ഡൽഹി കത്തുമ്പോൾ ഫ്രാൻസ് വാർത്ത! പ്രൈംടൈമിൽ വെറും 1700 പേർ; അർണാബിന്റെ റിപ്പബ്ലിക് ടിവിയെ പ്രേക്ഷകർ ‘കൈവിട്ടു’
ഡൽഹി: രാജ്യം നിർണായകമായ രാഷ്ട്രീയ പോരാട്ടങ്ങളിലൂടെയും തിരഞ്ഞെടുപ്പ് ചർച്ചകളിലൂടെയും കടന്നുപോകുമ്പോൾ, ദേശീയ മാധ്യമങ്ങളുടെ പട്ടികയിൽ മുൻനിരയിലാണെന്ന് അവകാശപ്പെടുന്ന റിപ്പബ്ലിക് ടിവിയെ പ്രേക്ഷകർ പൂർണ്ണമായും കൈവിടുന്നു. രാജ്യതലസ്ഥാനം പ്രക്ഷുബ്ധമായിരിക്കെ, ഫ്രാൻസിലെ വിദ്യാർത്ഥി കലാപം പ്രധാന വാർത്തയാക്കിയ ചാനലിന്റെ തന്ത്രം വൻ പരാജയമാണെന്ന് തെളിയുകയാണ്.

രാജ്യത്തെ പ്രധാനപ്പെട്ട രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യേണ്ട പ്രൈംടൈം സമയത്ത്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 25 വർഷത്തെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ചുള്ള വാഴ്ത്തുപാട്ടുകളും പരസ്യങ്ങളുമാണ് ചാനൽ നിരന്തരം സംപ്രേക്ഷണം ചെയ്യുന്നത്. എന്നാൽ, ഈ അണിയറ നീക്കങ്ങളൊന്നും പ്രേക്ഷകരെ ആകൃഷ്ടരാക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.
ദേശീയ തലത്തിൽ വൻ പ്രധാന്യമുണ്ടെന്ന് അവകാശപ്പെടുന്ന റിപ്പബ്ലിക് ടിവിയുടെ ഇംഗ്ലീഷ് ലൈവ് സ്ട്രീമിങ് കാണാൻ ഇപ്പോൾ എത്തുന്നത് വെറും 1700-ൽ താഴെ ആളുകൾ മാത്രമാണ്. പ്രാദേശിക ഭാഷകളിലെ സാധാരണ ചാനലുകൾക്ക് പോലും ലഭിക്കുന്നതിനേക്കാൾ ദയനീയമായ കാഴ്ചക്കാരുടെ എണ്ണമാണ് പ്രൈംടൈം ഷോകളിൽ റിപ്പബ്ലിക് ടിവിക്ക് ലഭിക്കുന്നത്.
രാഷ്ട്രീയ വാർത്തകൾക്ക് പകരം ഭരണകൂട സ്തുതിപാടലുകൾ മാത്രം മുഖമുദ്രയാക്കിയ മാധ്യമപ്രവർത്തനത്തിന് പ്രേക്ഷകർ നൽകുന്ന കനത്ത തിരിച്ചടിയായാണ് ഈ കാഴ്ചക്കാരുടെ ഇടിവിനെ വിലയിരുത്തുന്നത്.



