കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസയിൽ നടത്തിയ പരിശോധനയിൽ ഏകദേശം 10 ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവിനെ ഡാൻസാഫ് സംഘവും പന്തീരാങ്കാവ് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. കാസർകോട്-കർണാടക അതിർത്തി പ്രദേശമായ ഗാളിമുഖം സ്വദേശിയായ അബ്ദുൽ സക്കീറാണ് പിടിയിലായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് പുലർച്ചെ പന്തീരാങ്കാവ് ടോൾ പ്ലാസയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതിയുടെ കാറിന്റെ ഡിക്കിയിൽ അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്. പിടിച്ചെടുത്ത ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ ഏകദേശം 10 ലക്ഷം രൂപ വിലവരുമെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ.

മൈസൂരിൽ നിന്നാണ് പുകയില ഉൽപ്പന്നങ്ങൾ വാഹനത്തിൽ കയറ്റിയതെന്നും മംഗളൂരു വഴി എറണാകുളത്തേക്ക് കടത്താനായിരുന്നു പദ്ധതിയെന്നും പ്രതി മൊഴി നൽകിയതായി അന്വേഷണ സംഘം അറിയിച്ചു.
ഇതിനിടെ, അറസ്റ്റിലായ പ്രതി ലഹരിക്കടത്ത് ശൃംഖലയിലെ ഒരു ചെറിയ കണ്ണി മാത്രമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഈ കടത്തിന് നേതൃത്വം നൽകുന്നതായി സംശയിക്കുന്ന മറ്റൊരാളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാളും ഗാളിമുഖം സ്വദേശിയാണെന്നുമാണ് അന്വേഷണ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.
നിരവധി വാഹനങ്ങൾ ഇയാളുടെ നിയന്ത്രണത്തിലുണ്ടെന്നും, വാടകയ്ക്ക് എടുക്കുന്ന കാറുകളും ലഹരി-പുകയില ഉൽപ്പന്നങ്ങൾ കടത്താൻ ഉപയോഗിക്കുന്നതായി അന്വേഷണത്തിൽ സൂചന ലഭിച്ചിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഈ ശൃംഖലയുമായി ബന്ധപ്പെട്ട കൂടുതൽ ആളുകളെ കണ്ടെത്തുന്നതിനായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
പ്രതിയെ നിലവിൽ പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിൽ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. പിടിച്ചെടുത്ത ഉൽപ്പന്നങ്ങളുടെ ഉറവിടം, വിതരണ കേന്ദ്രങ്ങൾ, സാമ്പത്തിക ഇടപാടുകൾ, ശൃംഖലയിലെ മറ്റ് അംഗങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.



