bncmalayalam.in

ഒരു ദിവസം മാത്രം ലോകം കണ്ട കുഞ്ഞ് യാത്രയായി; മാനുഷിക പരിഗണനയിൽ പള്ളി കമ്മിറ്റി; കർണാടക സ്വദേശികളുടെ നവജാത ശിശുവിന് ഒരവങ്കരയിൽ കബറിടം

222: ഒരു ദിവസം മാത്രം ലോകം കണ്ട കുഞ്ഞ് യാത്രയായി; മാനുഷിക പരിഗണനയിൽ പള്ളി കമ്മിറ്റി; കർണാടക സ്വദേശികളുടെ നവജാത ശിശുവിന് ഒരവങ്കരയിൽ കബറിടം

കാസർകോട്: മേൽപ്പറമ്പിൽ നവജാത ശിശുവിന്റെ മരണം പ്രദേശത്ത് ദുഃഖമുണർത്തി. മേൽപ്പറമ്പ് ഒരവങ്കര ഉമ്പായിച്ച കോട്ടേസിൽ താമസിച്ചു വന്നിരുന്ന ആയിഷാബിയുടെ കുഞ്ഞാണ് മരിച്ചത്. ആശുപത്രിയിൽ പ്രസവം നടന്നതിന് പിന്നാലെ ഒരു ദിവസം പിന്നിട്ടപ്പോഴായിരുന്നു ശിശുവിന്റെ മരണം.

തുടർന്ന് പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ശിശുവിന്റെ മൃതദേഹം മേൽപ്പറമ്പ് ഒരവങ്കര ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി. കുട്ടിയുടെ മാതാപിതാക്കൾ കർണാടക സ്വദേശികളാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കുടുംബം മേൽപ്പറമ്പ് ഉമ്പായിച്ച കോട്ടേസിൽ താമസിച്ചു വരികയായിരുന്നു.

പ്രദേശവാസികളുമായി വലിയ ബന്ധങ്ങൾ ഇവർ പുലർത്തിയിരുന്നില്ലെന്നും, പള്ളി മഹല്ലിൽ അംഗത്വവും എടുത്തിരുന്നില്ലെന്നും നാട്ടുകാർ പറയുന്നു. എന്നാൽ കുഞ്ഞിന്റെ മൃതദേഹം കർണാടകയിലേക്ക് കൊണ്ടുപോകുന്നതിനുള്ള വലിയ സാമ്പത്തിക ചെലവും കുടുംബത്തിന്റെ പ്രയാസകരമായ സാഹചര്യവും പരിഗണിച്ചാണ് പള്ളി കമ്മിറ്റി മാനുഷിക നിലപാട് സ്വീകരിച്ചത്.

സാധാരണയായി രണ്ടു വയസ്സിന് താഴെയുള്ള കുട്ടികളെ മാത്രമാണ് ഒരവങ്കര മഹല്ല് പള്ളിയിൽ കബറടക്കാറുള്ളത്. പള്ളി കമ്മിറ്റിയിൽ അംഗത്വമില്ലാത്തത് സാങ്കേതിക തടസമായി മാറിയെങ്കിലും, മാനുഷിക പരിഗണനയ്ക്കാണ് കമ്മിറ്റി മുൻതൂക്കം നൽകിയത്.

ദുഃഖത്തിൽ മുങ്ങിയ കുടുംബത്തിന് ആശ്വാസമായി നാട്ടുകാരും പള്ളി കമ്മിറ്റി ഭാരവാഹികളും ഒപ്പമുണ്ടായിരുന്നു. മനുഷ്യസ്‌നേഹത്തിന്റെ ഉദാഹരണമായി മാറിയ ഈ സംഭവം പ്രദേശവാസികൾ വേദനയോടെയാണ് ഏറ്റെടുത്തത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *