കാസർകോട്: ലോകകപ്പ് ഫുട്ബോൾ ആവേശം ലോകമെങ്ങും കൊടുമുടി കയറുമ്പോൾ, ഒഫീഷ്യൽ ആൽബങ്ങളെപ്പോലും കാറ്റിൽപ്പറത്തി സോഷ്യൽ മീഡിയയിൽ ഒരു കാസർകോടൻ പാട്ട് ജൈത്രയാത്ര തുടരുകയാണ്. “അർജൻ്റീന അർജൻ്റീന അർജൻ്റീന… വേൾഡ് കപ്പ് വേൾഡ് കപ്പ് വേൾഡ് കപ്പ്… മെസി മെസി മെസി…” എന്ന ലൈനുകൾ കേൾക്കാത്ത ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾ ഇന്ന് കാണില്ല. കാസർകോട് നല്ലതടുക്ക സ്വദേശിയായ മനോജ് കുമാർ എന്ന ‘ടൈഗർ അണ്ണൻ’ ആണ് ഈ അന്താരാഷ്ട്ര ഹിറ്റിന് പിന്നിലെ മാന്ത്രികൻ.
പ്രശസ്ത പഞ്ചാബി ഗായകൻ ദലേർ മെഹന്ദിയുടെ സൂപ്പർഹിറ്റ് ഗാനമായ ‘ബോലോ താ രാ രാ രാ’യുടെ തകർപ്പൻ പാരഡിയായാണ് മനോജ് ഈ വരികൾ ഒരുക്കിയത്. നാവിൻ തുമ്പിൽ പെട്ടെന്ന് ഓടിയെത്തുന്ന ലളിതമായ ശൈലിയും അതിവേഗ താളവും ചേർന്നപ്പോൾ സംഗതി വേറെ ലെവലായി മാറി. റീൽസ് ലോകത്തെ എല്ലാ റെക്കോർഡുകളും തകർത്തുകൊണ്ട് 60 ലക്ഷത്തിലധികം വ്യൂസും, 35 ലക്ഷത്തിലേറെ ലൈക്കുകളും, 10 ലക്ഷത്തിലധികം ഷെയറുകളും ഇതിനകം ഈ വീഡിയോ സ്വന്തമാക്കിക്കഴിഞ്ഞു. ആദ്യം സാധാരണ ഫാൻസ് ഗ്രൂപ്പുകളിൽ മാത്രം ഒതുങ്ങുമെന്ന് കരുതിയ പാട്ടിൻ്റെ വിധി മാറ്റിമറിച്ചത് ഇന്ത്യയിലെ പ്രമുഖ ദൃശ്യമാധ്യമ ശൃംഖലയായ ‘സീ നെറ്റ്‌വർക്ക്’ ഇത് ഏറ്റെടുത്തതോടെയാണ്. അതോടെ പാട്ട് പാൻ-ഇന്ത്യൻ തലത്തിലും പിന്നീട് ആഗോള തലത്തിലും കാട്ടുതീ പോലെ പടർന്നുപിടിക്കുകയായിരുന്നു.

പ്രശസ്ത നടി പാർവതി തിരുവോത്ത് അർജൻ്റീന ജേഴ്‌സിയിലും, സെലിബ്രിറ്റി ഫിറ്റ്നസ് കോച്ച് റാഹിബ് മുഹമ്മദ് ബ്രസീൽ ജേഴ്‌സിയിലും ഈ പാട്ടിന് ചുവടുവെച്ചതോടെ സംഗതി സോഷ്യൽ മീഡിയയിൽ വൻ ട്രെൻഡായി മാറി. ഭാഷയറിയില്ലെങ്കിലും വിദേശികൾ പോലും ഈ മലയാളി ശബ്ദത്തിനൊപ്പം ചുണ്ടനക്കുകയാണ്. ബംഗ്ലാദേശ്, അർജൻ്റീന, അറബ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് ഫുട്ബോൾ പ്രേമികളാണ് ഈ പാട്ടിനൊപ്പം നിലവിൽ റീൽസ് ചെയ്യുന്നത്. കോവിഡ് കാലത്താണ് മനോജ് വിനോദത്തിനായി റീൽസും ഷോർട്സും ചെയ്തു തുടങ്ങുന്നത്. ഒരുപാട് പാട്ടുകളും തമാശകളും പങ്കുവെച്ചെങ്കിലും ക്ലച്ച് പിടിച്ചിരുന്നില്ല , കൊച്ചിയിൽ അലൻ ജോസ് പെരേര ഗ്യാങ്ങൽ പോയി സിനിമ നിരൂപണവും ഡാൻസും ഒക്കെ നടത്തിയെങ്കിലും അതും പരാജയമായിരുന്നു , ഒടുവിൽ മെസ്സി ആണ് രക്ഷകനായത് . കൃഷ്ണൻ്റെയും പരേതയായ നളിനിയുടെയും മൂന്ന് മക്കളിൽ ഇളയവനായ മനോജ്, തൻ്റെ ജോലിക്കിടയിൽ കിട്ടുന്ന സമയത്താണ് റീൽസ് ചിത്രീകരിക്കുന്നത്. പല പാട്ടുകളുടെയും കരോക്കെ ഉപയോഗിച്ച്, അപ്പപ്പോൾ മനസ്സിൽ തോന്നുന്ന വരികൾ വെച്ചാണ് പാട്ടുകൾ തയാറാക്കുന്നത്. ഇതൊക്കെ പാട്ടുകൾ ആണെന്നാണ് മനോജ് അവകാശപ്പെടുന്നത് എങ്കിലും നെഗറ്റീവ് പബ്ലിസിറ്റി പോസിറ്റീവ് ആക്കി മാറ്റാനുള്ള തന്ത്രപരമായ കഴിവ് മനോജേൽ ഒളിഞ്ഞിരിപ്പുണ്ട് .
തൻ്റെ പാട്ടുകൾ സോഷ്യൽ മീഡിയ ലോകം ഏറ്റെടുത്തതിൽ വലിയ സന്തോഷമുണ്ടെന്ന് മനോജ് വ്യക്തമാക്കുന്നു. അർജൻ്റീന മാത്രമല്ല; ബ്രസീൽ, പോർച്ചുഗൽ, ജർമനി, ഫ്രാൻസ്, ക്രൊയേഷ്യ എന്നീ ടീമുകൾക്കായുള്ള പാട്ടുകളും മനോജ് ഇതിനകം ഇറക്കിക്കഴിഞ്ഞു. ലോകകപ്പിൽ മാറ്റുരയ്ക്കുന്ന 48 ടീമുകൾക്കും വേണ്ടി വരും ദിവസങ്ങളിൽ പാട്ടുകൾ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് കക്ഷി. ജീവിതത്തിൽ അഞ്ച് വലിയ ആഗ്രഹങ്ങളാണ് മനോജിനുള്ളത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാം നമ്പർ ആഗ്രഹം മറ്റൊന്നുമല്ല, ആഗോള ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെ നേരിട്ട് ഒന്നു കാണണം എന്നത് മാത്രമാണ്. മനോജിൻ്റെ ഈ പാട്ടുപോലെ തന്നെ ആ വലിയ സ്വപ്നവും ഒരുനാൾ യാഥാർത്ഥ്യമാകട്ടെ എന്ന് നമുക്ക് ആശംസിക്കാം.



