bncmalayalam.in

യുവതിക്ക് ലഹരി കുത്തിവെക്കുന്ന ദൃശ്യം വൈറലായി; പിന്നാലെ വലവിരിച്ച് എക്സൈസ്, പിടിയിലായത് മൂന്ന് പേർ

309: യുവതിക്ക് ലഹരി കുത്തിവെക്കുന്ന ദൃശ്യം വൈറലായി; പിന്നാലെ വലവിരിച്ച് എക്സൈസ്, പിടിയിലായത് മൂന്ന് പേർ

കൊച്ചി നഗരത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഒരു യുവാവിന് യുവതി ലഹരി കുത്തിവെക്കുന്നതായി തോന്നിപ്പിക്കുന്ന ആ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി. വീഡിയോയുടെ സത്യാവസ്ഥ അന്വേഷിക്കാൻ തുടങ്ങിയ ഉദ്യോഗസ്ഥർക്ക് അധികം വൈകാതെ തന്നെ ഒരു ലഹരി വിതരണ ശൃംഖലയിലേക്കുള്ള വഴിത്തിരിവ് ലഭിച്ചു.ആ അന്വേഷണമാണ് ഒടുവിൽ മൂന്ന് പേരുടെ അറസ്റ്റിലേക്ക് നയിച്ചത്.

സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന ‘ഓപ്പറേഷൻ തണ്ടർ’ പദ്ധതിയുടെ ഭാഗമായി എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് കൊച്ചിയിൽ നടത്തിയ പരിശോധനയിലാണ് കൊല്ലം സ്വദേശിയായ മുഹഷീബും തൃശൂർ സ്വദേശിനിയായ ആഷിക തൻവീറും പിടിയിലായത്. ഇവരിൽ നിന്ന് 6.03 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.

എറണാകുളം സൗത്ത് മെട്രോ സ്റ്റേഷന് സമീപത്തെ ഹസൽ ഗാർഡൻസ് ലോഡ്ജിന് മുന്നിൽ നടന്ന പരിശോധനയിൽ ഇരുവരും വലയിലായി. അന്വേഷണത്തിൽ പുറത്തുവന്ന വിവരങ്ങൾ പ്രകാരം, ബെംഗളൂരുവിൽ നിന്ന് ലഹരിമരുന്ന് എത്തിച്ച ശേഷം നഗരത്തിലെ വിവിധ ലോഡ്ജുകളിൽ താമസിച്ച് രാത്രികാലങ്ങളിൽ വിൽപ്പന നടത്തുന്നതായിരുന്നു ഇവരുടെ രീതി.

ഇതിനിടെയാണ് പെരുമ്പാവൂരിൽ നിന്ന് മറ്റൊരു നിർണായക വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. പൊതുസ്ഥലങ്ങളിൽ പരസ്യമായി ലഹരി വിൽപ്പന നടത്തുന്നുവെന്ന പരാതിയെ തുടർന്ന് നിരീക്ഷണത്തിലായിരുന്ന അസം സ്വദേശിനിയായ നജ്മ ബീഗത്തെയും ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ലഹരി കുത്തിവെപ്പ് ദൃശ്യങ്ങളിലും ഇവർ ഉൾപ്പെട്ടിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

മൂവർക്കുമെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർക്ക് പിന്നിൽ പ്രവർത്തിക്കുന്ന ലഹരി വിതരണ ശൃംഖലയെക്കുറിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

അതേസമയം, മലപ്പുറത്ത് മറ്റൊരു നാടകീയ സംഭവവും അരങ്ങേറി. 19 ഗ്രാം എംഡിഎംഎയുമായി കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്ത തൊട്ടിൽപ്പാലം സ്വദേശി അമീറിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം പെരിന്തൽമണ്ണ സബ് ജയിലിലേക്ക് കൊണ്ടുപോകുകയായിരുന്നു. വഴിമധ്യേ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ നിർത്തിയപ്പോൾ ഒരു കൈയിലെ വിലങ്ങ് അഴിച്ച നിമിഷം പ്രതി ഓടി രക്ഷപ്പെട്ടു.പോലീസ് പിന്നാലെ പാഞ്ഞെങ്കിലും അമീറിനെ പിടികൂടാൻ കഴിഞ്ഞില്ല. നിരവധി കേസുകളിൽ പ്രതിയായ ഇയാളെ കണ്ടെത്തുന്നതിനായി വ്യാപക തെരച്ചിൽ തുടരുകയാണ്.

 

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *