വിശദീകരിച്ചതനുസരിച്ച്, “ഒരു മകൻ മാതാവിനെ കൊലപ്പെടുത്തി മൃതദേഹം രഹസ്യമായി കത്തിക്കുകയാണ്” എന്ന അജ്ഞാത ഫോൺ സന്ദേശമാണ് കേസിലെ നിർണായക വഴിത്തിരിവായത്. വിവരം ലഭിച്ചതിനെ തുടർന്ന് ജയപുര സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
സുധയുടെ വീട്ടിൽ രക്തക്കറകൾ കണ്ടെത്തിയതോടെ സംശയം ശക്തമായി. പിന്നാലെ കസ്റ്റഡിയിലെടുത്ത ശിവരുദ്രപ്പ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി.

മൂന്ന് മാസം മുൻപ് സുധ ഒരു അപരിചിതനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ ആരോ പകർത്തിയിരുന്നു. ഈ വീഡിയോയെ തുടർന്നാണ് മാതാവിന് അവിഹിത ബന്ധമുണ്ടെന്ന സംശയം ശിവരുദ്രപ്പയിൽ ശക്തമായതെന്ന് പൊലീസ് പറയുന്നു.
അടുത്തിടെ മൈസൂരുവിലെ ജെ.പി നഗറിലേക്ക് താമസം മാറിയിരുന്ന ശിവരുദ്രപ്പ, ഞായറാഴ്ച രാവിലെ ഗ്രാമത്തിലെത്തി മാതാവുമായി തർക്കത്തിൽ ഏർപ്പെട്ടു. വാക്കുതർക്കം രൂക്ഷമായതോടെ സമീപത്തുണ്ടായിരുന്ന വടികൊണ്ട് സുധയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധ സഹായത്തിനായി നിലവിളിച്ചതോടെ സമീപത്ത് താമസിക്കുന്ന മാതാവ് കെമ്പമ്മ ഓടിയെത്തി. ഇതോടെ ശിവരുദ്രപ്പ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.
ശേഷം അഭിയും ആകാശും ചേർന്ന് സുധയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. തുടർന്ന് വിവരം ശിവരുദ്രപ്പയെയും നഞ്ചുണ്ടയെയും അറിയിക്കുകയായിരുന്നു.
പിന്നീട് കണിയാനഹുണ്ടിയിലേക്കുള്ള റോഡരികിലെ കൃഷിയിടത്തിലേക്ക് ട്രാക്ടറിൽ വിറക് എത്തിച്ച് മൃതദേഹം കത്തിക്കാൻ ശ്രമിച്ചു. വൈകിട്ട് പൊലീസ് സ്ഥലത്തെത്തുമ്പോഴും മൃതദേഹം കത്തിക്കൊണ്ടിരിക്കുകയായിരുന്നു. തുടർന്ന് തീ അണച്ച പൊലീസ് സുധയുടെ തലയോട്ടിയും മറ്റ് അസ്ഥിഭാഗങ്ങളും ശേഖരിച്ചു.
സംഭവസ്ഥലത്ത് നിന്ന് സുധയുടെ താലിയും കമ്മലുകളും പൊലീസ് കണ്ടെത്തി.
കൊലപാതകത്തിന് ശേഷം മൃതദേഹം കത്തിച്ച് തെളിവുകൾ നശിപ്പിക്കാൻ ഭർത്താവും മറ്റ് ബന്ധുക്കളും സഹായിച്ചുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായതെന്ന് പൊലീസ് അറിയിച്ചു.സംഭവത്തിൽ പ്രദേശവാസികൾക്കിടയിൽ വൻ ഞെട്ടലും പ്രതിഷേധവും ഉയർന്നിട്ടുണ്ട്.



