bncmalayalam.in

വൃക്കക്കച്ചവടത്തിന്റെ കറുത്ത സാമ്രാജ്യം പൊളിയുന്നു; കാസർകോട് ബന്ധുക്കളുടെ പേരിലുള്ള 23 കോടിയുടെ സ്വത്ത് സംശയനിഴലിൽ; പ്രമുഖരും ആശുപത്രികളും നിരീക്ഷണത്തിൽ!

357: വൃക്കക്കച്ചവടത്തിന്റെ കറുത്ത സാമ്രാജ്യം പൊളിയുന്നു; കാസർകോട് ബന്ധുക്കളുടെ പേരിലുള്ള 23 കോടിയുടെ സ്വത്ത് സംശയനിഴലിൽ; പ്രമുഖരും ആശുപത്രികളും നിരീക്ഷണത്തിൽ!

വൃക്കക്കച്ചവടത്തിന്റെ കറുത്ത സാമ്രാജ്യം പൊളിയുന്നു; കാസർകോട് ബന്ധുക്കളുടെ പേരിലുള്ള 23 കോടിയുടെ സ്വത്ത് സംശയനിഴലിൽ; പ്രമുഖരും ആശുപത്രികളും നിരീക്ഷണത്തിൽ!

കൊച്ചി: കേരളത്തെ നടുക്കിയ അന്താരാഷ്ട്ര അവയവക്കടത്ത് കേസിൽ അന്വേഷണം പുതിയതും അതീവ ഗൗരവമേറിയതുമായ തലത്തിലേക്ക് കടക്കുന്നു. രേഖകളിൽ മാത്രം നടന്ന തട്ടിപ്പല്ല, കോടിക്കണക്കിന് രൂപയുടെ കള്ളപ്പണ ഇടപാടുകളും രാഷ്ട്രീയ-സാമൂഹിക സ്വാധീനമുള്ള വ്യക്തികളുടെ പിന്തുണയും ഈ ശൃംഖലയ്ക്ക് ലഭിച്ചിട്ടുണ്ടോയെന്ന സംശയത്തിലേക്കാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം നീളുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ വ്യാപക റെയ്ഡുകളിൽ ലഭിച്ച തെളിവുകൾ കേസിനെ കേരള ചരിത്രത്തിലെ ഏറ്റവും വലിയ അവയവക്കടത്ത് ശൃംഖലയായി മാറ്റുമെന്ന വിലയിരുത്തലാണ് അന്വേഷണ വൃത്തങ്ങൾ നടത്തുന്നത്.

മുഖ്യപ്രതിയായ നജീബിന്റെ നേതൃത്വത്തിൽ വർഷങ്ങളായി പ്രവർത്തിച്ച സംഘത്തിന് സംസ്ഥാനത്തിനകത്തും പുറത്തും ശക്തമായ ബന്ധങ്ങളുണ്ടായിരുന്നുവെന്നാണ് കണ്ടെത്തൽ. ദരിദ്രരായ ആളുകളെ സാമ്പത്തിക പ്രലോഭനങ്ങൾ നൽകി വൃക്കദാനത്തിന് തയ്യാറാക്കുകയും, പിന്നീട് ബന്ധുക്കളാണെന്നോ അടുത്ത സുഹൃത്തുക്കളാണെന്നോ കാണിച്ച് വ്യാജരേഖകൾ ചമച്ച് നിയമാനുമതികൾ നേടുകയും ചെയ്തിരുന്നതായി അന്വേഷണ സംഘം സംശയിക്കുന്നു. ഇതിനായി ഉപയോഗിച്ച രേഖകളിൽ ചിലത് അതീവ നൂതന രീതിയിൽ തയ്യാറാക്കിയവയാണെന്നും, രേഖാ നിർമാണത്തിൽ വിദഗ്ധരായ വ്യക്തികളുടെ സഹായം ലഭിച്ചിട്ടുണ്ടാകാമെന്നും ഇഡി കരുതുന്നു.

അന്വേഷണത്തിലെ ഏറ്റവും ഞെട്ടിക്കുന്ന കണ്ടെത്തൽ പണത്തിന്റെ ഒഴുക്കാണ്. ഒരു വൃക്കദാനത്തിൽ തന്നെ 25 ലക്ഷം രൂപ ഏറ്റവും ചുരുങ്ങിയ കമ്മീഷൻ കൈമാറപ്പെട്ടതായും, നിരവധി കേസുകൾ കൂട്ടിച്ചേർത്താൽ കോടികൾ മറിയുന്ന സമാന്തര സാമ്പത്തിക ശൃംഖലയാണ് പ്രവർത്തിച്ചിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ വിലയിരുത്തുന്നു.

“മുഹമ്മദ് നജീബ് കെ, പങ്കാളി റഷീദ എ എ എന്നിവരുടെ നേതൃത്വത്തിൽ പ്രതികൾ അവരുടെ മുൻ കമ്പനിയായ കല്ലത്തറാസ് മെഡിക്കൽ ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് വഴി 2021 നും 2026 നും ഇടയിൽ അവയവ കച്ചവടം നടത്തി വരികയായിരുന്നു.

ഏജൻ്റുമാരുടെയും ഇടനിലക്കാരുടെയും ഒരു ശൃംഖല വഴി, സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ദാതാക്കളെ ലക്ഷ്യമിട്ട് 5 ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ പണം നൽകാമെന്ന് വാഗ്‌ദാനം നൽകും. സ്വീകർത്താക്കളിൽ നിന്ന് 20 ലക്ഷം മുതൽ 35 ലക്ഷം രൂപ വരെയോ അതിൽ കൂടുതലോ ഈടാക്കാറാണ് ചെയ്യുന്നത്. അതിനുശേഷം, എറണാകുളത്തെ പ്രധാന ആശുപത്രികളിൽ നിയമവിരുദ്ധ ട്രാൻസ്പ്ലാൻ്റ് നടപടിക്രമങ്ങൾക്ക് സൗകര്യമൊരുക്കി”ഉദ്യോഗസ്ഥർ പറഞ്ഞു.

ഇതിന്റെ ഭാഗമായി മുഖ്യപ്രതിയുടെയും മറ്റു പ്രതികളുടെയും അവരുടെ അടുത്ത ബന്ധുക്കളുടെയും പേരിലുള്ള ഭൂമികളും കെട്ടിടങ്ങളും ബാങ്ക് നിക്ഷേപങ്ങളും പരിശോധിച്ച് വരികയാണ്. കാസർഗോഡ് മുഖ്യപ്രതിയുടെ ബന്ധുക്കളുടെ പേരിലുള്ള ചില സ്വത്തുക്കളെക്കുറിച്ചും ഇഡി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവർക്ക് ബാംഗ്ലൂരിലും സ്വത്തുക്കൾ ഉണ്ടെന്ന് ഈ ഡി വിലയിരുത്തുന്നുണ്ട് . അനധികൃത സമ്പാദ്യമായി കണ്ടെത്തുന്ന സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടികളിലേക്ക് ഉടൻ കടക്കുമെന്നാണ് സൂചന.vrikka-vilpana-case-ed-raid-organ-trafficking-kerala-kasaragod-assets-seizure-fake-documents-kidney-racket-bnc malayalam

അതേസമയം, കേസിന്റെ പരിധി ആശുപത്രികളുടെ പ്രവർത്തനങ്ങളിലേക്കും നീളുകയാണ്. അവയവദാനത്തിന് ആവശ്യമായ പരിശോധനകളും അനുമതികളും ലഭിക്കുന്ന ഘട്ടങ്ങളിൽ നിയമലംഘനമോ വീഴ്ചയോ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ബന്ധപ്പെട്ട ആശുപത്രികളിലെ രേഖകൾ വീണ്ടും പരിശോധിക്കാനാണ് തീരുമാനം. ചില ഡോക്ടർമാരെയും ആശുപത്രി ജീവനക്കാരെയും വിശദമായ ചോദ്യം ചെയ്യലിന് വിളിച്ചേക്കുമെന്നാണ് വിവരം.

കേസിലെ മറ്റൊരു നിർണായക വശം ചാരിറ്റി പ്രവർത്തനങ്ങളുടെ മറവിൽ നടന്നതായി കരുതുന്ന ഇടപെടലുകളാണ്. രോഗികളെ സഹായിക്കുകയെന്ന പേരിൽ പ്രവർത്തിച്ച ചില വ്യക്തികളും സംഘടനകളും യഥാർത്ഥത്തിൽ ദാതാക്കളെയും സ്വീകർത്താക്കളെയും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണികളായിരുന്നോയെന്ന സംശയമാണ് അന്വേഷണ സംഘത്തിനുള്ളത്. സാമ്പത്തിക ഇടപാടുകൾ, ബാങ്ക് രേഖകൾ, വിദേശ ബന്ധങ്ങൾ എന്നിവയും ഇതിനകം പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

ഇതിനിടെ കേസിൽ വിദേശബന്ധം ഉണ്ടെന്ന സൂചനകളും ശക്തമാണ്. ഗൾഫ് രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും നീളുന്ന സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ കേന്ദ്ര ഏജൻസികൾ ശേഖരിക്കുന്നതായി അറിയുന്നു. ആവശ്യമെങ്കിൽ അന്തർദേശീയ അന്വേഷണ ഏജൻസികളുടെ സഹായവും തേടാൻ സാധ്യതയുണ്ട്.

അന്വേഷണം മുന്നോട്ടുപോകുന്നതിനനുസരിച്ച് കൂടുതൽ അറസ്റ്റുകളും സ്വത്ത് കണ്ടുകെട്ടലുകളും ഉണ്ടാകുമെന്നാണ് സൂചന. സമൂഹത്തിൽ മാന്യരായി അറിയപ്പെടുന്ന ചിലരുടെ പേരുകൾ പോലും അന്വേഷണത്തിന്റെ പരിധിയിലേക്ക് വന്നേക്കാമെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇതോടെ കേരളത്തെ ഞെട്ടിച്ച അവയവക്കടത്ത് കേസ് ഒരു സാധാരണ ക്രിമിനൽ കേസിൽ നിന്ന്, കോടികളുടെ കള്ളപ്പണവും അധികാര സ്വാധീനവും മനുഷ്യശരീരത്തെ ചരക്കാക്കി മാറ്റിയ ക്രൂര വ്യാപാരവും ചേർന്ന വമ്പൻ മാഫിയ ശൃംഖലയെ തുറന്നുകാട്ടുന്ന കേസായി മാറുകയാണ്. അന്വേഷണത്തിന്റെ അടുത്ത ദിവസങ്ങൾ കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വെളിപ്പെടുത്തലുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *